14-05-1973 അമേരിക്കൻ ബഹിരാകാശ നിലയം ‘സ്കൈലാബ്‌’ വിക്ഷേപിക്കപ്പെട്ടു

0

മനുഷ്യന്റെ ബഹിരാകാശ സ്വപ്നങ്ങൾക്ക് കരുത്ത് പകരുന്നതിൽ നിർണായകമായ പങ്ക് വഹിച്ച പേടകമാണ് സ്കൈലാബ്. ബഹിരാകാശത്ത് ഇടം കണ്ടെത്താനുള്ള മനുഷ്യന്റെ ശ്രമങ്ങൾ ഇന്ന് അന്താരാഷ്ട്ര ബഹിരാകാശകേന്ദ്രംവരെ എത്തിനിൽക്കുന്നു. ഉജ്ജ്വലമായ ഈ നേട്ടത്തിന് നാം കടപ്പെട്ടിരിക്കുന്നത് സ്കൈലാബിന്റെ പ്രവർത്തനങ്ങളിൽ നിന്ന് ലഭിച്ച വിലമതിക്കാനാവാത്ത വിവരങ്ങളോടാണ്. 1973 മേയ് 14ന് വിക്ഷേപിച്ച സ്കൈലാബ് ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ച് ദൗത്യമവസാനിപ്പിച്ചത് 1979 ജൂലായ് 11 നാണ്. സോവിയറ്റ് യൂണിയന്റെ സൊയൂസ് 11 എന്ന പേടകത്തിന് സംഭവിച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ സ്കൈലാബിന്റെ വിജയത്തെ നോക്കിക്കാണേണ്ടത്. ചരിത്രത്തിലെ ആദ്യ ബഹിരാകാശനിലയം സോവിയറ്റ് യൂണിയന്റെ സല്യൂട്ട് 1 തന്നെ. 1971 ഏപ്രിൽ 19ന് വിക്ഷേപിച്ച സല്യൂട്ട് 1 ലേക്ക് യാത്രതിരിച്ച സൊയൂസ് 11 ലെ സഞ്ചാരികൾക്ക് വിജയകരമായ പ്രവർത്തനങ്ങൾക്കു ശേഷം ഭൂമിയിൽ പ്രവേശിക്കാൻ സാധിച്ചില്ല. വാൽവുകളുടെ തകരാറിനെത്തുടർന്ന് ഭൂമിയിലേക്ക് പ്രവേശിക്കുമ്പോൾ ശ്വാസതടസ്സത്തെ തുടർന്ന് അതിലുണ്ടായിരുന്ന മൂന്ന് സഞ്ചാരികളും മരിച്ചു. സല്യൂട്ട് 1 മുതൽ സല്യൂട്ട് 7 വരെയുള്ള ബഹിരാകാശനിലയങ്ങൾ സോവിയറ്റ് യൂണിയന് വിജയപതാക നാട്ടാനുള്ള അവസരം നൽകിയെങ്കിലും പൂർണമായ വിജയം നേടിയ ആദ്യ ബഹിരാകാശനിലയം സൃഷ്ടിച്ചതിന്റെ മഹിമ അമേരിക്കയ്ക്ക് അവകാശപ്പെട്ടതാണ്. സ്കൈലാബിന്റെ വിജയം അമേരിക്കയ്ക്ക് ബഹിരാകാശരംഗത്ത് മേൽക്കോയ്മ നേടിക്കൊടുത്തു. നാസയുടെ അപ്പോളോ ചാന്ദ്രയാത്രാ പദ്ധതിയുടെ ഒരു വികസിത രൂപമാണ് സ്കൈലാബ്. മനുഷ്യന്റെ ബഹിരാകാശ ജീവിതത്തെക്കുറിച്ചും ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ചും നിരവധി പരീക്ഷണങ്ങൾക്ക് കാരണമായ പദ്ധതി. സാറ്റേൺ അഞ്ച് എന്ന റോക്കറ്റാണ് ഇതിനായി ഉപയോഗിച്ചത്. നൂറടിയോളം നീളവും 22 അടി വ്യാസവുമുള്ള സ്കൈലാബിന്റെ ഭാരം എഴുപത്തയ്യായിരം കിലോഗ്രാമായിരുന്നു. വിക്ഷേപിക്കപ്പെട്ട കാലത്തെ ഏറ്റവും വലിയ ശാസ്ത്രപേടകമായിരുന്ന സ്കൈലാബിൽ ഭൂഗുരുത്വ പരീക്ഷണശാല, ഭൂമിയെക്കുറിച്ച് പഠിക്കാനുള്ള ഉപകരണങ്ങൾ എന്നിവയുണ്ടായിരുന്നു. ഭൂമിയിൽ നിന്നകലെ ഒരുഭവനം എന്ന രീതിയിൽ നിർമിച്ച സ്കൈലാബിൽ കുളിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും മറ്റുമുള്ള സംവിധാനങ്ങളുണ്ടായിരുന്നു. അപ്പോളോ ടെലസ്കോപ്പ് മൗണ്ട് എന്ന സൗരനിരീക്ഷണ കേന്ദ്രമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണശാല. മൂന്നു പ്രാവശ്യമായിരുന്നു ബഹിരാകാശനിലയമായ സ്കൈലാബിലേക്ക് മനുഷ്യരുടെ യാത്ര. 1973 മേയ് 25ന് പീറ്റ് കോൺറാഡ്, പോൾ വെയ്ത്സ്, ജോസഫ് കെർവിൻ എന്നിവർ സ്കൈലാബിലെത്തി 28 ദിവസം താമസിച്ചു. അലൻവീൻ, ജാക്ക് ലൂസ്മ, ഓവൻ ഗാരിയറ്റ് എന്നിവരടങ്ങിയ രണ്ടാമത്തെ സംഘം 1973 ജൂലായ് 28 ന് ബഹിരാകാശനിലയത്തിലെത്തി 59 ദിവസങ്ങൾ ചെലവിട്ടു. ഏറ്റവും കൂടുതൽ ദിവസങ്ങൾ ചെലവിട്ട മൂന്നാമത്തെ സംഘം 1973 നവംബർ 16ന് സ്കൈലാബിലെത്തി. 84 ദിവസങ്ങൾ ചെലവിട്ടു. ജെറാർഡ് കാർ, വില്യം പോഗ്, എഡ്വേർഡ് ഗിബ്സൺ എന്നിവരായിരുന്നു അവർ. ആ സംഘം അവസാനത്തേതായിരുന്നു.

ആദ്യസംഘം നേരിട്ട ഏറ്റവും വലിയ പരീക്ഷണം വിക്ഷേപണസമയത്ത് ഇളകിമാറിയ ഉൽക്കാപ്രതിരോധ സംവിധാനമായിരുന്നു. അതിനോടൊപ്പം കേടായ സോളാർ പാനലുകളും പേടകത്തിലേക്കുള്ള വൈദ്യുതിയുടെ പ്രസരത്തിൽ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ പീറ്റ് കോൺറോഡ് ഉൾപ്പെട്ട സംഘത്തിന് കേടുപാടുകൾ വിജയകരമായി പരിഹരിക്കാനായി. ദീർഘനാളുകൾ ബഹിരാകാശനിലയങ്ങളിൽ തങ്ങേണ്ടിവരുമ്പോൾ അവലംബിക്കേണ്ട മാർഗങ്ങളെക്കുറിച്ചുള്ള പഠനമാണ് സ്കൈലാബിനെ എക്കാലത്തെയും ഉപയോഗപ്രദമായ വിവരങ്ങൾ മനുഷ്യരാശിക്ക് കൈമാറാൻ പ്രാപ്തമാക്കിയത്. രാവിലെ 6 മുതൽ രാത്രി 10 വരെയാണ് ഒരു സ്കൈലാബ് ദിനം. കൃത്യമായ ഗോളാകൃതി പ്രാപിക്കുന്ന ജലത്തുള്ളികളും പറന്നുനടക്കുന്ന കടലാസ്സുകളും ചിത്രങ്ങളായപ്പോൾ ഭൂമിയിലെ മനുഷ്യർ ആഹ്ലാദത്തിമിർപ്പിലായി. നിരവധി ദൃശ്യങ്ങൾ പഠനത്തിനുപയോഗിക്കാവുന്ന മികച്ച മാർഗമായി. ബഹിരാകാശനിലയത്തിൽ നിന്നുള്ള ഭൂമിയിലെ കാഴ്ചകൾ അനുപമമായ ഓർമയാണെന്ന് സഞ്ചാരിയായിരുന്ന ഓവൻ ഗാരിയറ്റ് പറഞ്ഞിട്ടുണ്ട്. 1973 ഡിസംബർ 28ന് സ്കൈലാബ് നാലിൽ നിന്നുള്ള വാർത്താവിനിമയ ബന്ധം വിച്ഛേദിക്കപ്പെട്ടത് പരിഭ്രാന്തി പരത്തി. ബഹിരാകാശത്ത് നടന്ന ഏകസമരമെന്ന് അതിനെ വിശേഷിപ്പിക്കാം. കാർ, ഗിബ്സൺ, പോഗ് എന്നിവരടങ്ങുന്ന സംഘം മനഃപൂർവം വാർത്താവിനിമയബന്ധം വിച്ഛേദിക്കുകയായിരുന്നു. ബഹിരാകാശത്ത് സഞ്ചാരികൾ അനുഭവിക്കുന്ന മാനസികവും ശാരീരികവുമായ പിരിമുറുക്കം എങ്ങനെ പ്രവർത്തനത്തെ ബാധിക്കും എന്നതിന്റെ പഠനങ്ങളിലേക്ക് നയിച്ചു ഈ അപൂർവസംഭവം. മിർ, ഐ.എസ്.എസ്, ടിയാംഗോങ് തുടങ്ങി നിരവധി ബഹിരാകാശനിലയങ്ങൾക്ക് വിലപ്പെട്ട വിവരങ്ങൾ കൈമാറി സ്കൈലാബിലെ സഞ്ചാരികൾ. ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കി പിന്നീടുള്ള ബഹിരാകാശനിലയങ്ങൾ സാങ്കേതികമായും ഉയർന്ന നിലവാരത്തിൽ നിർമിക്കാനായി എന്നത് സ്കൈലാബിലെ അനുഭവങ്ങളുടെ ഈടുറ്റ സംഭാവനയായി പരിഗണിക്കാം. മനുഷ്യരാശിയുടെ മുന്നേറ്റത്തിന് സംഭാവനങ്ങൾ നൽകിയ ബഹിരാകാശയാത്രകളുടെ ചരിത്രത്തിലെ എക്കാലത്തെയും പ്രകാശമാനമായ ഏടാണ് സ്കൈലാബ്.

You might also like

Leave A Reply

Your email address will not be published.