മേയ് 5 ഇന്ന് ലോക കാര്‍ട്ടൂണിസ്റ്റ് ദിനം

0

ലോക കാര്‍ട്ടൂണിസ്റ്റ് ദിനത്തെക്കുറിച്ച് അറിയുന്നതിന് 1895 മേയ് 5ലേക്ക് പോകേണ്ടതുണ്ട്.
ചിത്ര രചനയുടെ മറ്റൊരു വശമായ കാര്‍ട്ടൂണ്‍ ലോകത്തിനു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നത് 1895 യൂറോപ്പിലെ ഒരു മേയ് 5 ദിനത്തിലാണ്.

ന്യൂയോര്‍ക്കിലുള്ള യെല്ലോ വേള്‍ഡ് എന്ന പ്രസിദ്ധീകരണത്തില്‍ സര്‍ക്കുലേഷന്‍ കൂട്ടുന്നതിന്റെ ഭാഗമായി പ്രസാധകര്‍ തലപുകഞ്ഞ് ആലോചിക്കുമ്പോഴാണ് റിച്ചാര്‍ഡ്‌സ് ഔട്ട് കോള്‍ട്ട് എന്ന കാര്‍ട്ടൂണിസ്റ്റിലേക്ക് പ്രസാധകര്‍ എത്തുന്നത്. റിച്ചാര്‍ഡ്‌സ് ഔട്ട് കോള്‍ട്ടിനോട് അവര്‍ ഒരു ചിത്രം വരച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. പ്രസാധകരുടെ ആവശ്യം പോലെ കോള്‍ട്ട് ചിത്രം വരച്ചു നല്‍കി. മഞ്ഞ ഉടുപ്പിട്ടു നില്‍ക്കുന്ന ഒരു പയ്യന്റെ ചിത്രം. ലോകമെമ്പാടുമുള്ള വായനക്കാര്‍ ചിത്രം നെഞ്ചിലേറ്റി. വായനക്കാര്‍ ആ കൊച്ചു പയ്യനെ ‘യെല്ലോ കിഡ്ഡ്’ എന്ന് വിളിച്ചു. യെല്ലോ കിഡ്ഡിനൊപ്പം കാര്‍ട്ടൂണും ലോക ശ്രദ്ധ പിടിച്ചു പറ്റി.

നിശബ്ദ ശബ്ദമെന്നോണം മാധ്യമങ്ങള്‍ കാര്‍ട്ടൂണിനെ നിലപാടുകള്‍ അറിയിക്കാന്‍ ഉപയോഗിച്ചു തുടങ്ങി. അങ്ങനെ കാര്‍ട്ടൂണുകള്‍ മാധ്യമങ്ങളുടെ ഭാഗമായി മാറി. ആശയങ്ങളെ നര്‍മ്മ രൂപേണ ആളുകളിലേക്ക് എത്തിക്കാന്‍ ഇന്നും കാര്‍ട്ടൂണിനപ്പുറം മറ്റൊന്നുമില്ല എന്ന് പറയാം.

കടലാസ് എന്നർഥമുള്ള ‘കാർട്ടോൺ’ എന്ന ഇറ്റാലിയൻ പദത്തിൽനിന്നാണ് ഹാസ്യചിത്രം എന്നർഥം വരുന്ന ‘കാർട്ടൂൺ’ എന്ന ഇംഗ്ളീഷ് പദമുണ്ടായത്. 1841ൽ ‘പഞ്ച്’എന്ന മാസികയുടെ പ്രസിദ്ധീകരണം മുതൽക്കാണ് കാർട്ടൂണിന് ഇന്നുള്ള പ്രാമുഖ്യമുണ്ടായത്. ചിത്രകലയിൽനിന്ന് വ്യത്യസ്തമായി കാർട്ടൂണിൽ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച്, ആശയത്തിനും ഉദ്ദേശ്യത്തിനുമാണ്. പ്രതീകാത്മകമായ സൂചനകളിൽകൂടി വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപിക്കുകയാണ് കാർട്ടൂണിസ്റ്റ് ചെയ്യുന്നത്.

*ചരിത്രം*

മലയാളത്തിൽ കാർട്ടൂണിൻറെ ചരിത്രം ആരംഭിക്കുന്നത് 1919 ഒക്ടോബറിൽ വിദൂഷകൻ എന്ന മാസികയിൽ പ്രസിദ്ധീകരിച്ച മഹാക്ഷാമദേവത എന്ന കാർട്ടൂണിലൂടെയാണ്.

*ലോക പ്രശസ്തരായ കാർട്ടൂണിസ്റ്റുകൾ*

ഡെച്ച് ഹാസ്യ ചിത്രകാരന്മാരിൽ പ്രമുഖനായിരുന്ന റൊമെയ്ൻ ഡെ ഹുഗെ (1645-1708) കാർട്ടൂണിസ്റ്റ് എന്ന നിലയിൽ പ്രസിദ്ധനായി. ഇംഗ്ളണ്ടിലെ വില്യം ഹോഗാർത്ത് (1697-1764), ജെയിംസ് ഗിൽറേ (1757-1815), തോമസ് റൗലൻസ് സൺ (1756-1827) എന്നിവരാണ് കാർട്ടൂൺ കലാരൂപത്തിന് ഉണർവ് നൽകിയ ആദ്യകാല ഇംഗ്ളീഷ് ചിത്രകാരന്മാർ. ജോർജ് ക്രൂയിഷാങ്ക്, ‘എച്ച്ബി’ എന്ന തൂലികാ നാമത്തിൽ വരച്ചിരുന്ന ജോൺ ഡോയിൽ (1798-1868) എന്നിവരും മികച്ച ഇംഗ്ളീഷ് കാർട്ടൂണിസ്റ്റുകളായിരുന്നു. അക്കാലത്തെ പ്രമുഖ ഫ്രഞ്ച് കാർട്ടൂണിസ്റ്റുകൾ ഡാമിയേ, ഗ്രാൻവിൽ, ചാൾസ് ജോസഫ്, ട്രവീദേ വില്ളെ എന്നിവരായിരുന്നു.

*പ്രശസ്തരായ ഭാരതീയ കാർട്ടൂണിസ്റ്റുകൾ*

ഇന്ത്യയിലെ ‘രാഷ്ട്രീയ കാർട്ടൂൺ പ്രസ്ഥാനത്തിന്റെ പിതാവ്’ എന്നറിയപ്പെടുന്ന ശങ്കറാണ് ഭാരതത്തിൽ കാർട്ടൂൺ പ്രചരിപ്പിച്ചത്.അദ്ദേഹത്തിന്റെ ‘ശങ്കേഴ്സ് വീക്കിലി’യിലൂടെയാണ് ഇന്ത്യയിലെ മിക്ക കാർട്ടൂണിസ്റ്റുകളും പ്രശസ്തരായത്. ശങ്കറിന്റെ വാരികയിൽ ശിക്ഷണം നേടിയവരാണ് അബു എബ്രഹാം, കുട്ടി, ഒ.വി. വിജയൻ, രാജീന്ദർ പുരി, സാമുവൽ, യേശുദാസൻ, ബി.എം. ഗഫൂർ തുടങ്ങിയവർ. പ്രശസ്ത കാർട്ടൂണിസ്റ്റ് ആർ.കെ. ലക്ഷ്മണിന് ഇന്ത്യൻ കാർട്ടൂണിസ്റ്റുകളുടെ മുൻനിരയിലാണ് സ്ഥാനം. ഇന്ത്യയിൽ പോക്കറ്റ് കാർട്ടൂൺ സമ്പ്രദായം ആദ്യമായി അവതരിപ്പിച്ചത് കേരളീയനായ സാമുവൽ ആണ്. മറിയോ എന്ന പേരിലറിയപ്പെടുന്ന മറിയോ ജോവോ റൊസാരിയോ, ഡിബ്രിട്ടോ മിറാൻഡ, ‘കെവി’ എന്ന തൂലിക നാമത്തിലൂടെ പ്രശസ്തനായ കേരളവർമ, വെങ്കിട ഗിരി രാമമൂർത്തി, സുധീർ ധർ, വാസു, പ്രകാശ്, റാത്ത്, ഉണ്ണി, ചാറ്റർജി, വിഷ്ണു, വിക്കി പട്ടേൽ തുടങ്ങിയ കാർട്ടൂണിസ്റ്റുകൾ ദേശീയ പ്രശസ്തിയാർജിച്ചവരാണ്

*ശ്രദ്ധേയരായ കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ*

സഞ്ജയന്റെ പത്രാധിപത്യത്തിൽ ഇറങ്ങിയിരുന്ന ‘സഞ്ജയൻ’, ‘വിശ്വരൂപം’ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ് മലയാളത്തിലെ ആദ്യകാല കാർട്ടൂണുകൾ പുറത്തുവന്നത്. കേരളത്തിൽ ആദ്യകാലത്ത് കാർട്ടൂൺ രചനയിൽ പേരെടുത്ത ഒരാളാണ് വത്സൻ. ‘സഞ്ജയൻ’, ‘വിശ്വരൂപം’ എന്നിവയിലെ കാർട്ടൂണിസ്റ്റുകളിൽ ഒരാളായിരുന്നു എം. ഭാസ്കരൻ. ‘ബോബനും മോളിയും’ എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായ ടോംസ്, ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന കാർട്ടൂൺ പരമ്പരയിലൂടെ പ്രശസ്തനായ അരവിന്ദൻ, ആർട്ടിസ്റ്റ് രാഘവൻ നായർ, മാതൃഭൂമിയിലെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് ഗോപീകൃഷ്ണൻ, ‘വരയരങ്ങ്’ എന്ന ചിത്രകലയുടെ അരങ്ങിലെ രൂപത്തിൻറെ ആവിഷ്കർത്താവും സ്പീഡ് കാർട്ടൂണിസ്റ്റുമായ എസ്. ജിതേഷ്, കേരളകൗമുദിയുടെ സ്റ്റാഫ് കാർട്ടൂണിസ്റ്റ് സുജിത്ത് , , തോമസ്, കെ.എസ്. പിള്ള, പി.കെ. മന്ത്രി, ശിവറാം, മലയാറ്റൂർ രാമകൃഷ്ണൻ, ബി.എം. ഗഫൂർ, സോമനാഥൻ, വേണു, , ഉണ്ണികൃഷ്ണൻ, ദേവപ്രകാശ്, സഗീർ, ഇ. സുരേഷ്, പീറ്റർ, ഹരികുമാർ, പി.വി. കൃഷ്ണൻ,കെ .വി .എം .ഉണ്ണി ,രജീന്ദ്രകുമാർ, ഋഷി തുടങ്ങിയവർ മലയാളത്തിലെ പ്രശസ്ത കാർട്ടൂണിസ്റ്റുകളാണ്.

You might also like

Leave A Reply

Your email address will not be published.