ലഡാക്കിലെ നിയന്ത്രണരേഖയില്‍ ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ തമ്മില്‍ 11 ആഴ്ചയിലധികമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചത്താലത്തില്‍ അമേരിക്കയും ഇന്ത്യയും തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിനുള്ള നടപടികള്‍ നിശബ്ദമായി നടത്തിവരികയായിരുന്നു.ജൂണ്‍ മൂന്നാം വാരം ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക്കേല്‍ ആര്‍ പോംപിയോ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ രണ്ട് തവണ ഉന്നതതല ഫോണ്‍ സംഭാഷണങ്ങളും നടന്നു.കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവായ റോബര്‍ട്ട് സിഒബ്രീനുമായും ഡിഫന്‍സ് സ്റ്റാഫ് തലവന്‍ ജനറല്‍ ബിപിന്‍ റാവത്തും അമേരിക്കയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ മാര്‍ക്ക് എ മില്ലിയുമായും സംഭാഷണം നടന്നു.രണ്ടു രാജ്യങ്ങളുടേയും സുരക്ഷ, സൈനിക, ഇന്റലിജന്‍സ് വിഭാഗങ്ങള്‍ തമ്മില്‍ വിവരങ്ങള്‍ കൈമാറുന്നതിന് ഈ സംഭാഷണങ്ങള്‍ സഹായിച്ചു.തിങ്കളാഴ്ച്ച ഇരുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകള്‍ പങ്കെടുത്ത സൈനിക അഭ്യാസവും നടന്നിരുന്നു.പോംപിയോയും ജയശങ്കറും തമ്മില്‍ നടന്ന സംഭാഷണമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നിലവിലുള്ള സുരക്ഷാ സഹകരണത്തിന് പുതിയ ഊര്‍ജ്ജം പകര്‍ന്നത്. ജൂലൈ രണ്ടാം വാരം ഡിഫന്‍സ് സെക്രട്ടറി മാര്‍ക്ക് ടി എസ്പര്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനേയും വിളിച്ചിരുന്നു.നിയന്ത്രണരേഖയില്‍ ചൈനയുടെ സൈനിക, യുദ്ധോപകരണങ്ങളുടെ വിന്യാസത്തിന്റെ ഉപഗ്രഹ ചിത്രങ്ങള്‍, ചോര്‍ത്തിയെടുത്ത ടെലഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ കൈമാറി.