27-05-1964 ജവഹർലാൽ നെഹ്രു – ചരമദിനം

0

ജവഹർലാൽ നെഹ്രു (നവംബർ 14, 1889 – മേയ് 27, 1964) ആധുനിക ഇന്ത്യയുടെ ശില്പി എന്നു വിശേഷിപ്പിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി. ഇന്ത്യൻ സ്വാതന്ത്ര്യ സമരനേതാവ് രാഷ്ട്രീയ തത്ത്വചിന്തകൻ, ഗ്രന്ഥകർത്താവ്‌, ചരിത്രകാരൻ എന്നീ നിലകളിലെല്ലാം വ്യക്തിമുദ്രപതിപ്പിച്ച നെഹ്രു രാജ്യാന്തരതലത്തിൽ ചേരിചേരാനയം അവതരിപ്പിച്ചും ശ്രദ്ധനേടിയിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ആശിസ്സുകളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പ്പോരാളിയായി മാറിയ ഇദ്ദേഹം ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ 1947 മുതൽ 1964ൽ മരിക്കുന്നതു വരെ ഇന്ത്യയുടെ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു. . സോഷ്യലിസത്തിലൂന്നിയ നെഹ്രുവിന്റെ രാഷ്ട്രീയദർശനങ്ങളാണ്‌ നാലുപതിറ്റാണ്ടോളം ഇന്ത്യയെ നയിച്ചത്‌. അദ്ദേഹത്തിന്റെ ഏകമകൾ ഇന്ദിരാ ഗാന്ധിയും ചെറുമകൻ രാജീവ്‌ ഗാന്ധിയും പിന്നീട്‌ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്‌.

ലണ്ടനിലെ പ്രശസ്തമായ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നുമാണ് നെഹ്രു ബിരുദം കരസ്ഥമാക്കിയത്. സർവ്വകലാശാലയിലെ ഇന്നർ ടെംപിളിൽ നിന്നും വക്കീൽ ആകുവാനുള്ള പരിശീലനവും നെഹ്രു പൂർത്തിയാക്കി. വിദ്യാഭ്യാസം കഴിഞ്ഞ് ഇന്ത്യയിലേക്കു തിരിച്ചു വന്ന നെഹ്രു അലഹബാദ് കോടതിയിൽ അഭിഭാഷകനായി ഉദ്യോഗം ആരംഭിച്ചു. ഇക്കാലയളവിൽ അദ്ദേഹത്തിന് രാഷ്ട്രീയത്തോടും താൽപര്യമുണ്ടായിരുന്നു. പതുക്കെ അഭിഭാഷകജോലി വിട്ട് നെഹ്രു മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ചേക്കേറി. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിലെ ഇടതുപക്ഷ ചിന്താഗതി വെച്ചു പുലർത്തുന്നവരോടൊപ്പം നിൽക്കാനാണ് നെഹ്രു താൽപര്യപ്പെട്ടത്.. തന്റെ മാർഗ്ഗദർശി കൂടിയായ മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ അനുഗ്രഹത്തോടേയും, മൗനസമ്മതത്തോടേയും നെഹ്രു കോൺഗ്രസ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി മാറി. ബ്രിട്ടനിൽ നിന്നും ഇന്ത്യക്കു പൂർണ്ണ സ്വാതന്ത്ര്യം വേണമെന്ന് ജവഹർലാൽ ഉറക്കെ പ്രഖ്യാപിച്ചു.ഇടതുപക്ഷ പരമായ കോൺഗ്രസ്സിന്റെ നയങ്ങൾക്ക് ആക്കം കൂട്ടുകയും ചെയ്തു.

സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിൽ 1930 കളിൽ ഇന്ത്യൻ രാഷ്ട്രീയത്തെ മുന്നിൽ നിന്നു നയിച്ചത് കോൺഗ്രസ്സും അതിന്റെ തലവനായിരുന്ന ജവഹർലാൽ നെഹ്രുവുമായിരുന്നു. മതനിരപേക്ഷമായ ഒരു ഭാരതം എന്ന നെഹ്രുവിന്റെ ആശയങ്ങൾ 1937 ലെ പ്രൊവിൻഷ്യൽ തിരഞ്ഞെടുപ്പ് തൂത്തുവാരിയപ്പോഴെ ഏതാണ്ട് തെളിയിക്കപ്പെട്ടിരുന്നു. മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിൽ അമ്പേ പരാജയമായിരുന്നു. എന്നാൽ 1942ലെ ക്വിറ്റ് ഇന്ത്യാ മുന്നേറ്റം അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ ആകെ തകിടം മറിച്ചു. ബ്രിട്ടീഷുകാർ കോൺഗ്രസ്സിന്റെ ഒരു രാഷ്ട്രീയ സംഘടന എന്ന നിലയിൽ നിന്ന് തകർത്തുകളഞ്ഞിരുന്നു. ലോകമഹായുദ്ധസമയത്ത് സഖ്യശക്തികളെ ശക്തിപ്പെടുത്താനുദ്ദേശിച്ചിരുന്ന നെഹ്രൂ, ഗാന്ധിജിയുടെ പൂർണ്ണസ്വാതന്ത്ര്യം ഉടനെ വേണമെന്ന ആവശ്യം മനസ്സില്ലാമനസ്സോടെ കൈക്കൊണ്ടു എങ്കിലും ജയിലിലേക്ക് പോകേണ്ട അവസ്ഥ വന്നു. ഒരു നീണ്ട കാലത്തെ ജയിൽവാസത്തിനുശേഷം തികച്ചും പുതിയ രാഷ്ട്രീയ കാലാവസ്ഥയിലേക്കാണ് നെഹ്രു മടങ്ങി വന്നത്. മുസ്ലീം ലീഗും അതിന്റെ നേതാവ് , നെഹ്രു വെറുത്തു തുടങ്ങിയിരുന്ന മുഹമ്മദാലി ജിന്നയും അപ്പോഴേക്കും വളരെ പ്രധാനപ്പെട്ട ഒരു ശക്തിയായി മാറി മുസ്ലീം രാഷ്ട്രീയത്തെ ഗ്രസിച്ചുതുടങ്ങിയിരുന്നു. നെഹ്രുവും ജിന്നയും തമ്മിൽ അധികാരം പങ്കുവെക്കുന്നതിനേച്ചൊല്ലിയുള്ള തർക്കങ്ങൾ നിരാശാജനകമാകുകയും 1947ൽ ഇന്ത്യയെ രക്തരൂക്ഷിതമായ പിളർപ്പിലേക്കു നയിക്കുകയും ചെയ്തു

ഇന്ത്യയുടെ ആദ്യ പ്രധാനമനന്ത്രിയായി നെഹ്രുവിനെ കോൺഗ്രസ് തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ഗാന്ധി തൻറെ രാഷ്ട്രീയ പിൻഗാമിയായി നെഹ്രുവിനെ കണ്ടുതുടങ്ങിയ 1941 ലേ തന്നെ നേതൃത്വത്തിന്റെ വിഷയത്തിൽ തീരുമാനമായിരുന്നു.പ്രധാനമന്ത്രി എന്ന നിലയിൽ ഭാവി ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കി തീർക്കാനുള്ള ഒരു പദ്ധതി നെഹ്രു ആവിഷ്കരിച്ചു. സാമൂഹിക,സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് നവീകരണപദ്ധതികൾ നെഹ്രു നടപ്പിലാക്കുകയുണ്ടായി. നെഹ്രുവിന്റെ നേതൃത്വകാലത്ത് കോൺഗ്രസ്സ് ഒരു വൻ രാഷ്ട്രീയപാർട്ടിയായി മാറി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായി മൂന്നു പൊതുതിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ്സ് വിജയം കൈവരിച്ചു. ലോകോത്തരനിലവാരത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി, ഇംഗ്ലീഷ് ഭാഷയുടെ വ്യാപകമായ പ്രചാരം എന്നിവയിലെല്ലാം നെഹ്രുവിന്റെ ദീർഘവീക്ഷണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും കാണാവുന്നതാണ്. കോളനി വാഴ്ചയിൽ നിന്നും ഇന്ത്യക്കൊപ്പം മോചിതമായ മറ്റു പല രാജ്യങ്ങളും സ്വേഛാധിപത്യത്തിന്റെ പിടിയലമർന്നപ്പോഴും ഇന്ത്യയിൽ ജനാധിപത്യം കരുത്തോടെ തഴച്ചുവളർന്നത് ജവഹർലാൽ നെഹ്രുവിന്റെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 രാജ്യം ശിശുദിനമായി ആഘോഷിക്കുന്നു.

*മരണം*

1962 നുശേഷം നെഹ്രുവിന്റെ ആരോഗ്യം ക്ഷയിക്കാൻ തുടങ്ങി. നെഹ്രു ഏറെ വിശ്വാസമർപ്പിച്ചിരുന്ന ചൈനയിൽ നിന്നേറ്റ് ചതിയാണ് നെഹ്രു പെട്ടെന്ന് രോഗബാധിതനാവാനുണ്ടായ കാരണമെന്ന് ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. 1964 ൽ നെഹ്രുവിന് ഹൃദയാഘാതമുണ്ടായി. കാശ്മീരിൽ നിന്നും തിരിച്ചുവന്ന ഉടനെയായിരുന്നു ഇത്. 27 മെയ് 1964 ന് മദ്ധ്യാഹ്നത്തോടെ നെഹ്രു അന്തരിച്ചു. അന്നേ ദിവസം ഉച്ചക്ക് രണ്ട് മണിക്ക് നെഹ്രുവിന്റെ മരണം ലോക സഭയിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യമുനാനദിയുടെ കരയിലുള്ള ശാന്തിവനത്തിൽ ഹൈന്ദവാചാരങ്ങളോടെ അദ്ദേഹത്തിന്റെ മരണാനന്തരകർമ്മങ്ങൾ നടത്തി. ഏതാണ്ട് 15 ലക്ഷത്തോളം ജനങ്ങളാണ് നെഹ്രുവിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.

*മതം*

ഒരു ഹിന്ദു അജ്ഞേയതാവാദിയായി വിശേഷിക്കപ്പെട്ട നെഹ്രു മതപരമായ വിലക്കുകൾ ഇന്ത്യയുടെ മുന്നോട്ടുള്ള വളർച്ചയെ തടയുമെന്നും ആധുനിക സാഹചര്യങ്ങളെ സ്വീകരിക്കുന്നതിൽ നിന്നു പിന്നോക്കം വലിക്കുമെന്നും വിചാരിച്ചു. തന്റെ ആത്മകഥയിൽ ക്രിസ്തുമതത്തെ കുറിച്ചും ഇസ്ലാം മതത്തെ , കുറിച്ചും വിശകലനം ചെയ്തിട്ടുള്ള നെഹ്രു ഇവയുടെ ഇന്ത്യയിലെ സ്വാധീനത്തെ കുറിച്ചും രേഖപ്പെടുത്തുന്നുണ്ട്.ഇന്ത്യയെ ഒരു മതേതര രാജ്യമായി കാണാൻ ആഗ്രഹിച്ച നെഹ്രുവിന്റെ മതേതര നയങ്ങൾ പലപ്പോഴും ചർച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്.

*വ്യക്തിജീവിതം*

നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമായ നെഹ്രു 1916 ൽ കമലാ കൗളിനെ വിവാഹം ചെയ്തു. ഇവർക്ക് ജനിച്ച ഏക മകളായിരുന്നു ഇന്ദിര.1942-ൽ ഇന്ദിരാഗാന്ധി ഫിറോസ് ഗാന്ധി വിവാഹം നടന്നു.ഇവർക്ക് രാജീവ് (ജനനം 1944.) സഞ്ജയ് (ബി 1946.) എന്ന പേരിൽ ഉള്ള ആൺ കുട്ടികൾ പിറന്നു.

ഇന്ത്യയുടെ അവസാന വൈസ്രോയ് ആയിരുന്ന മൗണ്ട്ബാറ്റൺ പ്രഭുവിന്റെ ഭാര്യയായിരുന്ന എഡ്വിനയുമായി നെഹ്രു ശക്തമായ ഒരു ബന്ധം പുല൪ത്തിയിരുന്നു.ഇതിനു പുറമെ ശ്രദ്ധ മാതാ,പദ്മജ നായിഡു എന്നിവരുമായും നെഹ്രുവിനു അടുത്ത ബന്ധമുണ്ടായിരുന്നു.

*മഹത്ത്വം*

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി,വിദേശകാര്യ മന്ത്രി എന്നീ നിലയിൽ ജവഹർലാൽ നെഹ്റു ആധുനിക ഇന്ത്യയുടെ സർക്കാർ,രാഷ്ട്രീയ സംസ്കാരം വളരെ നല്ല വിദേശ നയത്തിന്റെ സഹായത്തോടെ രൂപപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.രാജ്യവ്യാപകമായി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായിട്ടുള്ള നെഹ്രുവിന്റെ നടപടികൾ വളരെ പ്രശംസ നേടിയിട്ടുണ്ട്. നെഹ്റുവിന്റെ വിദ്യാഭ്യാസ നയങ്ങൾ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വികസനത്തിന് കാരണമായിട്ടുണ്ട്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി , ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്‌മെന്റ് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തുടങ്ങിയ ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളെല്ലാം തുടങ്ങിയത് നെഹ്രു ഇന്ത്യയെ നയിച്ചിരുന്ന കാലത്താണ്

“നെഹ്റു മഹാനായിരുന്നു … നെഹ്റു ഇന്ത്യക്കാർക്ക് അവരുടെ അസ്തിത്വം നൽകി. ഇതിൽ മറ്റുള്ളവർ വിജയിക്കും എന്നു ഞാൻ കരുതുന്നില്ല – സർ യെശയ്യാവു ബെർലിൻ
ചരിത്രകാരൻ രാമചന്ദ്ര ഗുഹ നെഹ്റു 1958 – ൽ നെഹ്രു വിരമിച്ചിരുന്നുവെങ്കിൽ ” ഇന്ത്യയുടെ മികച്ച പ്രധാനമന്ത്രി എന്നതിലുപരി ആധുനിക ലോകത്തിലെ മികച്ച ഭരണകർത്താക്കൾ ഒരാളായി ഓർമിക്കപെടുമായിരുന്നു.. ” എന്നു അഭിപ്രായപ്പെട്ടു.”

*നെഹ്രുവിന്റെ ഓർമയ്ക്ക്*

1989-ൽ സോവിയറ്റ് യൂണിയൻ പുറത്തിറക്കിയ സ്റ്റാമ്പ്
നെഹ്രുവിന്റെ ജന്മദിനം ഭാരതത്തിൽ ശിശുദിനമായി ആചരിക്കുന്നു.. കുട്ടികളോടുള്ള സ്നേഹവും, അവരുടെ ക്ഷേമത്തിനും, വിദ്യാഭ്യാസത്തിനുമായി ചെയ്ത സംഭാവനകൾ കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ ജന്മദിനം രാജ്യം ഇങ്ങനെ ആചരിക്കുന്നത്. രാജ്യത്തെമ്പാടുമുള്ള കുട്ടികൾക്ക് നെഹ്രു ചാച്ചാ നെഹ്രു ആയിരുന്നു.ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പലപ്പോഴും നെഹ്രുവിന്റെ വസ്ത്ര രീതിയും മറ്റും പ്രത്യേകിച്ച് ഗാന്ധി തൊപ്പിയും നെഹ്രു ജാക്കറ്റും ഉപയോഗികാറുണ്ട്. നെഹ്രുവിനോടുള്ള സ്നേഹവും ആദരവും അദ്ദേഹത്തിന്റെ മകളായി ഇന്ദിരക്ക് രാഷ്ട്രീയ പ്രവേശനവും ഉയർച്ചയും ത്വരിതപ്പെടുത്തുവാൻ സഹായിച്ചു.

നെഹ്രുവിനോടുള്ള ആദരപൂർവ്വം പൊതുസ്ഥാപനങ്ങൾക്ക് അദ്ദേഹത്തിന്റെ പേരു നൽകിയിട്ടുണ്ട്. ഇന്ത്യയിലെ മികച്ച സർവ്വകലാശാലകളിലൊന്നായ ഡെൽഹിയിലെ ജവഹർലാൽ നെഹ്രു സർവകലാശാല, മുംബൈയിലെ ആധുനിക തുറമുഖമായ ജവഹർലാൽ നെഹ്രു പോർട്ട് എന്നിവ ഇന്ത്യയുടെ ഭാവിയെക്കുറിച്ചുള്ള ദീർഘവീക്ഷണത്തിനോടുള്ള ആദരവായിട്ട് രാജ്യം നാമകരണം ചെയ്തതാണ്. നെഹ്രു അധികാരത്തിലിരുന്നപ്പോൾ താമസിച്ചിരുന്ന ഡെൽഹിയിലെ തീൻ മൂർത്തി ഭവൻ എന്ന വീട് ഇപ്പോൾ ഒരു മ്യൂസിയമായി സംരക്ഷിച്ചിരിക്കുന്നു.

*രചനകൾ*

നെഹ്രു ഒരു മികച്ച ഗ്രന്ഥകാരൻ കൂടിയായിരുന്നു. ഇന്ത്യയെ കണ്ടെത്തൽ, ലോകചരിത്രാവലോകനം എന്നിവ ഇദ്ദേഹത്തിന്റെ പ്രശസ്ത ഗ്രന്ഥങ്ങളാണ്‌. 1955-ലാണ്‌ ജവഹർലാൽ നെഹ്രുവിന്‌ ഭാരതരത്നം ബഹുമതി സമ്മാനിച്ചത്.

ദ ഡിസ്കവറി ഓഫ് ഇന്ത്യ
ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി
ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ‍ഡോട്ടർ

എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്
മഹാത്മാ ഗാന്ധി
ദ എസ്സൻഷ്യൽ റൈറ്റിംഗ്സ്
ആൻ ആന്തോളജി
ലെറ്റേഴ്സ് ടു ചീഫ് മിനിസ്റ്റേഴ്സ്

*ബഹുമതികൾ*

ഒരു കുടുബത്തിലെ മൂന്ന് പേർക്ക് ഭാരതരത്നം ലഭിച്ചിട്ടുള്ളത് നെഹ്രുകുടുംബത്തിനാണ്‌. പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്‌ 1955-ലും,മകൾ ഇന്ദിരാഗാന്ധിക്ക് 1971-ലും നെഹ്രുവിന്റ ചെറുമകൻ രാജീവ്ഗാന്ധിക്ക് 1991-ലും ഭാരതരത്നം സമ്മാനിക്കപ്പെട്ടു.മൂന്നുപേരും ഇന്ത്യൻപ്രധാനമന്ത്രിമാരായിരുന്നു. നെഹ്രുവിനും ഇന്ദിരാഗാന്ധിക്കും പ്രധാനമന്ത്രിമാരായിരിക്കുമ്പോഴാണ്‌ ഭാരതരത്നം ലഭിച്ചത്.രാജീവ്ഗാന്ധിക്ക് മരണാനന്തര ബഹുമതിയായാണ്‌ ഈ പുരസ്കാരം സമ്മാനിച്ചത്.

You might also like

Leave A Reply

Your email address will not be published.