ഇഫ്താര്‍ വിരുന്നിന് മാങ്ങാപ്പോള തയ്യാറാക്കാം
മാങ്ങ യഥേഷ്ടം കിട്ടുന്ന കാലമാണ്. അതുകൊണ്ട് തന്നെ ഇഫ്താര്‍ വിരുന്നിന് അല്‍പം വ്യത്യസ്തമായി മാങ്ങകൊണ്ടുള്ള ഒരു പലഹാരമായാലോ?നോമ്പ് തുറയ്ക്ക് എന്നും പുതിയ വിഭവങ്ങള്‍ വേണമെന്ന് ആഗ്രഹമുണ്ടോ, എന്നാല്‍ നോമ്പുതുറ ഗംഭീരമാക്കാന്‍ ഇനി അല്‍പം വ്യത്യസ്ത പലഹാരം തന്നെ തയ്യാറാക്കാം.
സ്വാദേറിയതും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ മാങ്ങാപ്പോള എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. എളുപ്പത്തില്‍ തയ്യാറാക്കാവുന്നത് കൊണ്ട് തന്നെ നിരവധി തവണ നിങ്ങള്‍ക്ക് പരീക്ഷിച്ച് നോക്കാം. എങ്ങനെ മാങ്ങാപ്പോള തയ്യാറാക്കാം.
ആവശ്യമുള്ള സാധനങ്ങള്‍
മാങ്ങയുടെ പള്‍പ്പ്- ഒരു കപ്പ്
അരിപ്പൊടി- അരക്കപ്പ്
മുട്ട- മൂന്ന്
ബേക്കിംഗ് സോഡ- ഒരു നുള്ള്
പഞ്ചസാര- കാല്‍കപ്പ്
വനില എസ്സന്‍സ്- കാല്‍ ടീസ്പൂണ്‍
നെയ്യ്- രണ്ട് ടീസ്പൂണ്‍
ഉപ്പ്- ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം എടുത്ത് അതിലേക്ക് മുട്ട നല്ലതു പോലെ പതപ്പിച്ച് ഒഴിയ്ക്കുക. മുട്ട നല്ലതു പോലെ പതപ്പിച്ച് കഴിഞ്ഞാല്‍ അതിലേക്ക് പഞ്ചസാര ചേര്‍ക്കാം. പിന്നീട് മാങ്ങാപള്‍പ്പ് ചേര്‍ത്ത് നല്ലതു പോലെ നൂല്‍പ്പരുവത്തിലാക്കാം. അരിപ്പൊടി, ബേക്കിംഗ് സോഡ, വനില എസന്‍സ്, ഉപ്പ് എന്നിവ ചേര്‍ത്ത് സ്പൂണ്‍ ഉപയോഗിച്ച് നല്ലതു പോലെ ഇളക്കാം.
ഒരു നോണ്‍ സ്റ്റിക് പാനില്‍ അല്‍പം നെയ് ഒഴിച്ച് ഇതിലേക്ക് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതം ഒഴിയ്ക്കാം. 10 മിനിട്ട് ചെറിയ തീയില്‍ വേവിയ്ക്കാം. ഇത് വെന്തോ എന്നറിയാന്‍ ഒരു ടൂത്ത് പിക്ക് എടുത്ത് കുത്തി നോക്കാം. ടൂത്ത് പിക്കില്‍ ഒട്ടിപ്പിടിയ്ക്കുന്നില്ലെങ്കില്‍ വെന്തുവെന്ന് മനസ്സിലാക്കാം. പത്ത് മിനിട്ടിനു ശേഷം തീ ഓഫ് ചെയ്ത് ഒരു പാത്രത്തിലേക്ക് മാങ്ങാ പോള മാറ്റി തണുക്കാനായി വെയ്ക്കാം.