24 മണിക്കൂറില്‍ രാജ്യത്ത് 10,956 പേര്‍ക്ക് കൊവിഡ്

0

രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 10,956 പേര്‍ക്കാണ് പുതിയതായി രോഗം കണ്ടെത്തിയത്. ഇതോടെ കൊവിഡ് പിടിപ്പെട്ടവരുടെ എണ്ണം 2.97 ലക്ഷമായി ഉയര്‍ന്നു. ഇതില്‍ 1.47 ലക്ഷം പേരുടെ രോഗം ഭേദമായി. മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുത്തു. തമിഴ്നാട്ടില്‍ 38,000 ത്തിലധികം രോഗികളുണ്ട്. ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 34,000 പിന്നിട്ടു. പതിനായിരത്തിലേറെ പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ബ്രിട്ടനെ മറികടന്നു. ബ്രിട്ടനില്‍ 2,91,409 കൊവിഡ് രോഗികളാണുള്ളത്. ഗുജറാത്തില്‍ 1385 പേരും മഹാരാഷ്ട്രയില്‍ 3590 പേരും മരിച്ചു. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 8498 ആയി. മുംബൈ, ഡല്‍ഹി, ചെന്നൈ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരമാണ്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ കണ്ടെത്തിയ മഹാരാഷ്ട്രയില്‍ 97,648 പേര്‍ക്കാണ് രോഗമുള്ളത്. ഗുജറാത്തില്‍ 22,032 പേര്‍ക്കും രാജസ്ഥാനില്‍ 11,838 പേര്‍ക്കും ഉത്തര്‍ പ്രദേശില്‍ 12,088 പേര്‍ക്കും രോഗമുണ്ട്. ഡല്‍ഹിയില്‍ 1085 പേരും ബംഗാളില്‍ 442 പേരും മരിച്ചു.ഇന്ത്യയില്‍ മെയ് 24 മുതല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. അന്നേ ദിവസം പത്താം സ്ഥാനത്തായിരുന്ന ഇന്ത്യ കേവലം 18 ദിവസം കൊണ്ട്‌ നാലാം സ്ഥാനത്തെത്തി. രോഗ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ബ്രസീലും റഷ്യയുമാണ് ഇനി ഇന്ത്യയ്ക്ക് മുന്നില്‍ ഉള്ളത്. അമേരിക്കയില്‍ 20.89 ലക്ഷം, ബ്രസീലില്‍ 8.05 ലക്ഷം, റഷ്യയില്‍ 5.02 ലക്ഷം എന്നിങ്ങനെയാണ് രോഗം പിടിപെട്ടവരുടെ എണ്ണം.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് 1.36 ലക്ഷം പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 4,947 പേര്‍ മരിച്ചു. ബ്രസീലില്‍ 1200 ലേറെ പേരും അമേരിക്കയില്‍ 900 ത്തോളം പേരും മരിച്ചു. ഇതോടെ ലോകമെമ്ബാടും കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 4.23 ലക്ഷമായി ഉയര്‍ന്നു. റഷ്യയില്‍ രോഗികളുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. ബ്രസീലില്‍ എട്ടു ലക്ഷത്തിലേറെയാണ് കൊവിഡ് ബാധിതര്‍. ആഫ്രിക്കയില്‍ രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. പെറുവിലും ചിലിയിലും മെക്സിക്കോയിലും പുതിയതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലായിരത്തിലേറെയാണ്. അമേരിക്കയില്‍ 23,000 ത്തിലധികം പേര്‍ക്കും ബ്രസീലില്‍ 30,000 ത്തിലേറെ പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 75.83 ലക്ഷമായി. ഇതില്‍ 38.34 ലക്ഷം പേരുടെ രോഗം ഭേദമായി.

You might also like

Leave A Reply

Your email address will not be published.