വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.ജൂണ്‍ 24ന് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ജൂണ്‍ 25ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലും ജൂണ്‍ 26ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.ജൂണ്‍ 26ന് ഇടുക്കി ജില്ലയില്‍ അതിതീവ്ര മഴയ്ക്ക് (ഓറഞ്ച് അലര്‍ട്ട് )സാധ്യത പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 204 എംഎമ്മില്‍ അധികം മഴ ലഭിക്കുന്ന അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതിനാല്‍ തന്നെ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും കേന്ദ്ര കാലാവസ്ഥ വകുപ്പും കാലാവസ്ഥയില്‍ വരുന്ന മാറ്റങ്ങളെ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണ്. വരും ദിവസങ്ങളില്‍ മുന്നറിയിപ്പുകളില്‍ മാറ്റം വന്നേക്കാം.മലയോരമേഖലയില്‍ മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മലയോര മേഖലകളില്‍ രാത്രിയാത്രയ്ക്ക് നിയന്ത്രണം ഉണ്ട്. മഴ കനത്തതോടെ തീരമേഖലയില്‍ കടലാക്രമണ ഭീഷണിയുമുണ്ട്. സംസ്ഥാനത്തെ താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്.ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.