ലോക വിധവ ദിനം

0

ജൂൺ 23 ലോക വിധവ ദിനം

ഐക്യരാഷ്ട്രസഭയുടെ 2010 ലെ ജനറൽ അസംബ്ലിയുടെ തീരുമാന പ്രകാരം ആണ്‌ 2011 മുതൽ ജൂൺ 23 ലോക വിധവ ദിനം ആയി ആചരിക്കാൻ തീരുമാനിച്ചത്‌പങ്കാളി മരണപ്പെട്ട സ്ത്രീകളെയാണ് വിധവ (widow) എന്നു പറയുന്നത്. ഇതിന്‌ കൃത്യമായി ഒരു പുല്ലിംഗ പദമില്ല. എങ്കിലും പങ്കാളി മരണപ്പെട്ട പുരുഷനെ ഭാര്യ ഇല്ലാത്തവൻ എന്ന അർത്ഥത്തിൽ ‘വിഭാര്യൻ’ (widower) എന്നു വിളിക്കുന്നു. വിധവയുടെ പുനർവിവാഹവും സംരക്ഷണവും ഓരോ മതങ്ങളിലും സമൂഹങ്ങളിലും വ്യത്യസ്ത രീതിയിലാണ് കാണപ്പെടുന്നത്. വിധവകളുടെ അവകാശങ്ങൾക്കായി പല സർക്കാരുകളും പല പദ്ധതികളും നടത്തി വരുന്നു. സമൂഹത്തിൽ ഇവർ ജീവിക്കാൻ പലപ്പോഴും പ്രശ്നങ്ങൾ നേരിടുന്നു. തൊഴിൽപരമായും സാമ്പത്തികമായും പുനർവിവാഹത്തിനും വിധവകൾക്ക് പ്രശ്നങ്ങളെ നേരിടേണ്ടി വരാറുണ്ട്. ഇത് ലിംഗവിവേചനത്തിന്റെ ഭാഗമായാണ് കണക്കാക്കപ്പെടുന്നത്. പങ്കാളി മരണപ്പെട്ട അവസ്ഥയെ ‘വൈധവ്യം’ എന്നു വിളിക്കുന്നു. വിവാഹമോചനശേഷം പങ്കാളി മരിച്ചവരെ ഈ വാക്കുകൊണ്ട് വിവക്ഷിക്കാറില്ല.യൌവനത്തിൽ തന്നെ ഭർത്താവു നഷ്ടപ്പെട്ടു വിധവ എന്ന് പേരും വാങ്ങി, ജീവിതം നയിക്കുന്ന എത്ര സഹോദരിമാർ നമുക്കിടയിൽ ഉണ്ട്! അതുപോലെ തന്നെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട സ്ത്രീകളും. പുറമേ ഒരു മ്ലാനമായ പുഞ്ചിരി നമുക്ക് നേരെ സമ്മാനിക്കും എങ്കിലും അവരുടെ മനസ്സിൽ അവർ അനുഭവിച്ചു തീർക്കുന്ന വേദന ചില്ലറയൊന്നുമല്ല. ഭർത്താവു മരിച്ച ആദ്യ കാലങ്ങളിൽ കുടുംബത്തിന്റെയും സമൂഹത്തിന്റെയും, സഹതാപവും സഹാനുഭൂതിയും ലഭിച്ചു എങ്കിലും കാലക്രെമേണ ഈ സഹതാപമൊക്കെയങ്ങു വെറുപ്പായി മാറും. അങ്ങനെ പടിപടിയായി കുടുംബത്തിലും സമൂഹത്തിലും ഇവർ ഒതുക്കപ്പെട്ടവർ ആകുന്നു.മതങ്ങൾ സർവാധിപത്യം നടത്തുന്ന നമ്മുടെ സമൂഹം മതപരമായ പല ചടങ്ങുകളിലും ഈ സ്ത്രീകളെ പങ്കെടുക്കാൻ അനുവദിക്കാറില്ല എന്നുള്ളത് പരമാർത്ഥം. തന്റെ കുടുംബത്തിൽ തന്നെ നടക്കുന്ന ആഘോഷങ്ങളിലും മറക്ക് പിറകിൽ മറഞ്ഞിരുന്നൊരു നിരീക്ഷണമേ പലപ്പോഴും ഇവര്‍ക്ക് അനുഭവിക്കാൻ കഴിയൂ.എന്തൊരു വിരോധാഭാസം. ഈ ചട്ടങ്ങൾ ഒക്കെയും ആര് കൊണ്ടുവരുന്നു. നമ്മുടെ സമൂഹം തന്നെ! അല്ലാതെ ആര്? വിധി നിർണയിക്കുന്നതും നടപ്പാക്കുന്നതും എല്ലാം സമൂഹം തന്നെ. ഭർത്താവു നഷ്ടപ്പെട്ടു എന്ന ഒറ്റ കാരണത്താൽ ആജീവനാന്തം സന്ന്യാസിനി ആയി ജീവിച്ചു മരിക്കണം എന്ന് ഏതു മതഗ്രന്ഥം പറഞ്ഞിട്ടുണ്ട്? അങ്ങനെ ഒരു മതഗ്രന്ഥത്തിലും പരാമര്‍ശിക്കപ്പെട്ടിട്ടില്ല എന്നാണ് എന്റെ അറിവ്. ഭർത്താവു മരിച്ച സ്ത്രീയെ വിധവ എന്നു വിളിക്കുമ്പോൾ ഭാര്യ മരിച്ച ഭർത്താവിനെ വിധവൻ എന്നല്ലേ പറയേണ്ടത്. എന്നാല്‍ സമൂഹങ്ങള്‍ ഒരു ഭർത്താവിനെയും നീ ഭാര്യ മരിച്ചുപോയ വിധവൻ എന്നുകരുതി മാറ്റി നിർതുന്നില്ലല്ലൊ. ഭാര്യയുടെ ശവദാഹം നടന്ന അടുത്ത ദിവസം തന്നെ അയാൾക്ക്‌ മറു കല്ല്യാണം നടത്താൻ വട്ടംകൂട്ടുന്ന ബന്ധുക്കളെ നമ്മിൽ പലരും കണ്ടിട്ടില്ലേ?അപ്പോൾ ഈ വിഷയത്തിൽ സ്ത്രീക്ക് ഒരു ന്യായവും പുരുഷന് മറ്റൊരു ന്യായവുമോ? വിധവകൾ ആകുന്ന സ്‌ത്രീകൾ മറ്റൊരു വിവാഹത്തിന് മാനസീകമായി തയ്യാറാവാൻ കുറച്ചു വിമുഖത കാട്ടാറുണ്ട്‌; എങ്കിലും അവരെ സ്നേഹിക്കുന്ന കുടുംബംഗങ്ങൾ നിര്‍ബന്ധമായി അവരെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിക്കണം. അതാണ്‌ അവളുടെ ജീവിതത്തിനു നിങ്ങൾ ചെയ്യാവുന്ന ഏറ്റവും നന്മയുള്ള കാര്യം. ജീവിതം മുഴുവൻ മരിച്ചുപോയ ഭർത്താവിന്റെ ചിന്തയിൽ മാത്രം ഒരു സ്ത്രീ ജീവിക്കണം എന്ന് ചിന്തിക്കുന്നതുതന്നെ മണ്ടത്തരം ആണ്. സമൂഹം ഒരിക്കലും അവളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ല. പാതിവൃത്യവും ചാരിത്ര്യവും വാ കീറി വിളിച്ചു കൂവുന്ന സദാചാരസമൂഹം ഇവളെ സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കുമോ? വിധവ ആയി എന്ന കാരണത്താൽ ആ സ്ത്രീയുടെ ആഗ്രഹ അഭിലാക്ഷങ്ങൾ അവൾ അവിടെ ഹോമിക്കുന്നു, ഒരു അന്യപുരുഷനോട് എങ്ങാനും ഒന്ന് സംസാരിച്ചു പോയാൽ പിന്നെ തീർന്നു. പിന്നെ അവൾക്കൊരു പേര് വീഴും, അഭിസാരിക! കാരണം ചിലർക്കൊക്കെ ഒരു ധാരണയുണ്ട്, പുരുഷൻ മരിച്ചതിനാൽ അവൾ മറ്റൊരു പുരുഷ സാമീപ്യം ആഗ്രഹിക്കുന്നു എന്നൊക്കെ. ഈ സ്ത്രീ കുറച്ചു സുന്ദരിയും യൗനയുക്തയും കൂടിയാണെങ്കിൽ പറയുകയും വേണ്ട. പിന്നെ പരദൂഷണത്തിന്റെ പെരുമ്പറ കൊട്ടാൻ അധിക നേരമൊന്നും വേണ്ട. പലപ്പോഴും ഈ വിധവയായ സ്ത്രീയെ കുരിശിൽ നിർത്തി ആണിയടിക്കാൻ മറ്റൊരു സ്ത്രീ തന്നെയായിരിക്കും മുൻപിൽ ഉണ്ടാവുക എന്നുള്ളതും ദുഖകരമായ നഗ്ന സത്യം ആണ്.സഹോദരിമാരെ, സമൂഹം നിങ്ങള്‍ക്ക് വിധവ എന്ന് നാമകരണം ചെയ്തു എങ്കിലും, ആജീവനാന്തം ഈ പേരും ചുമന്നു ജീവിക്കാൻ ആണോ നിങ്ങളുടെ തീരുമാനം? ഒരിക്കലും ആയിരിക്കരുത്, അങ്ങനെയുള്ള ജീവിതം മരണം വരേയ്ക്കും നിങ്ങൾ പതിവ്രതകളായി ജീവിച്ചാലും സമൂഹം നിങ്ങളെ അപമാനിച്ചു കൊണ്ടുതന്നെ ഇരിക്കും,.ബാക്കിയുള്ള നിങ്ങളുടെ ജീവിതം സുരക്ഷിതമായി മുൻപോട്ടു പോകാൻ നല്ല മനസ്സും നട്ടെല്ലും ഉള്ള ഒരു പുരുഷൻ നിങ്ങളെ സംരക്ഷിക്കാൻ തയ്യാറായാൽ നിങ്ങൾ മടിക്കരുത്. ലോഹ നിർമിതമല്ല പെണ്ണിന്റെ മനസ്സും ശരീരവും, മജ്ജയും മാംസവും കൊണ്ട് തീർത്തവ തന്നെ, സമൂഹത്തിലുള്ള സദാചാരജീവികൾ അല്ല നിങ്ങളുടെ ജീവിതം തീരുമാനിക്കേണ്ടത്. ദുർബലതകൾക്ക് നേരെ മാത്രമാണ് സദാചാര കാറ്റ് വീശുന്നത്. നായെ കണ്ടു ഓടിയാൽ , കൂടെ ഓടിവന്നു കുതികാലിൽ കടിക്കുന്നത് നായുടെ ഗുണം. ഒരു നിമിഷം തിരിഞ്ഞുനിന്ന് കുനിഞ്ഞൊരു കല്ലെടുത്ത്‌ കാണിച്ചാൽ നായ് പിന്നോട്ട് തിരിഞ്ഞോടി പോകും. ഇതുപോലെയാണ് നമ്മുടെ സമൂഹത്തിൽ പെട്ട സദാചാരവാദികളും. ജീവിതം അത് എല്ലാവര്‍ക്കും ഒന്നേയുള്ളൂ. നമ്മുടെ ജീവിതത്തിന്റെ ഗതി വിഗതികൾ തീരുമാനിക്കുന്നത് നമ്മൾ മാത്രമായിരിക്കണം,…ഓരോദിനവും കണ്ണുനീർ കുടിച്ചു ദാഹം അകറ്റണം എന്ന് ഒരു പെണ്ണിന്റെയും തലയിൽ എഴുതിയിട്ടില്ല. നിങ്ങളുടെ ദുർബലതയെ ചൂഷണം ചെയ്യുന്ന സമൂഹത്തെ പുറംകാലുകൊണ്ട്‌ തട്ടിത്തെറിപ്പിക്കൂ. അവസരവാദികൾ വരച്ച ലക്ഷ്മണ രേഖയ്ക്കുള്ളീല്‍ തളച്ചിടാന്‍ ഒരു പെണ്ണും ലോകത്തിൽ ജനിച്ചിട്ടില്ല. നിങ്ങളുടെ വിധി നിര്‍ണയിക്കുന്നത് നിങ്ങൾ മാത്രമാകട്ടെ.

You might also like

Leave A Reply

Your email address will not be published.