#മലയാളം_മൂവിക്ലബ്ബ് #ചരിത്രം_സൃഷ്ടിച്ച_സിനിമകൾ A K Noushad

0

“അമരം ” വികാരങ്ങളുടെ കടൽ …

ചിത്രകാരനായ ഭരതന്റെ ഫ്രെയിമുകൾ വെള്ളിത്തിരയിലെ പെയിന്റിങ്ങുകളാണ്.സായാഹ്നത്തിന്റെ ദൃശ്യത്തിൽ ആരംഭിച്ച് സായാഹ്നത്തിന്റെ ദൃശ്യചാരുതയിൽ അവസാനിയ്ക്കുന്ന വൈകാരിക മുഹൂർത്തങ്ങളുടെ നൗകയാണ് “അമരം “. ആരംഭിയ്ക്കുമ്പോൾ അരയനായ അച്ചൂട്ടിയുടെ കൈയിൽ ഏറ്റവും പ്രിയപ്പെട്ട മുത്ത് മോളും ,പിന്നെ ഫ്രെയിമിൽ ഏറെ പ്രിയപ്പെട്ട കടലും ഉണ്ടെങ്കിൽ ചിത്രം അവസാനിയ്ക്കുമ്പോൾ അച്ചൂട്ടി ഏകനായി ഉൾക്കടലിലേയ്ക്ക് തുഴ എറിയുകയാണ് .. അതിന് സാക്ഷിയായി നിർവികാരയായി എങ്കിലും ഒരു കടലോളം ധർമ്മ സങ്കടങ്ങളുമായി മുത്തും കടൽ തീരത്ത് ഒറ്റപ്പെട്ട് നിൽക്കുന്നുണ്ട്.
സിംഫണി ക്രിയേഷൻസിന്റെ ബാനറിൽ ബാബു തിരുവല്ല നിർമ്മിച്ച് മാക് അലി വിതരണം ചെയ്ത ചിത്രമായിരുന്നു അമരം .ചെമ്മീൻ എന്ന വിഖ്യാത ചിത്രത്തിന് ശേഷം മലയാളികൾ ഹൃദയത്തിലേറ്റ് വാങ്ങിയ കടൽ പശ്ചാത്തലമുള്ള ചിത്രം .1991 ഫെബ്രുവരി ഒന്നിന് ചിത്രം റിലീസ് ആയി.ഭരതന്റെ ചിത്രങ്ങൾ വ്യത്യസ്ത ജീവിത പശ്ചാത്തലങ്ങളിൽ ഉള്ളതാണ്.അമരത്തിൽ ഭരതൻ തെരഞ്ഞെടുത്തത് കടൽ ജീവിതങ്ങളാണ്. ആലപ്പുഴയിലെ ഓമനപ്പുഴ കടപ്പുറമായിരുന്നു ലൊക്കേഷൻ .
ഭാര്യ മരിച്ചു പോയ അച്ചൂട്ടിയുടെ മനസ്സിൽ മൂന്ന് കാര്യങ്ങളേ ഉള്ളൂ .. മകൾ മുത്ത് .. പ്രിയപ്പെട്ട ചന്ദ്രി .. പിന്നെ എല്ലാമെല്ലാമായ കടലമ്മയും ..ഒടുവിൽ കടലമ്മ ഒഴികെ അച്ചൂട്ടിയ്ക്ക് എല്ലാം നഷ്ടപ്പെടുകയാണ് ..ഒരിക്കലും ചതിക്കാത്ത കടൽ മാത്രമായിരുന്നു അച്ചൂട്ടിയ്ക്ക് കൂട്ട്.
മുത്തിനെ പഠിപ്പിച്ച് ഡോക്ടറാക്കുക എന്നതായിരുന്നു അച്ചൂട്ടിയുടെ ഏറ്റവും വലിയ സ്വപ്നം .ഇതിനിടെ അച്ചൂട്ടിയുടെ ഉറ്റ സുഹൃത്തായ കൊച്ചു രാമന്റെ മകൻ രാഘവനുമായി മുത്ത് പ്രണയത്തിലാവുകയാണ്.. അതോടെ അച്ചൂട്ടിയുടെ സ്വപ്നങ്ങൾ കടലെടുത്ത് പോവുന്നു …
അച്ചൂട്ടിയെ മമ്മൂട്ടിയും കൊച്ചുരാമനെ മുരളിയും കൊച്ചുരാമന്റെ ഭാര്യ ഭാർഗ്ഗവിയെ KPAC ലളിതയും മുത്തിനെ മാതുവും ,രാഘവനെ അശോകനും ചന്ദ്രിയെ ചിത്രയും അനശ്വരമാക്കി. മമ്മൂട്ടിയും മുരളിയും മത്സരിച്ചുള്ള അഭിനയമാണ് ഈ ചിത്രത്തിൽ കാഴ്ചവെച്ചത് .ഇരുവരുടെയും കോമ്പിനേഷനിൽ പിറന്ന ഏറ്റവും മികച്ച ചിത്രം.
കൈതപ്രത്തിന്റെ തൂലികയിൽ പിറന്ന വികാര നൗകയുമായി …, പുലരേ .. പൂങ്കോടിയിൽ …, അഴകേ .. നിൻ .. മിഴി നീർ … മലയാളികൾ എന്നും ഓർക്കുന്ന ഗാനങ്ങൾ ഈ ചിത്രത്തിലേതാണ് .രവീന്ദ്രൻ മാഷ് ഹൃദയം കൊടുത്താണ് ഈ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് .വികാരങ്ങളുടെ കടലുകൾ സൃഷ്ടിച്ച പശ്ചാത്തല സംഗീതത്തിന് തന്റെ സർഗ്ഗ പ്രതിഭയെ കൊടുത്തത് ജോൺസൺ മാസ്റ്ററും .. ഒരു പെയിന്റിംഗ് സീരീസുപോലെ മനോഹരമാണ് അമരത്തിലെ ഛായാഗ്രഹണം .ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് കടൽ ലൈറ്റ് അപ്പ് / ഡൗൺ ചെയ്യാനാണ് .മധു അമ്പാട്ട് എന്ന ദൈവ സ്പർശമുള്ള ഛായാ ഗ്രാഹകൻ അത് മനുഷ്യ ഹൃദയങ്ങളിൽ കാമറ കൊണ്ട് കൊത്തി വെച്ചു.
വികാരങ്ങളുടെ കടലിനെ തന്റെ മസ്തിഷ്ക്കവും ,ഹൃദയവും ഉരുക്കി ഒരു ചെപ്പിലടച്ചു ഏ.കെ .ലോഹിതദാസ് എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ കൃത്ത് .സർഗ്ഗ ഭ്രാന്തിന്റെ ആളടയാളം ഭരതൻ അത് വെള്ളിത്തിരയിൽ പെയിന്റിങ്ങാക്കി മാറ്റി .മൂന്ന് പതിറ്റാണ്ടായിട്ടും മലയാളിയുടെ മനസ്സിൽ ഇന്നും അമര ജീവിതങ്ങൾ തുഴയെറിഞ്ഞ് കൊണ്ടിരിയ്ക്കുകയാണ് .. വികാര നൗകയുമായി ..അവരൊക്കെ ഇപ്പോഴും മലയാളികളുടെ ഹൃദയത്തിന്റെ ഉമ്മറത്ത് തന്നെയുണ്ട്.

You might also like

Leave A Reply

Your email address will not be published.