മേയ് 28 ആർത്തവ ശുചിത്വ ദിനം

0

ആർത്തവ ശുചിത്വ ദിന (MHD or എം എച്ച് ദിനം) എന്നത് മേയ് 28ന് നടത്തുന്ന വാർഷിക ബോധവൽക്കരണ ദിനം, അയിത്തത്തെ നീക്കാനും സ്ത്രീകൾക്കും മുതിർന്ന പെൺകുട്ടികൾക്കും ശരിയായ ആർത്തവചക്രത്തിന്റേയും ശുചിത്വ നിർവഹണത്തിന്റേയും പ്രാധാന്യം മനസ്സിലാക്കിക്കുവാനും വേണ്ടിയുള്ളതാണ്. ഇത് തുടങ്ങിയത് 2014ൽ ജർമ്മനിയിലെ സർക്കാരിതര സംഘടന വാഷ് യുണൈറ്റഡ് ആണ്. ഈ സംരംഭം ലോകമെമ്പാടുമുള്ള 270ൽ പരം സഹകാരികളുടെ കൈത്താങ്ങുണ്ട്. ഈ ദിനം പൂർണ്ണത നേടുന്നത് ലോക കൈകഴുകൽ ദിനവും, ലോക ശുചിമുറി ദിനവും ചേരുംമ്പോഴാണ്.. 5/28 ആയി തിരഞ്ഞെടുത്തത് ഒരു സ്ത്രീയുടെ ശരാശരി മാസമുറ 5 ദിവസവും 28 ദിവസം കൂടുമ്പോൾ ആവർത്തിക്കുന്നതുകൊണ്ടുമാണ്.

ആർത്തവം ഒരു ശാരീരിക അവസ്ഥയാണെന്നും ആരോഗ്യമുള്ള എല്ലാ പെൺകുട്ടികളും സ്ത്രീകളും ഈ അവസ്ഥയിലൂടെ കടന്നു പോകുന്നവരാണെന്നും എന്ന സത്യം ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന സമൂഹമാണ് നമ്മുക്ക് ചുറ്റുമുള്ളത്. ആർത്തവം ചർച്ചാവിഷയമാക്കുന്നത് തന്നെ അസഭ്യമായിട്ടാണ് സമൂഹം കണക്കാക്കുന്നത്. ഈ നൂറ്റാണ്ടിലും പലയിടങ്ങളിൽ ആർത്തവ ആചാരങ്ങൾ നിലനിൽക്കുന്നുണ്ട്. ആർത്തവത്തോടനുബന്ധിച്ച് വളരെ ക്രൂരമായ തരത്തിലുള്ള ആചാരങ്ങളാണ് നേപ്പാൾ ജനത നടത്തിവരുന്നത്.

നിരോധിക്കപ്പെട്ട ആചാരങ്ങൾ ആണെങ്കിൽ കൂടിയും ഇന്നും നേപ്പാളിലെ ജനങ്ങൾ മുറതെറ്റാതെ ഇത് പാലിച്ച് വരുന്നു. ഇത്തരത്തിലുള്ള ആചാരത്തെ തുടർന്ന് കഴിഞ്ഞ വർഷം നേപ്പാളിൽ റോഷ്നി തിരുവ എന്ന 15 കാരി മരണപ്പെട്ടിരുന്നു. ആർത്തവമാരംഭിച്ചപ്പോൾ കുട്ടിയെ മാറ്റി ഒരു ഷെഡിൽ പാർപ്പിച്ചു. തണുപ്പകറ്റാൻ ഷെഡ്ഡിൽ തീയിട്ടിരുന്നു. ആ പുക ശ്വസിച്ചായിരുന്നു കുട്ടി മരിച്ചത്. ഛൗപ്പാടി എന്നാണ് ആർത്തവത്തോട് അനുബന്ധിച്ചുള്ള ഈ ആചാരങ്ങൾക്ക് പറയുന്ന പേര്.

കാലങ്ങളായി നേപ്പാളിലെ ജനങ്ങൾ അനുഷ്ഠിച്ച് വരുന്ന ആചാരമാണ് ഛൗപ്പാടി. ആർത്തവത്തെ അശുദ്ധമായി കരുതി സ്ത്രീകളെ ഷെഡുകളിലോ പശുതൊഴുത്തിലോ മാറ്റി പാർപ്പിക്കും. വീട്ടിലെ ജോലി ചെയ്യുന്നതിനോ കുടുംബത്തിലെ പുരുഷന്മാരുമായി ബന്ധം പുലർത്തുന്നതിനോ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഈ ആചാരം അനുഷ്ഠിക്കാത്തവർക്ക് ദുരന്തങ്ങൾ വന്നുചേരുമെന്നുള്ള അന്ധവിശ്വാസങ്ങളാണ് ഇന്നും ഇവിടെ നിലനിൽക്കുന്നത്.
ആർത്തവത്തെ കുറിച്ച് ചർച്ചചെയ്യുന്നതിനും പാലിക്കേണ്ടതായിട്ടുള്ള ശുചിത്വത്തെ കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനും വേണ്ടിയുള്ള ഒരു ദിനമായിട്ടാണ് ആർത്തവ ശുചിത്വ ദിനമാചരിക്കുന്നത്. അതിനായാണ് മെയ് 28 ന് ലോകം ആർത്തവ ശുചിത്വ ദിനം കൊണ്ടാടുന്നത്. ഇന്ത്യയിൽ നല്ലൊരു ശതമാനം പെൺകുട്ടികളും ആർത്തവത്തെ കുറിച്ച് അജ്ഞരാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സാനിറ്ററി നാപ്കിനുകളുടെ ശരിയായ ഉപയോഗം പോലും പലർക്കും അറിയില്ല. ആർത്തവക്കാലത്ത് ശുചിത്വമാണ് പ്രധാനം. അത് പാലിച്ചില്ലെങ്കിൽ പിൽക്കാലത്ത് ഗുരുതര രോഗങ്ങൾക്ക് ഉണ്ടായേക്കാം. ഇവ ചർച്ച ചെയ്യപ്പെടാൻ വീടുകളിലും അതുപോലെ സ്കൂളുകളിലും ചില വിലക്കുകൾ നിലനിൽക്കുന്നുണ്ട്.

വിലക്കുകളും നിയന്ത്രണങ്ങളും ഭേദിക്കാനുള്ള സമയമായിരിക്കുന്നു. ആർത്തവമുള്ള സ്ത്രീകളും, അവളെ ഉൾക്കൊള്ളുന്ന സമൂഹത്തിനും ആർത്തവ ചർച്ചകൾ അസഭ്യമായി തോന്നരുത്. ആർത്തവവും ശുചിത്വ പാലനവും സംബന്ധിച്ചുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിൽ സമൂഹം മുന്നോട്ട് വരണം. സ്ത്രീകളിലുള്ള മാസമുറയെ കേന്ദ്രീകരിച്ച് നിർമിക്കുന്നതാണ് ‘പാഡ് മാൻ’. അക്ഷയ് കുമാറാണ് ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമൂഹത്തിൽ നിലനിൽക്കുന്ന ആചാരങ്ങൾക്കും ആർത്തവത്തോടുള്ള സമീപനത്തിനും ഒരു മാറ്റമുണ്ടാക്കാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന് പ്രത്യാശിക്കാം.

ആർത്തവ ശുചിത്വം കണക്കിലെടുത്ത് ഇതിനകം തന്നെ കേരളത്തിൽ ചില നടപടികൾ സർക്കാർ കൊകൊണ്ടിട്ടുണ്ട്. ആർത്തവം മറച്ച് വയ്ക്കേണ്ട ഒന്നല്ല എന്നു പ്രഖ്യാപിച്ച് കൊണ്ട് സ്കൂളുകളിൽ സാനിറ്ററി പാഡുകൾ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചിരിക്കുകയാണ് മുഖ്യമന്ത്രി. ഷീ പാഡ് എന്ന സംരംഭമത്തിൽ 30 കോടി ചിലവിട്ടാണ് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നത്.

You might also like

Leave A Reply

Your email address will not be published.