Night news

0

 

🅾️ *സംസ്ഥാനത്ത് ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ടു പേര്‍ക്കു വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 9 പേര്‍ വിദേശത്തുനിന്നു വന്നവരാണ്. മറ്റുള്ളവര്‍ക്ക് രോഗബാധയുണ്ടായത് സമ്പർക്കം മൂലമാണ്. സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 265 ആയി. ഇതില്‍ 237 പേര്‍ ഇപ്പോള്‍ ചികിത്സയിലാണ്. തിരുവനന്തപുരത്തും കോഴിക്കോടും ഒരോരുത്തര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 1,64,130 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതില്‍ 1,63,508പര്‍ വീടുകളിലും 622 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. ബുധനാഴ്ച മാത്രം 123 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 7,965 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7252 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് അരി സൗജന്യമായി വീടുകളില്‍ എത്തിക്കും. ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ പോയി വാങ്ങാന്‍ സാധിക്കാത്ത സ്ഥിതിയുണ്ട്. ഇവരുടെ ക്ഷേമപെന്‍ഷന്‍ തുക ബന്ധപ്പെട്ട ബാങ്കില്‍ സൂക്ഷിക്കും. ക്വാറന്റൈന്‍ കാലം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വാങ്ങാവുന്നതാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ്‌ നാലുദിവസത്തിനകം കൊറോണ ആശുപത്രിയാക്കി മാറ്റുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വ്യവസായി എം.എ.യൂസഫലി ഡല്‍ഹിയില്‍നിന്ന് ഒരുലക്ഷം മാസ്‌കുകള്‍ വാങ്ങി കേരളത്തിലെത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.*

🅾️ *ലോക്ക് ഡൗണ്‍ കര്‍ശനമായി നടപ്പാക്കാനാണ് തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായി പുറത്തിറങ്ങി നടക്കുന്നവരെ തിരിച്ചയയ്ക്കുകയാണ് ഇതുവരെ ചെയ്തത്. എന്നാല്‍, ഇനി അങ്ങനെയുള്ളവര്‍ക്കെതിരെ എപ്പിഡെമിക് ആക്‌ട് പ്രകാരം കേസെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബുധനാഴ്ച റോഡില്‍ ആളുകളുടെ എണ്ണം കുറവായിരുന്നു. റേഷന്‍ വിതരണത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ എല്ലാവരും ശാരീരിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിഞ്ഞു. വരും ദിവസങ്ങളിലും ലോക്ക് ഡൗണ്‍ കര്‍ശനമായിതന്നെ തടപ്പാക്കും. അനാവശ്യമായി പുറതത്തിറങ്ങി നടന്ന ആളുകള്‍ക്കെതിരെ 22,333 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2155 പേരെ അറസ്റ്റു ചെയ്തു. 12,783 വാഹനങ്ങള്‍ പിടിച്ചെടുക്കയും ചെയ്തിട്ടുണ്ട്. എപ്പിഡമിക് ആക്‌ട് പ്രകാരം കേസെടുക്കുകയാവും ഇനി ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. വ്യവസ്ഥകള്‍ ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷംവരെ തടവും 10,000 രൂപവരെ പിഴയും ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്നതാണ് എപ്പിഡമിക് ഡിസീസസ് ആക്‌ട്.*

🅾️ *തൊഴിലിടങ്ങളിലും ഫാക്ടറികളിലും താമസിച്ച്‌ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അതത് തൊഴിലുടമകള്‍ തന്നെ നല്‍കണമെന്നും അവരെ ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പുകളിലേക്ക്‌ അയക്കരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം സൂചിപ്പിച്ചത്. അതിഥി തൊളിലാളികള്‍ക്ക് മതിയ താമസസൗകര്യവും അവിടെ ഭക്ഷണവുമാണ് സര്‍ക്കാര്‍ ഏര്‍പ്പാട് ചെയ്യുന്നത്. അതിഥി തൊഴിലാളികളില്‍ ചിലര്‍ ചില ഫാക്ടറികളില്‍ ജോലി ചെയ്ത് അവിടെ താമസിച്ച്‌ ഭക്ഷണം കഴിക്കുന്നവരാണ്. ചില തൊളിലുടമകള്‍ ഇത്തരം തൊഴിലാളികളോട് ഭക്ഷണ സമയത്ത് സര്‍ക്കാര്‍ ക്യാമ്പിൽ പോയി ഭക്ഷണം കഴിക്കാന്‍ പറയുന്നുണ്ട്.അത് ശരിയായ നടപടിയല്ല. ഇതേവരെ ഉണ്ടായ സൗകര്യം തുടര്‍ന്നും അവര്‍ക്ക് അനുവദിക്കണം. നാളേയും തൊഴിലാളികളെ അവര്‍ക്ക് ആവശ്യമുള്ളതാണ്. ഇന്നത്തെ വിഷമ സ്ഥിതിയില്‍ അവരെ കയ്യൊഴിയുന്ന നിലപാട് സ്വീകരിക്കരുത്. മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷീരകര്‍ഷകരില്‍ നിന്ന് സംഭരിക്കുന്ന പാല്‍ അതിഥി തൊഴിലാളി ക്യാമ്പുകളിൽ എത്തിച്ചു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.*

🅾️ *വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, അമിതവില ഈടാക്കല്‍ എന്നീ ക്രമക്കേടുകള്‍ നടത്തുന്ന വ്യാപാര സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് വിജിലന്‍സിനെ ചുമതലപ്പെടുത്തിയിരുന്നു. 212 വ്യാപാര സ്ഥാപനങ്ങളില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തി,ഇതില്‍ 91 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഈ പരിശോധന കര്‍ക്കശമായി തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മദ്യഷാപ്പുകള്‍ അടഞ്ഞുകിടക്കുന്നത് കൊണ്ട് വ്യാജ മദ്യനിര്‍മാണത്തിന് പലരും തയ്യാറായതായി വാര്‍ത്ത വന്നിരുന്നു.ഇത് കര്‍ക്കശമായി തടയുമെന്നും ഇക്കാര്യത്തില്‍ വിട്ടിവീഴ്ച ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. മദ്യാസക്തി കൂടുതലുള്ളവരെ വിമുക്തി കേന്ദ്രത്തിലെത്തിക്കാന്‍ സമാമൂഹിക പ്രവര്‍ത്തകരും കുടുംബാഗംങ്ങളും ജാഗ്രതയോടെ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.*

🅾️ *സൗജന്യ റേഷന്‍ വിതരണത്തിന്റെ ആദ്യദിനത്തില്‍ റേഷന്‍ വിതരണം മെച്ചപ്പെട്ട നിലയിലാണ് നടന്നതെന്ന് മുഖ്യമന്ത്രി. കൊറോണയുടെ പശ്ചാത്തലത്തില്‍ നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യന്ത്രി പിണറായി വിജയന്‍ ഇക്കാര്യം പറഞ്ഞത്. ചില കേന്ദ്രങ്ങളില്‍ തിരക്ക് അനുഭവപ്പെട്ടു. മിക്ക സ്ഥലങ്ങളിലും വരുന്ന ആളുകള്‍ക്ക് ഇരിക്കാന്‍ കസേരയും കുടിക്കാന്‍ വെള്ളവും നല്‍കുന്ന അനുഭവമുണ്ടായി. പൊതുവെ ആരോഗ്യപ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇടപെടലാണ് നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 14.5 ലക്ഷം ആളുകള്‍ക്കാണ് ആദ്യദിനം റേഷന്‍ വിതരണം ചെയ്തത്. 21,472മെട്രിക് ടണ്‍ അരി വിതരണം ചെയ്തു.ഏപ്രില്‍ 20 വരെ സൗജന്യ റേഷന്‍ വിതരണം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചിലയിടങ്ങളില്‍നിന്ന് അരിയുടെ അളവില്‍ കുറവുണ്ടെന്ന ഒറ്റപ്പെട്ട പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ റേഷന്‍ കടയുടമകള്‍ പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൗജന്യ റേഷന്‍ അരി വിതരണം ചെയ്‌യുന്നതില്‍ കുറവ് വന്നാല്‍ അതിന് കാരണക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതര്‍ക്കുള്ള സൗജന്യ അരി അവരുടെ വീടുകളില്‍ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.*

🅾️ *കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ പാല്‍ വില്‍പ്പന വന്‍ തോതില്‍ കുറഞ്ഞതോടെ മില്‍മയ്ക്കുണ്ടായ പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍. കേരളത്തിന്റെ പാല്‍ വേണ്ടെന്ന് തമിഴ്‌നാട് നേരത്തെ അറിയിച്ച തീരുമാനത്തില്‍നിന്നു പിന്‍വാങ്ങിയെന്നും പ്രതിദിനം 5,000 ലിറ്റര്‍ പാല്‍ എടുക്കുമെന്ന് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈറോഡിലുള്ള ആവിന്‍ കേന്ദ്രത്തിലെത്തിച്ച്‌ മില്‍മയുടെ ബാക്കി വരുന്ന പാല്‍ പൊടിയാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി അറിയിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു*
*ബാക്കി വരുന്ന പാല്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പിലെത്തിച്ച്‌ വിതരണം ചെയ്യും. അംഗന്‍വാടി വഴിയും വിതരണം ചെയ്യും. കൂടാതെ മില്‍മയുടെ പാലും പാല്‍ ഉല്‍പ്പനങ്ങളും കണ്‍സ്യൂമര്‍ ഫെഡ് വഴി വില്‍പ്പന നടത്താന്‍ കണ്‍ഫ്യമൂര്‍ ഫെഡ് അധികൃതര്‍ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങള്‍ ഈ സാഹചര്യത്തില്‍ മില്‍മയുടെ പാല്‍ കൂടുതല്‍ വാങ്ങാന്‍ ശ്രമിച്ചാല്‍ ക്ഷീര കര്‍ഷകര്‍ക്കും ഉപകാരമാവും. ഒരു ലക്ഷത്തി 50,000 ലിറ്റര്‍ പാലാണ് ദിവസേന മില്‍മയ്ക്ക് സംസ്ഥാനത്ത് മിച്ചമായി വരുന്നത്. ഇതിന് ഒരു പരിഹാരം കാണാന്‍ ഇത്തരം നടപടികളിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മിച്ചമായ പാല്‍ തമിഴ്‌നാട്ടിലേക്ക് കയറ്റി അയച്ച്‌ പാല്‍പൊടിയായി സൂക്ഷിച്ചായിരുന്നു മില്‍മ ഇതുവരെ ക്ഷീര കര്‍ഷകരെ സംരക്ഷിച്ച്‌ പോന്നിരുന്നത്. എന്നാല്‍ കേരളത്തിന്റെ പാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇനി കയറ്റി അയക്കേണ്ടതില്ലെന്ന് തമിഴ്‌നാട് അറിയിച്ചതോടെ ഇന്ന് മലബാര്‍ മില്‍മയുടെ പാല്‍സംഭരണം തടസ്സപ്പെട്ടിരുന്നു. നാളെ മുതല്‍ പാല്‍ സംഭരണത്തില്‍ ക്രമീകരണം കൊണ്ടുവരുമെന്നും മില്‍മ അധികൃതര്‍ അറിയിച്ചിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. പ്രശ്‌നത്തിന് പരിഹാരമായതോടെ നാളെ മുതല്‍ പാല്‍സംഭരിക്കുമെന്നും മില്‍മ അറിയിച്ചിട്ടുണ്ട്.*

🅾️ *വിദേശത്ത് മരണപ്പെടുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഇപ്പോള്‍ യാത്രാവിമാനങ്ങളില്ല. ചരക്ക് വിമാനം ഉപയോഗിച്ചാണ് മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരാന്‍ കഴിയുക. ആ തരത്തില്‍ ക്രമീകരണം ഉണ്ടാക്കേണ്ടതുണ്ട്. ഇത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ കുടുംബമായും കൂട്ടായും താമസിക്കുന്ന മലയാളികളുണ്ട്. കൂടുതല്‍ ആളുകളും ഒന്നിച്ച്‌ താമസിക്കുകയാണ്.ഇത്തരത്തില്‍ കൂട്ടായി താമസിക്കുന്നവരില്‍ ഒരാള്‍ക്ക് പനിയോ ചുമയോ വന്നാല്‍ ഈ ഘട്ടത്തില്‍ പരിശോധിക്കും. ക്വാറന്റൈനില്‍ പോകാനും ആവശ്യപ്പെടും. എന്നാല്‍ അവര്‍ എവിടെ പോകും. തിരിച്ച്‌ മുറിയിലേയ്ക്ക് പോകാന്‍ സാധിക്കില്ല. അത്തരം ആളുകള്‍ക്ക് ക്വാറന്റൈനില്‍ കഴിയുന്നതിന് സൗകര്യം എംബസി ഒരുക്കേണ്ടവരും. ഇത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും. ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മുഖ്യമന്ത്രി പങ്കുവെച്ചു. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളില്ല എന്നാണ് നേഴ്‌സുമാര്‍ അറിയിക്കുന്നത്. ചിലര്‍ക്ക് രോഗബാധയുടെ ആശങ്കയുണ്ട്. നേഴ്‌സുമാരായവര്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കുവാനുള്ള ക്രമീകതരണം കേന്ദ്രത്തിന്‍രെ ഭാഗത്ത് നിന്നുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.*

🅾️ *സംസ്ഥാനത്ത് 1316 കമ്യൂണിറ്റി കിച്ചണുകളാണ് നിലവില്‍ പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജന്‍. 2,70,913 പേര്‍ക്ക് അവയിലൂടെ ബുധനാഴ്ച ഭക്ഷണം നല്‍കി. ഇതില്‍ 2,45,607 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് താമസ സ്ഥലത്ത് ഭക്ഷണം എത്തിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഫാക്ടറികളില്‍ താമസിക്കുകയും അവിടെനിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുന്ന അതിഥി തൊഴിലാളികളുണ്ട്. ചില തൊഴിലുടമകള്‍ ഭക്ഷണ സമയത്ത് സര്‍ക്കാരിന്റെ ഭക്ഷണ വിതരണ കേന്ദ്രത്തില്‍പ്പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ദ്ദേശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. അത് ശരിയല്ല. തൊഴിലാളികള്‍ക്ക് നല്‍കിവന്ന സൗകര്യങ്ങള്‍ തൊഴിലുടമകള്‍ തുടര്‍ന്നും ഉറപ്പാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു*

🅾️ *കൊറോണ വൈറസ് ബാധിതരായ വ്യക്തികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുടെ ഫോണില്‍നിന്ന് ആശംസാ സന്ദേശം എത്തിയ സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അനാവശ്യമായ ഇടപെടലാണ് അതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരത്തിലൊരു ആശംസാ സന്ദേശം ഈ ഘട്ടത്തില്‍ ഒരു പൊതുപ്രവര്‍ത്തകനും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.*

🅾️ *കൊറോണ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാനസിക സംഘര്‍ഷത്തിന് ഇരയാകുന്നവര്‍ക്ക് കൗണ്‍സിലിങ് നല്‍കാന്‍ 947 കൗണ്‍സലര്‍മാരെ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെ കൗണ്‍സിലിങ് കൂടുതല്‍ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഒരാളുടെ കുടുംബാഗം ആത്മഹത്യ ചെയ്തെന്ന വാര്‍ത്തയും രോഗം പൂര്‍ണമായും ഭേദപ്പെട്ട് വീട്ടില്‍ തിരിച്ചെത്തിയ ഒരാളെ ഭാര്യ അകത്തേക്ക് കയറ്റിയില്ലെന്ന വാര്‍ത്തയും എല്ലാവരിലും അസ്വാസ്ത്യം ഉണ്ടാക്കുന്നതാണ്. അജ്ഞതകൊണ്ടും തെറ്റുദ്ധാരണകൊണ്ടും ഭയം കൊണ്ടുമാണ് ഇത്തരം അനുഭവങ്ങളുണ്ടാകുന്നത്. അതുകൊണ്ടുതന്നെ കൗണ്‍സിലിങും ഇതര ബോധവത്‌കരണ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.കൊറോണ സംബന്ധിച്ച തെറ്റുദ്ധാരണ പരത്തുന്ന പല പ്രചരണങ്ങളും ചുറ്റും നടക്കുന്നുണ്ട്. എന്നാല്‍ ആരോഗ്യവകുപ്പ് നല്‍കുന്ന ഔദ്യോഗിക കാര്യങ്ങള്‍ മാത്രമാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കേണ്ടത്. അല്ലാത്തവ കണ്ടെത്തി തടയണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.*

🅾️ *കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കാനുള്ള സാലറി ചാലഞ്ചിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ജീവനക്കാരുടെ പ്രതികരണം തേടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍നടപടി എടുക്കും. അതേസമയം എല്ലാ സര്‍ക്കാര്‍ ജീവനക്കാരും ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമായും നല്‍കണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനും നിര്‍ദേശമുണ്ട്. മുഖ്യന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഇതിനകംതന്നെ ഒരു ലക്ഷം രൂപ നല്‍കിയിട്ടുണ്ട്.സാലറി ചലഞ്ചില്‍ പങ്കെടുക്കാത്ത ജീവനക്കാരുടെ ശമ്പളം മറ്റു സംസ്ഥാന സര്‍ക്കാരുകളുടെ മാതൃകയില്‍ വെട്ടിക്കുറയ്ക്കുന്നതും ആലോചനയുണ്ട്. എല്ലാ ജീവനക്കാരുടെയും ഒരുമാസത്തെ ശമ്ബളം ദുരിതാശ്വാസനിധിയില്‍ എത്തുമെന്ന് ഉറപ്പു വരുത്താനാണിത്.*

🅾️ *കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്താന്‍ വിഷമിക്കുന്നതിനിടെ ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നതിന് പവന്‍ഹാന്‍സ്‌ കമ്പനിക്ക് 1.5 കോടി രൂപ കൈമാറി. ചൊവ്വാഴ്ചയാണ് ഈ തുക ട്രഷറിയില്‍ നിന്ന് പിന്‍വലിച്ചത്. അതേസമയം പണം പിന്‍വലിച്ചത് സ്വാഭാവിക നടപടിയാണെന്നും ഇത് സംബന്ധിച്ച്‌ ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിറക്കിയിരുന്നുവെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. 1.7 കോടി രൂപക്കാണ് പവന്‍ഹാന്‍സ്‌ കമ്പനയുമായി കരാര്‍ ഒപ്പുവെച്ചത്. ഇതിന്റെ അഡ്വാന്‍സ് തുകയായി ആണ് ഇപ്പോള്‍ 1.5കോടി രൂപ കമ്പനിക്ക് കൈമാറിയത്.*

🅾️ *കൊറോണക്കാലത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമുള്‍പ്പടെ പിടിച്ചെടുത്ത് സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍, ധൂര്‍ത്ത് നടത്തി ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഈ പ്രതിസന്ധിക്കാലത്ത് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് ഒന്നരക്കോടി രൂപ നല്‍കിയത് അംഗീകരിക്കാനാകില്ല. ഒന്നിനും പണമില്ലന്ന് വിലപിക്കുന്ന ധനമന്ത്രി തോമസ് ഐസക് ജനങ്ങളെ കബളിപ്പിക്കുകയാണ്. ധൂര്‍ത്ത് അവസാനിപ്പിച്ച്‌ സാമ്പത്തിക അച്ചടക്കം പാലിക്കുകയാണ് ധനമന്ത്രി ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രളയകാലത്ത് സര്‍ക്കാര്‍ ജീവനക്കാരും സാധാരണ ജനങ്ങളുമുള്‍പ്പടെ ദുരിതാശ്വാസ നിധിയിലേക്ക് കൈ അയച്ച്‌ സഹായം നല്‍കി. എന്നാല്‍ ആ പണം കൃത്യമായി വിനിയോഗിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുകയാണുണ്ടായത്. ദുരിതബാധിതര്‍ക്ക് സഹായം ലഭിച്ചില്ലന്നു മാത്രമല്ല, സിപിഎം നേതാക്കള്‍ പണം തട്ടിയെടുക്കുന്ന സംഭവവും ഉണ്ടായി. പാര്‍ട്ടി നേതാക്കള്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിച്ചപ്പോള്‍ ഫണ്ട് വകമാറ്റി ചെലവഴിച്ചും ധൂര്‍ത്തടിച്ചും സര്‍ക്കാരും അവര്‍ക്കൊപ്പം ചേരുകയാണുണ്ടായത്. ഇപ്പോള്‍ ദുരിതാശ്വാസത്തിന്റെ പേരില്‍ വീണ്ടും ശമ്പളമുള്‍പ്പടെ പിടിച്ചെടുക്കാന്‍ തീരുമാനിക്കുമ്പോൾ എന്തു വിശ്വസിച്ച്‌ പണം നല്‍കുമെന്ന് സുരേന്ദ്രന്‍ ചോദിച്ചു. ഈ പണവും ധൂര്‍ത്തടിക്കുകയും സിപിഎം നേതാക്കള്‍ തട്ടിക്കുകയും ചെയ്യില്ലന്ന് എന്താണുറപ്പെന്നും അദ്ദേഹം ചോദിച്ചു. നിര്‍ബന്ധിത സാലറി ചലഞ്ചില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. കഴിവും മനസുമുള്ളവര്‍ പണം നല്‍കട്ടെ. ആ പണം കൃത്യമായി വിനിയോഗിക്കുന്നുണ്ടെന്ന ഉറപ്പ് സര്‍ക്കാര്‍ നല്‍കണം. കൊറോണ നിയന്ത്രണത്തിന് സ്വന്തം സുരക്ഷ പോലും നോക്കാതെ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, പോലീസുകാര്‍, ശുചീകരണത്തിലേര്‍പ്പെട്ടവര്‍ തുടങ്ങി അവശ്യ സര്‍വീസിലുള്ളവരുടെ ശമ്പളം ദുരിതാശ്വാസത്തിന് വാങ്ങില്ലെന്നും സര്‍ക്കാര്‍ തീരുമാനിക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.*

🅾️ *പ്രളയ ദുരിതശ്വാസം പോലെയാകരുത് കൊറോണ ദുരിതാശ്വാസമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയ ദുരിതാശ്വാസഫണ്ട് പ്രത്യേകമായ ഒരു അക്കൗണ്ടില്‍ സൂക്ഷിക്കണമെന്ന് ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞു. പിന്നാലെ വന്ന സംഭവങ്ങള്‍ അങ്ങനെ സൂക്ഷിക്കാത്തതിന്റെ പോരായ്മ തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ‘കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് നല്‍കിയ തുക സര്‍ക്കാര്‍ പാഴാക്കി. ഖജനാവ് കാലിയായത് സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും കാരണമാണ്. പ്രളയസഹായം ഇപ്പോഴും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. അര്‍ഹതയില്ലാത്ത പലര്‍ക്കും ലഭിക്കുകയുംചെയ്തു. പതിനായിരം രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തന്നെ 10 ലക്ഷം രൂപ പ്രളയഫണ്ട് തട്ടിപ്പ് നടത്തി.50 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പും പുറത്തു വരുന്നുണ്ട്. കൊറോണ ദുരിതാശ്വാസത്തിന് പ്രത്യേക അക്കൗണ്ട് തുടങ്ങണം. പ്രളയകാലത്ത് ജനം നല്‍കിയ ഫണ്ട് തെറ്റായ രീതിയില്‍ ചിലവാക്കിയതിനെ ആളുകള്‍ ചോദ്യം ചെയ്യുന്നുണ്ട്’ ചെന്നിത്തല പറഞ്ഞു. “അതേസമയം, സാലറി ചാലഞ്ചിനോട് ഞങ്ങള്‍ യോജിപ്പാണുള്ളത്. എന്നാല്‍ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടി കണക്കിലെടുത്ത് സര്‍വീസ് സംഘടനകളോട് വിശദമായി ചര്‍ച്ച നടത്തണം.” നിര്‍ബന്ധമായി നടപ്പാക്കാതെ അവരുടെ നിര്‍ദേശം ഉള്‍ക്കൊണ്ടുവേണം മുന്നോട്ട്‌ പോകാനെന്നും അദ്ദേഹം വ്യക്തമാക്കി.*

🅾️ *മദ്യാസക്തര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം വീട്ടിലെത്തിച്ചു നല്‍കാന്‍ നടപടികളുമായി ബിവറേജസ് കോര്‍പറേഷന്‍. 100 രൂപ സര്‍വ്വീസ് ചാര്‍ജ് ഈടാക്കി എസ്‌എല്‍ 9 ലൈസന്‍സുള്ള ഗോഡൗണില്‍ നിന്ന് മദ്യവിതരണം നടത്താനാണ് ബെവ്‌കോയുടെ തീരുമാനം. ബിയറും വൈനും വിതരണം ചെയ്യില്ല. പകരം വില അധികമില്ലാത്ത റമ്മും ബ്രാന്‍ഡിയുമാണു വിതരണം ചെയ്യുന്നത്. അതേസമയം,മൂന്നു ലിറ്ററില്‍ അധികം മദ്യം നല്‍കാന്‍ പാടില്ലെന്നും ഒരു ദിവസം വരുന്ന പാസുകളുടെ എണ്ണം കണക്കാക്കി ഒരുമിച്ചു മദ്യം വിതരണം ചെയ്യണമെന്നും സഞ്ചരിക്കേണ്ട ദൂരം, പാസുകളുടെ എണ്ണം എന്നിവ കണക്കാക്കി ആവശ്യമായ വാഹനം വെയര്‍ഹൗസ് മാനേജര്‍മാര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.മാത്രമല്ല മദ്യവിതരണത്തിനായി ഒരു വാഹനത്തില്‍ രണ്ടു തൊഴിലാളികളെ ചുമതലപ്പെടുത്തണം. വാഹനത്തിനുള്ള പാസും ജീവനക്കാരുടെ പാസും പൊലീസ് സ്റ്റേഷനില്‍ നിന്നു വാങ്ങണം. വെയര്‍ഹൗസിലെ കംപ്യൂട്ടര്‍ പ്രോഗ്രാമര്‍ സ്റ്റോക്കിന്റെ കണക്ക് ദിവസേന രേഖപ്പെടുത്തണമെന്നും ബെവ്‌കോ എംഡി ജി. സ്പര്‍ജന്‍ കുമാറിന്റെ സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു. ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്‌സൈസ് പാസ് നല്‍കുന്നവര്‍ക്ക് മദ്യം ലഭ്യമാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ചാര്‍ജ് ഈടാക്കി മദ്യം വീട്ടിലെത്തിച്ച്‌ നല്‍കാന്‍ ബെവ്‌കോ തീരുമാനിച്ചത്.*

🅾️ *സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യ വിഭവ കിറ്റ് വിതരണം ഏപ്രില്‍ ആദ്യവാരം മുതല്‍ ആരംഭിക്കുമെന്നാണ് സപ്ലൈകോ സി.എം.ഡി: പി.എം.അലി അസ്ഗര്‍ പാഷ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.പഞ്ചസാര(ഒരു കിലോ),ചായപ്പൊടി(250 ഗ്രാം), ഉപ്പ് (ഒരു കിലോ), ചെറുപയര്‍ (ഒരു കിലോ),കടല (ഒരു കിലോ), വെളിച്ചെണ്ണ (അര ലിറ്റര്‍), ആട്ട (രണ്ടു കിലോ),റവ(ഒരു കിലോ), മുളകുപൊടി (100 ഗ്രാം), മല്ലിപ്പൊടി( 100 ഗ്രാം), പരിപ്പ്(250 ഗ്രാം), മഞ്ഞള്‍പ്പൊടി (100 ഗ്രാം), ഉലുവ(100 ഗ്രാം),കടുക് (100 ഗ്രാം),സോപ്പ് ( രണ്ടെണ്ണം), സണ്‍ ഫ്ളവര്‍ ഓയില്‍ (ഒരു ലിറ്റര്‍), ഉഴുന്ന് (ഒരു കിലോ) എന്നീ പതിനേഴ് വിഭവങ്ങളാണ് കിറ്റുകളിലുണ്ടാകുക. കൊറോണക്കാലത്ത് ആരും ഭക്ഷണമില്ലാതിരിക്കരുത് എന്ന സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് ഭക്ഷ്യവിഭവങ്ങള്‍ സപ്ലൈകോ റേഷന്‍ കടകളിലൂടെ വിതരണത്തിനെത്തിക്കുന്നതെന്ന് സി.എം.ഡി. അറിയിച്ചു. 1000 രൂപ വില വരുന്ന വിഭവങ്ങളാണ് കിറ്റിലുള്ളത്. ഭക്ഷ്യവിഭവങ്ങള്‍ക്കുള്ള സഞ്ചിയും ഇതോടൊപ്പമുണ്ട്. ഇതിനായി സര്‍ക്കാര്‍ 350 കോടിരൂപ സി.എം.ഡി.ആര്‍.എഫില്‍ നിന്നും ആദ്യഗഡുവായി അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 56 ഡിപ്പോകളിലും ഗാന്ധിനഗറില്‍ ഹെഡ് ഓഫീസിലും തിരഞ്ഞെടുത്ത സൂപ്പര്‍മാര്‍ക്കറ്റുകളിലുമാണ് വിതരണത്തിനുള്ള കിറ്റുകള്‍ തയ്യാറാക്കുന്നത്.*

🅾️ *കളമശേരി മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കോവിഡ് ചികിത്സയിലിരുന്ന ബ്രിട്ടീഷ് പൗരന്‍ ആശുപത്രി വിട്ടു. മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ സംഘത്തില്‍ ആദ്യമായി കോവിഡ് സ്ഥിരീകരിച്ച ബ്രയാന്‍ നീല്‍ (57) രോഗം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ആയത്. നിരീക്ഷണത്തിലിരിക്കേ മൂന്നാറിലെ റിസോര്‍ട്ടില്‍ നിന്നും ഇയാള്‍ ഉള്‍പ്പെടുന്ന സംഘം ചാടിപ്പോയത് പരിഭ്രാന്തി പരത്തിയിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്ന ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ സംഘത്തെ നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു.*

🅾️ *കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ കൊറിയര്‍ സര്‍വീസ്, മൊബൈല്‍ റീച്ചാര്‍ജിങ് ഷോപ്പുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ സേവനങ്ങളുടെ പ്രവര്‍ത്തനസമയം നിശ്ചയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉത്തരവിട്ടു. അവശ്യസേവനങ്ങളായി ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട വ്യവസായ യൂണിറ്റുകള്‍, നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരെ ചുമതലപ്പെടുത്തി. ജില്ലയില്‍ കൊറിയര്‍/പാഴ്‌സല്‍ സര്‍വീസ് നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു മണി വരെയായിരിക്കും. വിതരണ സമയം രാത്രി എട്ടു മണി വരെയാണ്.മൊബൈല്‍ റീചാര്‍ജിങ് ഷോപ്പുകള്‍ ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയില്‍ രണ്ടെണ്ണം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെ പ്രവര്‍ത്തിക്കാം. മൊബൈല്‍ റീചാര്‍ജിങ് സേവനം മാത്രം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കേ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളൂ. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കലും വില്‍പനയും നടത്തുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചുവരെയായിരിക്കും. ഈ സ്ഥലങ്ങളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല. പാഴ്‌സല്‍ വിതരണ സമയം രാത്രി എട്ടു മണി വരെ ആണെങ്കിലും അനുബന്ധ പാക്കേജിംഗ് മെറ്റീരിയലുകള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയവും രാവിലെ ഏഴു മുതല്‍ വൈകിട്ട് അഞ്ചു വരെയായിരിക്കും. ഇക്കാര്യങ്ങള്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍ പരിശോധിക്കണം. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും സുരക്ഷാ നിര്‍ദേശങ്ങളും പാലിച്ചുകൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റു ചെറുകിട വ്യവസായ യൂണിറ്റുകള്‍ക്ക് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അ‌നുമതി നല്‍കും. ഇവശയെ സംസ്ഥാനസര്‍ക്കാര്‍ ആവശ്യ സേവനങ്ങള്‍ക്കായി ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണിത്. ഇത്തരം സ്ഥാപനങ്ങള്‍ രോഗവ്യാപനം തടയുന്നതിനുള്ള എല്ലാ സുരക്ഷാനിര്‍ദേശങ്ങളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്. ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപന ഉടമയ്ക്കായിരിക്കും. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.*

🅾️ *കേരളത്തില്‍ നിന്നുള്ള പാല്‍വണ്ടികള്‍ തമിഴ്‌നാട്ടിലേക്ക് കടത്തിവിടേണ്ടെന്ന തീരുമാനത്തില്‍ നിന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പിന്‍വാങ്ങിയതോടെ മലബാര്‍ മില്‍മ നേരിടുന്ന പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. ഇന്ന് പാലെടുക്കുന്നത് നിര്‍ത്തിയിരുന്നെങ്കിലും നാളെ മുതല്‍ 70 ശതമാനം പാലും സഭരിക്കുമെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.എം വിജയകുമാരന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രാവിലത്തെ മുഴുവന്‍ പാലും എടുക്കാനാണ് ധാരണ. കേരളത്തില്‍ മിച്ചം വരുന്ന ആവുന്നത്ര പാല്‍ സ്വീകരിക്കാമെന്നും പാല്‍പൊടിയായി സൂക്ഷിക്കാമെന്നും തമിഴ്‌നാട് സമ്മതിച്ചു. ഇതിന് പുറമെ ആന്ധ്രയിലെ ഗുണ്ടൂരിലേക്കും ഇത്തരത്തില്‍ പാല്‍ അയക്കാന്‍ ധാരണയായിട്ടുണ്ട്.*

🅾️ *ആറ് കോവിഡ് 19 പോസീറ്റീവ് കേസുകളില്‍ ഒരാള്‍ക്ക് രോഗം ഭേദമായതോടെ കോഴിക്കോടിന് ആശ്വാസ ദിനം. കിഴക്കോത്ത് സ്വദേശിനിയായ സ്ത്രീയെ അസുഖം ഭേദമായി ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇതോടെ അഞ്ച് കോഴിക്കോട് സ്വദേശികളുടെ പോസിറ്റീവ് കേസുകളാണ് ജില്ലയില്‍ അവശേഷിക്കുന്നത്. ഇന്നും ജില്ലയില്‍ പുതിയ പോസിറ്റീവ് കേസുകളില്ല. ഇനി 14 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്. ആകെ 21,485 പേരാണ് വീടുകളിലും ആശുപത്രികളിലുമായി നിരീക്ഷണത്തിലുള്ളത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള 23 പേരാണ് ആകെ ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9 പേര്‍ ഇന്ന് പുതുതായി അഡ്മിറ്റായവരാണ്.ഇന്ന് മാത്രം 11 സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 268 സാമ്പിളുകൾ പരിശോധനയ്ക്കയച്ചതില്‍ 254 എണ്ണത്തിന്റെ ഫലമാണ് ലഭിച്ചത്.*

🅾️ *കോഴിക്കോട് ബീച്ച്‌ ആശുപത്രിയില്‍ ലഭ്യമായിരുന്ന കോവിഡ് 19 ചികിത്സ പൂര്‍ണമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു. നേരത്തെ ബീച്ച്‌ ആശുപത്രിയില്‍ ലഭിച്ചു കൊണ്ടിരുന്ന മറ്റെല്ലാ ചികിത്സകളും തുടര്‍ന്ന് ലഭിക്കുന്നതാണെന്നും പൊതുജനങ്ങള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.*

🅾️ *സഹോദരന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. ഊരകം അത്താണിക്കുണ്ട് കൊട്ടേക്കാട്ട് പരേതനായ അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ്കുട്ടി(51)യാണ് തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചത്. കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുസമദിനെ (41) പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പോലീസ് പറയുന്നതിങ്ങനെ: കേസില്‍ പ്രതിയായ അബ്ദുസമദിന്റെ വീടിനുസമീപം മുഹമ്മദ്കുട്ടിക്ക് നാലരസെന്റ് ഭൂമിയുണ്ട്. ഈ ഭൂമിയില്‍ അബ്ദുസമദ് തന്റെ പറമ്പിലെ ചില മരങ്ങള്‍ മുറിച്ചിട്ടിരുന്നു. ഇതുമാറ്റാന്‍ പലതവണ മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. സംഭവദിവസം രാവിലെ പത്തേമുക്കാലോടെ മുഹമ്മദ്കുട്ടി എത്തി മരങ്ങളില്‍ കരിഓയില്‍ ഒഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചു. ഈസമയം അബ്ദുസമദ് സ്വന്തം വീട്ടില്‍നിന്ന് മണ്ണെണ്ണ കൊണ്ടുവന്ന് ജ്യേഷ്ഠന്റെ ദേഹത്തൊഴിച്ച്‌ തീകൊളുത്തുകയായിരുന്നു. പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ്കുട്ടിയില്‍നിന്ന് വേങ്ങര പോലീസിന്റെ അപേക്ഷ പരിഗണിച്ച്‌ കോഴിക്കോട് സി.ജെ.എം 4 കോടതി മൊഴിയെടുത്തു. വ്യാഴാഴ്ച അറസ്റ്റ്ചെയ്ത പ്രതിയെ വെള്ളിയാഴ്ച മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു.*

🅾️ *സമൂഹ അടുക്കളകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിഷം കലര്‍ത്തുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ ചാമക്കാല കോലോത്തുംപറമ്പിൽ അബ്ദുറഹ്മാന്‍ കുട്ടിയാണ് അറസ്റ്റിലായത്.കോണ്‍ഗ്രസ്, ബി.ജെ.പി., മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളെ സമൂഹ അടുക്കളയിലേക്ക് അടുപ്പിക്കരുതെന്നും അവര്‍ വിഷം കലര്‍ത്തുമെന്നും പ്രചരിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. കോണ്‍ഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം കമ്മിറ്റി, ബി.ജെ.പി. എടത്തിരുത്തി പഞ്ചായത്ത് കമ്മിറ്റി, മുസ്ലിം ലീഗ് കയ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി എന്നിവര്‍ കൊടുത്ത പരാതിയിലാണ് നടപടി.*

🅾️ *അരി പൊടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ വീട്ടമ്മയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി.പെരുമ്പിള്ളശ്ശേരി മൈമ്ബിള്ളി വീട്ടില്‍ രാമന്റെ ഭാര്യ സരസ്വതി (68)യാണ് മരിച്ചത്. ചെവ്വൂര്‍ പാമ്പാൻതോടിനു സമീപത്തുള്ള ഇവരുടെ പറമ്പിലെ കുളത്തിലാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ വീടിന് സമീപത്തെ ധാന്യം പൊടിപ്പിക്കുന്ന കടയില്‍ അരി ഏല്‍പ്പിച്ച ശേഷമാണ് പോയത്. ഉച്ചയായിട്ടും തിരിച്ചു വരാത്തതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. ശരീരത്തില്‍ കല്ല് കെട്ടിയ നിലയില്‍ ആയിരുന്നു. സ്വര്‍ണമാല വീട്ടില്‍ ഊരി വെച്ചിട്ടുണ്ട്. ആത്മഹത്യയാകാനാണ് സാധ്യതയെന്ന് ചേര്‍പ്പ് പോലീസ് പറഞ്ഞു.*

🅾️ *ഇലക്ഷന്‍ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രേണുവിന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമായിരുന്നു ഇന്നലെ. കോവിഡ് ഭീതിയില്‍ പകച്ചു നില്‍ക്കുന്ന സംസ്ഥാനത്തിന് ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപ സംഭാവന നല്‍കി മാതൃക കാട്ടിയാണ് അവര്‍ വിശ്രമ ജീവിതത്തിലേക്ക് കടക്കുന്നത്. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാലറി ചലഞ്ചിനും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് രേണു പറഞ്ഞു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ജില്ലാതല അവലോകന യോഗത്തിനെത്തിയ മന്ത്രി വി.എസ്.സുനില്‍ കുമാറിന് ചെക്ക് കൈമാറി. 31 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതത്തിനിടെ ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും അവര്‍ പങ്കുവെക്കുന്നു*

🅾️ *അതിഥി തൊഴിലാളികള്‍ക്ക് നാട്ടില്‍ പോകാന്‍ തീവണ്ടിയുണ്ടെന്ന വ്യാജസന്ദേശം നല്‍കിയ യു.പി. സ്വദേശിയെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.അമ്പലപ്പുഴയ്ക്കടുത്ത് വളഞ്ഞവഴിയില്‍ വാടകയ്ക്ക് താമസിക്കുന്ന നിര്‍മാണത്തൊഴിലാളി ഇംറാനെ(30)യാണ് സി.ഐ. ടി.മനോജും സംഘവും അറസ്റ്റ് ചെയ്തത്. വ്യാജസന്ദേശം ലഭിച്ച്‌ തൊഴിലാളികള്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. ഇവരില്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പർ സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ പരിശോധിച്ചാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.*

🅾️ *യൂട്യൂബ് വീഡിയോയില്‍ വാറ്റുന്നത് കണ്ടു പഠിച്ച്‌ വീട്ടില്‍ ചാരായമുണ്ടാക്കി വിറ്റയാള്‍ പോലീസ് പിടിയിലായി. പൂജപ്പുര ക്ഷേത്രത്തിനുസമീപം ഗൗരിവിലാസത്തില്‍ ചന്ദ്രലാല്‍ (ലാലു-37) ആണ് ചൊവ്വാഴ്ച പുലര്‍ച്ചെ പിടിയിലായത്. പ്രദേശത്ത് ചാരായം സുലഭമാണെന്ന വിവരം ലഭിച്ച പോലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ്‌ അറസ്റ്റ്. മൂന്നുദിവസം മുന്‍പ് ചന്ദ്രലാല്‍ ഭാര്യയെ വീട്ടില്‍നിന്ന് മാറ്റി. നിര്‍മാണത്തൊഴിലാളിയായ ഇയാള്‍ യൂട്യൂബ് വീഡിയോ കണ്ടാണ്‌ വാറ്റുപകരണങ്ങള്‍ നിര്‍മിച്ചതും ചാരായം വാറ്റിയതുമെന്ന് പോലീസിനോട് പറഞ്ഞു. വാറ്റിയെടുത്ത ഒരു ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും ചന്ദ്രലാലിന്റെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.*

🅾️ *കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച്‌ ചികിത്സയില്‍ ആയിരുന്ന നാലു മലയാളികള്‍ കേരളത്തിനു പുറത്തു മരിച്ചു. യു.എസില്‍ രണ്ടു പേരും ദുബായിയിലും മുംബൈയിലും ഓരോ മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനായ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ്(43) ന്യൂയോര്‍ക്കിലാണ് മരിച്ചത്. ന്യൂജഴ്സിയില്‍ മരിച്ച കുഞ്ഞമ്മ സാമുവല്‍ (85) ആണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് യു.എസില്‍ മരിച്ച രണ്ടാമത്തെ മലയാളി. എറണാകുളം രാമമംഗലം സ്വദേശിയാണ്. സാക്കിനാക്കയില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശി അശോകനാ(60)ണ് മുംബൈയില്‍ മരിച്ചത്. ചൊവ്വാഴ്ചയാണ് ഇയാള്‍ പനി ബാധിച്ച്‌ വീട്ടില്‍വച്ച്‌ മരിച്ചത്.ഒരാഴ്ച മുമ്ബേ പനി ബാധിച്ച ഇദ്ദേഹം ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോൾ പനി മൂര്‍ച്ഛിച്ചാണ് മരിക്കുന്നത്. മരണശേഷം ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്. മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഏറെ താമസിക്കുന്ന ചേരിപ്രദേശമാണ് സാക്കിനാക്കി. കൊറോണ വൈറസ് ബാധിച്ച്‌ ദുബായില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചതായി തൃശൂരിലെ ബന്ധുക്കള്‍ അറിയിച്ചു. തൃശൂര്‍ കൈപ്പമംഗലം സ്വദേശി മൂന്നുപീടിക തേപറമ്പിൽ പരീദാ(67)ണ് മരിച്ചത്. മറ്റു പല രോഗങ്ങള്‍ക്കുമായി ദുബായ് റാശിദ് ആശുപത്രിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. ഇതിനിടയിലാണ് കൊറോണ സ്ഥിരീകരിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇയാളുടെ കുടുംബവും ദുബായില്‍ നീരീക്ഷണത്തിലാണ്.*

🅾️ *വ്യാജമദ്യ നിര്‍മാണത്തിനിടെ മുന്‍ എക്സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കാപ്പില്‍ സ്വദേശി ഹാരി ജോണ്‍ ആണ് കായംകുളത്ത് എക്‌സൈസിന്റെ പിടിയിലായത്‌. 500 ലിറ്റര്‍ വ്യാജമദ്യവും ലേബലുകളും വാറ്റ് ഉപകരണങ്ങളും ഇയാളില്‍ നിന്ന് കണ്ടെടുത്തു. വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ഇയാള്‍ വ്യാജമദ്യ നിര്‍മാണം നടത്തിയിരുന്നത്. സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് നേരത്തെ ഇയാളെ എക്സൈസില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ കൂട്ടാളിയായ രാഹുല്‍ എന്ന യുവാവിനെ 28 മദ്യക്കുപ്പികളുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് കായംകുളത്ത് വാടക വീട് കേന്ദ്രീകരിച്ച്‌ നടത്തിയ വ്യാജമദ്യ നിര്‍മാണം പിടികൂടിയത്.*

*🇮🇳 ദേശീയം 🇮🇳*
——————>>>>>>>>>>

🅾️ *രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നതായി കണക്കുകള്‍. അവസാന 10 ദിവസത്തിനിടെ 1100ലേറെ പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ജനുവരി 29നാണ് രാജ്യത്ത് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥിക്കായിരുന്നു ഇത്. മാര്‍ച്ച്‌ 10 വരെ കുറഞ്ഞ അളവില്‍ മാത്രമായിരുന്നു രോഗവ്യാപനം. മാര്‍ച്ച്‌ 10ന് വെറും 50 കേസുകള്‍ മാത്രമായിരുന്നു രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടായിരുന്നത്. മാര്‍ച്ച്‌ 20ഓടെ ഇത് 196 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മാര്‍ച്ച്‌ 20ന് ശേഷം കോവിഡ് നിരക്കില്‍ വന്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ കാണിക്കുന്നത്.വെറും 10 ദിവസം കൊണ്ട് രോഗബാധിതരുടെ എണ്ണം 196ല്‍ നിന്ന് 1397 ആയി ഉയര്‍ന്നു. നിലവില്‍ 1637 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മാത്രം 386 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.:മരണസംഖ്യ 55 ആയി ഉയര്‍ന്നിരിക്കുകയാണ്. നിസാമുദ്ദീനിലെ തബ്​ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 1800 പേരെ കോവിഡ് സാധ്യത മുന്‍നിര്‍ത്തി വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ നിര്‍ത്തിയിരിക്കുകയാണ്.*

🅾️ *കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും രോഗബാധിതരുടെ ചികിത്സക്കും നേതൃത്വം നല്‍കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മരണം സംഭവിച്ചാല്‍ കുടുംബത്തിന് ഒരു കോടി രൂപ അനുവദിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. അവരുടെ സേവനത്തോടുള്ള ബഹുമാനമായാണ് തുക നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണ തൊഴിലാളി ആയാലും ഡോക്ടറോ നഴ്സോ ആയാലും കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി മരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തുക നല്‍കും. സ്വകാര്യ, പൊതു മേഖല എന്ന വ്യത്യാസവും ഇക്കാര്യത്തില്‍ ഉണ്ടാവില്ലെന്ന് കെജ്രിവാള്‍ വ്യക്തമാക്കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട ഡോക്ടര്‍മാര്‍, നഴ്സുമാര്‍, പാരാമെഡിക്കല്‍ രംഗത്തുള്ളവര്‍, സാങ്കേതിക വിദഗ്ധര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് 50 ലക്ഷത്തിന്‍റെ ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുമെന്ന കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ പ്രസ്താവനക്ക് പിന്നാലെയാണ് കെജ്രിവാളിന്‍റെ പ്രഖ്യാപനം.*

🅾️ *കേന്ദ്ര സര്‍ക്കാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച്‌ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. രണ്ട് ഇന്ത്യയുണ്ടെന്നും ഒരു ഇന്ത്യ വീട്ടിലിരുന്ന് യോഗ ചെയ്യുകയും രാമായണം കാണുകയും ചെയ്യുമ്പോൾ മറ്റൊരു ഇന്ത്യ വീടെത്താനും അതിജീവനത്തിനായും പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. ‘രണ്ട് ഇന്ത്യയുണ്ട്. ഒന്ന് വീട്ടില്‍ യോഗ ചെയ്യുന്നു, രാമായണം കാണുന്നു, അന്തക്ഷാരി കളിക്കുന്നു. മറ്റൊന്ന് വീട്ടിലെത്താന്‍ ശ്രമിക്കുന്നു. അതിജീവനത്തിനായി പോരാടുന്നു. ഭക്ഷണമില്ലാതെ, പാര്‍പ്പിടമില്ലാതെ, സഹായമില്ലാതെ’- കപില്‍ സിബല്‍ ട്വിറ്ററില്‍ കുറിച്ചു.ലോക്ക്ഡൗണിലായിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ യോഗ പരിശീലിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചിരുന്നു.വാര്‍ത്താ വിതരണ മന്ത്രി പ്രകാശ് ജാവദേക്കര്‍ വീട്ടിലിരുന്ന് രാമായണം കാണുന്നതും കേന്ദ്രമന്ത്രി സ്മൃതി ഇറാനി ജനത കര്‍ഫ്യൂ വേളയില്‍ അന്തക്ഷാരി കളിക്കുന്നതും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനെ പരോക്ഷമായി പരിഹസിച്ചു കൊണ്ടാണ് സിബലിന്റെ വിമര്‍ശനം.*

🅾️ *ലോക്ക്ഡൗണ്‍ കാലത്ത് ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തിപ്പെടാന്‍ ‘മൃതദേഹ’മായി അഭിനയിച്ച ആളെ പൊലീസ് കയ്യോടെ പിടികൂടി. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലുള്ള ഹക്കിം ദീന്‍ എന്നയാളാണ് അറസ്റ്റിലായത്.* *പരിക്കുകളെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഹക്കിം. പരിക്ക് ഭേദമായി ഡിസ്ചാര്‍ജ് ആയ സമയത്താണ് രാജ്യവ്യാപക ലോക്ക്ഡൗണ്‍ വരുന്നത്.* *ഇതോടെ വീട്ടിലെത്താനാകാതെ ഇയാള്‍ കുടുങ്ങി. പിന്നാലെ മൂന്നു പേരുടെ സഹായത്തോടെ താന്‍ മരിച്ചതായി ഹക്കിം വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയാറാക്കുകയും ആംബുലന്‍സ് ഏര്‍പ്പാടാക്കി വീട്ടിലേക്ക് പുറപ്പെടുകയും ചെയ്തു. എന്നാല്‍, വഴിമധ്യേ പൊലീസ് ആംബുലന്‍സ് തടഞ്ഞ് പരിശോധിച്ചു. മരിച്ചുവെന്ന് സര്‍ട്ടിഫിക്കറ്റിലുള്ളയാള്‍ ജീവനോടെ ഇരിക്കുന്നതാണ് പൊലീസ് കണ്ടെത്തിയത്. ഹക്കിമിനെയും മരണ സര്‍ട്ടിഫിക്കറ്റ് തയാറാക്കാനും മറ്റും സഹായിച്ച മൂന്ന് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ക്വാറന്‍റീനിലാക്കി.*

🅾️ *കോവിഡ്​ 19 വൈറസിനോട്​ രാജ്യം പൊരുതുന്ന സാഹചര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഡോ. ഗിര്‍ധര്‍ ഗ്യാനി. വൈറസ്​ വ്യാപനത്തി​​​​െന്‍റ മൂന്നാം ഘട്ടത്തിലാണ്​​ രാജ്യമെന്ന്​ കോവിഡ്​ 19 ഹോസ്​പിറ്റല്‍സ്​ ടാസ്​ക്​ ഫോഴ്​സ്​ കണ്‍വീനര്‍ ഗിര്‍ധര്‍ ഗ്യാനി ‘ദി ക്വിന്‍റി’ന്​ നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ‘ഒൗദ്യോഗികമായി നമ്മള്‍ കോവിഡ്​ വ്യാപനത്തി​​​​െന്‍റ മൂന്നാം സ്​റ്റേജെന്ന്​ പറയുന്നില്ലെങ്കിലും അതാണ്​ വാസ്​തവം’. കാര്യങ്ങള്‍ മൂന്നാം ഘട്ടത്തി​​​​െന്‍റ തുടക്കത്തില്‍ എത്തിയിരിക്കുന്നു. ഇനി വരാനിരിക്കുന്ന അഞ്ച്​ മുതല്‍ പത്തു വരെയുള്ള ദിവസങ്ങള്‍ അതി നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒൗദ്യോഗിക പ്രതികരണങ്ങള്‍ സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് വന്നിട്ടില്ല. മൂന്നാം ഘട്ടം എന്നത്​ വൈറസ്​ വ്യാപനത്തി​​​​ന്റെ ഏറ്റവും അപകടകരമായ ഘട്ടമാണ്​. സമൂഹ വ്യാപനം ശക്​തമാകുന്ന ഭീതിപ്പെടുത്തുന്ന സാഹചര്യം. രോഗത്തി​​​ന്റെ ഉറവിടമോ, ആര്‍ക്കൊക്കെ രോഗം പടര്‍ന്നെന്നോ കണ്ടെത്താനാവാതെ ആരോഗ്യ പ്രവര്‍ത്തകരും സര്‍ക്കാരും നിസഹായരാവുന്ന അവസ്ഥ. രാജ്യത്ത്​ നിലവില്‍ അത്തരമൊരു സാഹചര്യമാണെന്ന്​ എവിടെ നിന്നും സ്ഥിരീകരണമില്ലെങ്കിലും നാം അതിലേക്കാണ്​ നടന്നടുക്കുന്നതെന്ന്​ ഗിര്‍ധര്‍ ഗ്യാനി മുന്നറിയിപ്പ്​ നല്‍കുന്നു. വരാനിരിക്കുന്ന 10​​ ദിവസങ്ങളാണ്​ സമൂഹ വ്യാപനം തടയാനുള്ള ഏറ്റവും സുപ്രധാന ദിനങ്ങള്‍. ഇതുവരെ രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ അത്​ കാണിച്ചു തുടങ്ങുന്ന ദിവസങ്ങള്‍. നാം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.*

🅾️ *ജനങ്ങള്‍ സാമ്പത്തികപ്രയാസം അനുഭവിക്കുമ്പോൾ ചെറുകിട നിക്ഷേപത്തി​ന്റെ പലിശനിരക്ക് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൃദയശൂന്യവും ലജ്ജാകരവുമാണെന്ന് കോണ്‍ഗ്രസ്. ഷൈലോക്കിനെ പോലെ സര്‍ക്കാര്‍ ജനങ്ങളുടെ ഇറച്ചി പറിച്ചെടുക്കരുത് -കോണ്‍ഗ്രസ് വക്താവ് ജെയ്‌വര്‍ ഷെര്‍ഗില്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍നിന്ന്​ കരകയറാന്‍ ജനങ്ങളെ സഹായിക്കേണ്ട സമയത്ത്​ പലിശനിരക്ക് കുറക്കുന്നത് യുക്തിരഹിതവും അസംബന്ധവുമാണ്​. ഇതിലൂടെ പൗരന്മാരുടെ 26,000 കോടി രൂപയാണ്​ സര്‍ക്കാര്‍ സ്വന്തമാക്കുന്നത്​. ദരിദ്രരെയും സാധാരണക്കാരെയും ലക്ഷ്യമിട്ട്​ ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കാന്‍ സാമ്പത്തിക ദുരിതാശ്വാസ പാക്കേജുകള്‍ കൊണ്ടുവരണം.പലിശനിരക്ക്​ കുറച്ചത്​ 90 കോടിയോളം സാധാരണക്കാരെ, പ്രത്യേകിച്ച്‌ കര്‍ഷകരെയും മധ്യവര്‍ഗത്തെയും ദുരിതത്തിലാക്കും -വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.*

🅾️ *ജിഎസ്ടി നിരക്ക് വര്‍ധനവിനെ തുടര്‍ന്ന് രാജ്യത്ത് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലകൂടി. ആപ്പിള്‍, സാംസങ്, ഷാവോമി, ഓപ്പോ ഉള്‍പ്പടെ എല്ലാ സ്മാര്‍ട്‌ഫോണ്‍ ബ്രാന്റുകളും വില്‍പനയിലുണ്ടായിരുന്ന ഫോണുകളുടെ വില വര്‍ധിപ്പിച്ചു. ആപ്പിളിന്റ ഐഫോണുകളുടെ വില 5.2 ശതമാനമാണ് വര്‍ധിച്ചത്. 1,01,200 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 11 പ്രോയുടെ വില 1,06,600 ആയി ഉയര്‍ന്നു. 64900 രൂപ വിലയുണ്ടായിരുന്ന ഐഫോണ്‍ 11 ന്റെ വില 68300 ആയി വര്‍ധിച്ചു, ഐഫോണ്‍ ടെന്‍ ആറിന്റെ വില 49900 ല്‍ നിന്നും 52500 ആയി വര്‍ധിച്ചു. സാംസങിന്റെ ഗാലക്‌സി എസ് 20 അള്‍ട്രായ്ക്ക് 4901 രൂപ വര്‍ധിച്ച്‌ 97900 രൂപയാണ് ഇപ്പോള്‍ വില. ഗാലക്‌സി നോട്ട് 10 ലൈറ്റ് എട്ട് ജിബി റാം പതിപ്പിന് 43100 രൂപയും ഗാലക്‌സി എസ്10 ലൈറ്റിന് 42142 രൂപയുമാണ് വില.ജിഎസ്ടി നിരക്ക് വര്‍ധനയെ തുടര്‍ന്ന് സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലവര്‍ധിപ്പിക്കാതെ തരമില്ലെന്ന് നേരത്തെ തന്നെ ഷാവോമി വ്യക്തമാക്കിയിരുന്നു. ജിഎസ്ടി നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കം സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ഷാവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജെയ്ന്‍ അഭിപ്രായപ്പെട്ടിരുന്നു. ജിഎസ്ടി നിരക്ക് വര്‍ധനയ്ക്ക് പിന്നാലെ കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നുള്ള രാജ്യ വ്യാപകമായ ലോക്ക് ഡൗണ്‍ സ്മാര്‍ട്‌ഫോണ്‍ വ്യവസായത്തിന് ഇരട്ടി പ്രഹരമാണുണ്ടാക്കിയത്. നിര്‍മാണ ശാലകള്‍ അടച്ചിട്ടിരിക്കുകയാണ്. ചരക്ക് നീക്കവും വില്‍പനയും നടക്കുന്നില്ല. എന്തായാലും ലോക്ക് ഡൗണ്‍ കഴിഞ്ഞതിന് ശേഷം കൂടിയ വിലയ്ക്കാവും സ്മാര്‍ട്‌ഫോണുകള്‍ വില്‍പനയ്‌ക്കെത്തുക.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന് ഇടയാക്കിയ മതസമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീനിലെ തബ്‌ലീഗി ജമാഅത്ത് നേതാക്കള്‍ക്കെതിരേ പോലീസ് കേസെടുത്തു. ജമാഅത്തിലെ മുതിര്‍ന്ന പുരോഹിതന്‍ മൗലാന സാദ് അടക്കം ഏഴ് പേര്‍ക്കെതിരെയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിര്‍ദേശങ്ങള്‍ പാലിക്കാതെ ഒത്തുകൂടിയതിനും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷവും സന്ദര്‍ശകരെ പ്രവേശിപ്പിച്ചതിനും മൗലാന സാദ് അടക്കം ഏഴു പേരും ഉത്തരവാദികളാണെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. മൗലാന സാദിന് പുറമെ ജമാഅത്ത് അംഗങ്ങളായ സീഷാന്‍, മുഫ്തി ഷെഹ്‌സാദ്, എം. സെയ്ഫി, യുനുസ്, മുഹമ്മദ് സല്‍മാന്‍, മുഹമ്മദ് അഷ്‌റഫ് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.എന്നാല്‍ നിയമം ലംഘിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ പെട്ടെന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാലാണ് പലരും മര്‍ക്കസില്‍ കുടുങ്ങിപ്പോയതെന്നുമാണ് തബ്‌ലീഗ് ഭാരവാഹികളുടെ പ്രതികരണം. പ്രത്യേക വാഹനത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ അനുമതി തേടിയിട്ടും തങ്ങളെ അനുവദിച്ചില്ലെന്നും സംഘാടകര്‍ വിശദീകരണക്കുറിപ്പില്‍ അറിയിച്ചിരുന്നു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ സംസ്ഥാന മുഖ്യമന്ത്രിമാരുമായും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ വ്യാഴാഴ്ച ആശയവിനിമയം നടത്തും. വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം. നിസാമുദീന്‍ തബ്‌ലീഗ് മതസമ്മേളനത്തില്‍ പങ്കെടുത്തവരെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നും അടിയന്തരമായി കണ്ടെത്തേണ്ട സാഹചര്യത്തിലാണ് യോഗം. കോവിഡ് 19 വിഷയത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുമായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നിസാമുദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെയും അവരുമായി അടുത്ത് ഇടപഴകിയ എല്ലാവരെയും കണ്ടെത്തേണ്ടത് അത്യാവശ്യമാണെന്ന് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ കേന്ദ്ര കാബിനറ്റ്‌ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.*

🅾️ *ലോക്ഡൗണ്‍ പ്രതിസന്ധി നേരിടാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 21 ദിവസത്തെ വേതനം മുന്‍കൂറായി നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച്‌ അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യമൊട്ടാകെയുള്ള ലോക്ഡൗണ്‍ കാരണം പാവപ്പെട്ട ഗ്രാമീണര്‍ക്ക് ജോലിയില്ലെന്നും എട്ട് കോടി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബദല്‍ വരുമാന മാര്‍ഗമില്ലെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണയ ഗാന്ധി ചൂണ്ടിക്കാട്ടി. റജിസ്റ്റര്‍ ചെയ്തിട്ടുള്ളവരും സജീവവുമായ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് 21 ദിവസത്തെ വേതനം മുന്‍കൂറായി നല്‍കുന്നത് പരിഗണിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിക്കുമ്പോൾ ഇത് ക്രമീകരിക്കാമെന്നും അവര്‍ അഭിപ്രായപ്പെട്ടു.*

🅾️ *കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുരാണ കഥാപാത്രങ്ങളെ അണിനിരത്തി ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവുമായി ആന്ധ്ര പോലീസ്. പ്രാദേശിക കലാകാരന്മാരെ യമരാജന്‍, ചിത്രഗുപ്തന്‍, കൊറോണ വൈറസ് എന്നീ വേഷങ്ങളില്‍ എത്തിച്ചാണ് പോലീസിന്റെ ബോധവല്‍ക്കരണം. ആന്ധ്ര കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം പോലീസിനൊപ്പം നഗരം കറങ്ങുന്ന യമരാജും ചിത്രഗുപ്തനും കൊറോണയും അനൗണ്‍സ്‌മെന്റുകള്‍ നടത്തുകയും ജനങ്ങളെ വീട്ടില്‍ തുടരാന്‍ ഉപദേശിക്കുകയും ചെയ്തു.*

🅾️ *സര്‍ക്കാര്‍ കാന്‍സര്‍ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് 19 പോസീറ്റീവ് സ്ഥിരീകരിച്ചതോടെ ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി താല്‍ക്കാലികമായി അടച്ചു. ഈസ്റ്റ് ഡല്‍ഹിയിലെ ഡല്‍ഹി സ്റ്റേറ്റ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡോക്ടര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഒ.പി പ്രവര്‍ത്തനമടക്കം നിര്‍ത്തിവെക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡോക്ടര്‍ക്ക് എങ്ങനെ രോഗം ബാധിച്ചുവെന്നതിനെക്കുറിച്ച്‌ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. യു.കെയില്‍ നിന്ന് അടുത്തിടെ തിരിച്ചെത്തിയ ഇദ്ദേഹത്തിന്റെ സഹോദരനെയും സഹോദരന്റെ ഭാര്യയേയും ഡോക്ടര്‍ സന്ദര്‍ശിച്ചിരുന്നത് മാത്രമാണ് ഏക സാധ്യത. പക്ഷെ അവര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുമില്ല.*

🅾️ *അന്തര്‍സംസ്ഥാന ചരക്കുനീക്കം സുഗമമായി നടക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കര്‍ണാടകം കേരളത്തിലേക്കുള്ള അതിര്‍ത്തി അടച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ബുധനാഴ്ച രാവിലെ സംസ്ഥാന ചീഫ് സെക്രട്ടറിമരുമായും ഡി.ജി.പിമാരുമായും നടത്തിയ ചര്‍ച്ചയിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയത്.*

🅾️ *വില്പന സമ്മര്‍ദത്തെതുടര്‍ന്ന് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യദിനംതന്നെ ഓഹരി സൂചികകള്‍ കനത്ത നഷ്ടത്തിലായി. സെന്‍സെക്‌സ് 1203.18 പോയന്റ് താഴ്ന്ന് 28,265.31ലും നിഫ്റ്റി 343.95 പോയന്റ് നഷ്ടത്തില്‍ 8253.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. സെന്‍സെക്‌സ് 4.08ശതമാനവും നിഫ്റ്റി 4 ശതമാനവുമാണ് താഴ്ന്നത്. ബിഎസ്‌ഇയിലെ 1098 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1067 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 167 ഓഹരികള്‍ക്ക് മാറ്റമില്ല*

🅾️ *ഉത്തര്‍പ്രദേശില്‍ കൊറോണ വൈറസ് ബാധിച്ച 25വയസുള്ള യുവാവ് മരിച്ചു. സംസ്ഥാനത്തെ ആദ്യ കൊറോണ മരണമാണിത്. തിങ്കളാഴ്ച മരണപ്പെട്ട യുവാവിന് കൊറോണ ബാധയുണ്ടെന്ന പരിശോധന ഫലം ബുധനാഴ്ചയാണ് പുറത്തുവന്നത്. ഉത്തര്‍പ്രദേശിലെ ബാസ്തി സ്വദേശിയായ യുവാവ് അടുത്തിടെയാണ് മുംബൈയില്‍നിന്ന് യുപിയില്‍ തിരിച്ചെത്തിയത്. വൃക്ക, കരള്‍ സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ഞായറാഴ്ചയാണ് യുവാവിനെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് പ്രിന്‍സിപ്പാള്‍ ഗണേഷ് കുമാര്‍ പിടിഐ വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ആദ്യം ബാസ്തി ആശുപത്രിയില്‍ ചികിത്സ തേടിയ യുവാവിനെ ഞായറാഴ്ചയാണ് ഗോരഖ്പുരിലെ ബിആര്‍ഡി ആശുപത്രിയിലേക്ക് മാറ്റിയത്.കൊറോണ സ്ഥിരീകരിച്ചതോടെ യുവാവിനെ ചികിത്സിച്ച ഡോക്ടര്‍മാരെയും ആശുപത്രി ജീവനക്കാരെയും ഇയാളുമായി അടുത്ത് ഇടപഴകിയ വീട്ടുകാരെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.*

🅾️ *കൊറോണ വൈറസ് കാലത്ത് മധ്യപ്രദേശില്‍ 82 വയസ്സുള്ള ഒരു സ്ത്രീ തന്റെ പെന്‍ഷന്‍ സമ്പാദ്യത്തില്‍നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത് ഒരു ലക്ഷം രൂപ. വിദിഷ പട്ടണത്തില്‍ നിന്നുള്ള സല്‍ഭ ഉസ്‌കര്‍ എന്ന സ്ത്രീയാണ് ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തത്. പത്രത്തില്‍ സര്‍ക്കാരിന്റെ അഭ്യര്‍ഥന കണ്ട അവര്‍ സംഭാവന നല്‍കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നിലവിലെ സാഹചര്യം കണ്ട ശേഷം, സഹായം നല്‍കാന്‍ തീരുമാനിച്ചുവെന്ന് പബ്ലിക് റിലേഷന്‍സ് വകുപ്പ് പങ്കുവെച്ച ഒരു വീഡിയോയില്‍ സല്‍ഭ ഉസ്‌കര്‍ പറഞ്ഞു. ലോക്ക്ഡൗണിനെ മാനിക്കാനും സര്‍ക്കാരിന്റെ ഉത്തരവുകള്‍ പാലിക്കാനും ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച പരീക്ഷകള്‍ ഏപ്രില്‍ 22 മുതല്‍ സി.ബി.എസ്.ഇ നടത്തുമെന്ന രീതിയില്‍ പ്രചരിച്ചത് വ്യാജസര്‍ക്കുലര്‍. മാറ്റിവെച്ച പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിജ്ഞാപനങ്ങളൊന്നും തന്നെ പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് സി.ബി.എസ്.ഇ അധികൃതരെ ഉദ്ധരിച്ച്‌ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വാട്‌സ്‌ആപ്പ് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജസര്‍ക്കുലറില്‍ ഏപ്രില്‍ 22 മുതല്‍ പരീക്ഷ നടത്തുമെന്നായിരുന്നു കാണിച്ചിരുന്നത്. ഏപ്രില്‍ 25ന് മൂല്യനിര്‍ണയം ആരംഭിക്കുമെന്നും ഇതില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്ക് നേരത്തെ അനുവദിച്ച പരീക്ഷാകേന്ദ്രങ്ങള്‍ക്ക് മാറ്റമുണ്ടാകില്ലെന്നും പുതിയ അഡ്മിറ്റ്കാര്‍ഡ് നല്‍കില്ലെന്നും സര്‍ക്കുലറില്‍ പറയുന്നു.*

🅾️ *തമിഴ്‌നാട്ടില്‍ പുതിയ 110 കൊറോണ വൈറസ് പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവര്‍ എല്ലാവരും ഡല്‍ഹി നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണ്. ഇതോടെ തമിഴ്‌നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം 234 ആയി ഉയര്‍ന്നു. 15 ജില്ലകളില്‍ നിന്നുള്ള 110 പേര്‍ക്ക് ഇന്ന് രോഗം സ്ഥീരീകരിച്ചതായി ആരോഗ്യവകുപ്പ് സെക്രട്ടറി ബീല രാജേഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവരും നിസാമുദ്ദീനിലെ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവരാണെന്നും ബീല രാജേഷ് പറഞ്ഞു. ഇതാദ്യമായാണ് ഒരു ദിവസം ഇത്രയേറെ കേസുകള്‍ തമിഴ്‌നാട്ടില്‍ സ്ഥിരീകരിക്കുന്നത്.:തമിഴ്‌നാട്ടില്‍ നിന്ന് 1500 ഓളം പേര്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.ഇവരില്‍ 1131 പേര്‍ സംസ്ഥാനത്ത് മടങ്ങിയെത്തി. മടങ്ങിയെത്തിയവരെ ട്രാക്ക് ചെയ്യുന്ന പ്രവര്‍ത്തികള്‍ നടന്നുവരികയാണ്.*

🅾️ *മദ്യം വീടുകളില്‍ എത്തിച്ചു നല്‍കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കേന്ദ്രം. ഇത്തരമൊരു തീരുമാനം ദേശീയ ദുരന്തനിവാരണ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. കേരളത്തെ കൂടാതെ മേഘാലയവും മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രം കത്തയച്ചത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് ആളുകള്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് മദ്യം വീടുകളില്‍ എത്തിച്ചു കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചില നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.മദ്യം വീട്ടിലെത്തിക്കാനോ വിതരണം ചെയ്യാനോ ഉള്ള ഇളവ് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ ഇല്ല. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രം കത്തയച്ചിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇത്തരം നടപടികളെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. അതിനാല്‍ നടപടിയില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെടുന്നു.*

🅾️ *വീട്ടുനിരീക്ഷണത്തില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണുകള്‍ ട്രാക്ക് ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ വീടിന് പുറത്തിറങ്ങിയിട്ടുണ്ടോ ആരോടെങ്കിലും സമ്പർക്കം പുലര്‍ത്തിയിട്ടുണ്ടോ എന്നെല്ലാം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫോണ്‍ പരിശോധിക്കുന്നത്. ഇതിനകം 25,000 ടെലിഫോണ്‍ നമ്ബരുകള്‍ സര്‍ക്കാര്‍ പോലീസിന് കൈമാറിയിട്ടുണ്ട്. കോവിഡ് 19 രോഗബാധ സാമൂഹിക വ്യാപനത്തിലേക്കെത്തിയിട്ടുണ്ടെന്ന് സ്ഥാപിക്കുന്നതിനാവശ്യമായ സന്ദര്‍ഭങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. വീട്ടുനിരീക്ഷണത്തില്‍ കഴിയാനുള്ള നിര്‍ദേശം ലംഘിക്കപ്പെട്ടതുമാത്രമല്ല, ആരെല്ലാമായി ഇവര്‍ ബന്ധപ്പെട്ടു എന്ന് കണ്ടെത്താനും ഫോണ്‍ ട്രാക്ക് ചെയ്യുന്നതിലൂടെ സാധിക്കും.*

🅾️ *ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് വക്താവിനെ അയക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച്‌ ദോശീയ കോണ്‍ഗ്രസ് നേതൃത്വം. കൊറോണ വ്യാപനത്തിന്റെയും രാജ്യത്തെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെയും പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് നയം മാറ്റാന്‍ തീരുമാനിച്ചത്. പത്തുമാസത്തോളമായി ദേശീയ ചാനല്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കാറുണ്ടായിരുന്നില്ല. അവതാരകര്‍ സര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും പക്ഷംപിടിച്ചുസംസാരിക്കുന്നു എന്നാരോപിച്ചാണ് കോണ്‍ഗ്രസ് ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചത്. കഴിഞ്ഞ വര്‍ഷം മെയ് 30നാണ് ചാനലുകളിലേക്ക് ഇനിമുതല്‍ വക്താക്കളെ അയക്കില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചത്.*

🅾️ *21 ദിവസത്തെ ലോക്ഡൗണ്‍ ഏപ്രില്‍ 14-ന് അവസാനിക്കാനിരിക്കെ ഇന്ത്യന്‍ റെയില്‍വേയും വിമാന കമ്പനികളും ഏപ്രില്‍ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ 21 ദിവസത്തിന് ശേഷം നീട്ടാന്‍ പദ്ധതിയില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണത്തിന് പിന്നാലെയാണിത്. ഏപ്രില്‍ 14-ന് ശേഷം ലോക്ഡൗണ്‍ നീട്ടില്ലെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ സൂചന ലഭിച്ചതോടെയാണ് ടിക്കറ്റ് ബുക്കിങ് പുനഃരാരംഭിച്ചതെന്ന് റെയില്‍വേ അധികൃതരെ ഉദ്ധരിച്ച്‌ ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചില സ്വകാര്യ ഏജന്‍സികളും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. സ്‌പൈസ്‌ജെറ്റ്, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ വിമാന കമ്പനികളാണ് ബുക്കിങ് ആരംഭിച്ചിട്ടുള്ളത്.*

🅾️ *കേന്ദ്ര സര്‍ക്കാര്‍ പുനര്‍നിര്‍വചിച്ച കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരിലെ സ്ഥിരതാമസ നിയമവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ ഇനിമുതല്‍ സര്‍ക്കാര്‍ ഉദ്യോഗത്തിലും പോലീസ് സേനയിലും ജൂനിയര്‍ പോസ്റ്റുകളില്‍ നിയമനം ലഭിക്കൂ. 25,500 രൂപ അടിസ്ഥാന ശമ്പളമുള്ള എല്ലാ തസ്തികകളിലേക്കുമുള്ള നിയമനത്തിന് ഈ മാനദണ്ഡങ്ങള്‍ ബാധകമാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനുമുമ്ബ്, സ്ഥിരതാമസക്കാരായി കണക്കാക്കുന്ന ആളുകള്‍ക്ക് മാത്രമേ സംസ്ഥാന സര്‍ക്കാരില്‍ ജോലി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള ആളുകള്‍ക്ക് ജമ്മു കശ്മീരില്‍ താമസിക്കാനും ജോലിക്ക് അപേക്ഷിക്കാനും കഴിയുമെന്ന് വന്നതോടുകൂടിയാണ് പുതിയ നിയമം രൂപീകരിച്ചിരിക്കുന്നത്.ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച വൈകീട്ട് പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 15 വര്‍ഷമായി ജമ്മു കശ്മീരില്‍ താമസിക്കുകയോ അല്ലെങ്കില്‍ ഇവിടെ ഏഴു വര്‍ഷക്കാലം പഠിക്കുകയോ പത്താം ക്ലാസ് / പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് ഹാജരാകുകയോ ചെയ്ത ഏതൊരു വ്യക്തിയെയും സ്ഥിരതാമസക്കാരനായി കണക്കാക്കും. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഓള്‍ ഇന്ത്യ സര്‍വീസസ്, പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍, കേന്ദ്രസര്‍ക്കാരിന്റെ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സ്റ്റാറ്റിയൂട്ടറി ബോഡികളുടെ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍വകലാശാലകളിലെ ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാരിന്റെ അംഗീകൃത ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ പത്തു വര്‍ഷത്തോളം സേവനമനുഷ്ഠിച്ചവരെയും കേന്ദ്ര ഭരണപ്രദേശത്തെ സ്ഥിരതാമസക്കാരായി കണക്കാക്കും.*

🅾️ *കൊറോണ വൈറസ് വ്യാപനത്തെ പ്രതിരോധിക്കുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി 1125 കോടി നല്‍കും. വിപ്രോ ലിമിറ്റഡ് 100കോടിയും വിപ്രോ എന്റെര്‍പ്രൈസസ് 25 കോടിയും ബാക്കിയുള്ള 1000 കോടി അസിം പ്രേംജി ഫൗണ്ടേഷനുമാണ് നല്‍കുക. രാജ്യത്തിന്റെ സമ്പദ്‌ വ്യവസ്ഥയും ആരോഗ്യമേഖലയുമെയെല്ലാം കൊറോണ എന്ന മഹാമാരിയില്‍ തകര്‍ന്ന സാഹചര്യമാണ്. രാജ്യത്തെ പിടിച്ചു നിര്‍ത്തുന്നതിനായി അസിം പ്രേംജി ഫൗണ്ടേഷന്‍, വിപ്രോ ലിമിറ്റഡ്, വിപ്രോ എന്റെര്‍പ്രൈസസ് എന്നിവ സംയുക്തമായി ചേര്‍ന്ന് 1125 കോടി നല്‍കുമെന്ന് സംയുക്ത പത്രക്കുറിപ്പിലൂടെ അറിയിച്ചു. ഈ തുക കൊറോണ വൈറസ് വ്യാപനത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുന്ന ആരോഗ്യമേഖലക്കും ജനങ്ങളെ ബാധിച്ച മറ്റ് മേഖലകള്‍ക്കും കൈത്താങ്ങാകുന്നതിന് വേണ്ടിയാണെന്നും അവര്‍ വ്യക്തമാക്കി . ഈ തുക വിപ്രോയുടെ വാര്‍ഷിക സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമേയാണ് സംഭാവന ചെയ്‌യുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നു.*

🅾️ *കോവിഡ്19 വ്യാപനത്തിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 15 കോടി രൂപ നല്‍കുമെന്ന് ഷാവോമി ഇന്ത്യ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ജീവനക്കാര്‍ക്കും പങ്കാളികള്‍ക്കുമായി നല്‍കിയ തുറന്ന കത്തിലാണ് ഷാവോമി ഇന്ത്യ എംഡിയും ഷാവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ മനുകുമാര്‍ ജെയ്ന്‍ ഇത് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്റ് റിലീഫ് ഇന്‍ എമര്‍ജന്‍സി സിറ്റുവേഷന്‍സ് ഫണ്ടിലേക്ക് (പിഎം കെയേഴ്‌സ് ഫണ്ട്) പത്ത് കോടി രൂപനല്‍കും. ഒപ്പം വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ ഫണ്ടിലേക്കും സംഭാവന നല്‍കും. ഏല്ലാ ജീവനക്കാരോടും പങ്കാളികളോടും ശമ്പളത്തില്‍ നിന്നും ഒരു പങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും മുഖ്യമന്ത്രിമാരുടെ ഫണ്ടിലേക്കും സംഭാവന നല്‍കാനും ഷാവോമി അഭ്യര്‍ഥിച്ചിട്ടുണ്ട്.*

🅾️ *നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 300 വിദേശികള്‍ക്കെതിരേ വിസ ചട്ടലംഘനത്തിന് നടപടിയെടുക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. തായ്‌ലന്‍ഡ് മലേഷ്യ തുടങ്ങിയ 16 രാജ്യങ്ങളില്‍ നിന്നെത്തിയ വിദേശികള്‍ നിസാമുദ്ദീന്‍ മര്‍ക്കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.*

🅾️ *കൊറോണ വ്യാപനവും അതിനെ തടയാനുള്ള രാജ്യവ്യാപക ലോക്ക് ഡൗണും ആരും ഓര്‍ത്തിരിക്കാന്‍ ഇഷ്ടപ്പെടില്ല. മിക്കവര്‍ക്കും ഇതൊരു വേദന നിറഞ്ഞ കാലഘട്ടമാണ്. എന്നാല്‍ ഉത്തര്‍പ്രദേശിലെ ദേവരിയ ജില്ലയിലെ ഒരു കുടുംബത്തില്‍ പിറന്ന കുട്ടിക്ക് അവര്‍ ഇട്ട പേര് ലോക്ക് ഡൗണ്‍ എന്നാണ്. കൊറോണ രാജ്യവ്യാപകമായി പടരുന്നത് തടയാനായിട്ടാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതെങ്കിലും പലര്‍ക്കും അതൊരു ദുരിതമാണ് സമ്മാനിച്ചത്. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍ കാലത്ത് പിറന്ന കുട്ടിക്ക് ആ പേര് നല്‍കിയിരിക്കുന്നത്.*

🅾️ *നിസാമുദ്ദീനിലെ തബ്‌ലീഗ്‌ മതസമ്മേളനത്തില്‍ പങ്കെടുത്ത ശേഷവും മര്‍ക്കസ് കോംപ്ലക്‌സിലെ കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന 2300 പേരെ വിവിധ ദിവസങ്ങളിലായി പൂര്‍ണമായി ഒഴിപ്പിച്ചു. മതസമ്മേളനത്തില്‍ പങ്കെടുത്ത ചിലര്‍ സ്വന്തം സംസ്ഥാനങ്ങളില്‍ എത്തിയപ്പോള്‍ മരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവരെ ഒഴിപ്പിക്കാനുള്ള തീരുമാനം അധികൃതര്‍ എടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ കെട്ടിടം പരിപൂര്‍ണ്ണമായി ഒഴിപ്പിച്ച്‌ അണുവിമുക്തമാക്കി. ഇതിനിടെ ഇവിടെനിന്നു പോയ 128 പേര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സമ്മളനത്തില്‍ പങ്കെടുത്തവര്‍ എത്തിച്ചേര്‍ന്നതു കൊണ്ട് തന്നെ വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.*

🅾️ *കൊറോണ വൈറസ് സംബന്ധിച്ച വാര്‍ത്തകള്‍ പങ്കുവെക്കുന്നതിനായി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രത്യേകം ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങി. #IndiaFightsCorona എന്ന പേരിലുള്ള വെരിഫൈഡ് പേജ് @CovidnewsbyMIB എന്ന ട്വിറ്റര്‍ ഐഡി ഉപയോഗിക്കുന്നു. പകര്‍ച്ചാവ്യാധിയെ കുറിച്ചുള്ള വിവരാന്വേഷണങ്ങള്‍ക്കായുള്ള വിവിധ ഹെല്‍പ് ലൈന്‍ നമ്പറുകളാണ് പേജില്‍ ആദ്യം ട്വീറ്റ് ചെയ്തത്.*

*🌏 അന്താരാഷ്ട്രീയം 🌎*
—————————->>>>>>>>>>

🅾️ *ലോകമാകെ ഭീതിപരത്തി കോവിഡ്-19 നിയന്ത്രണാധീതമായി പടരുകയാണ് . വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു.* *സ്‌പെയിനിലാകട്ടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്.ഇവിടെ മാത്രം 9053 പേരാണ് മരണപ്പെട്ടത്.* *അമേരിക്കയും ഇറ്റലിയുമാണ് ഒരു ലക്ഷത്തിലധികം രോഗികളുള്ള മറ്റ് രണ്ട് രാജ്യങ്ങള്‍. അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗപ്പകര്‍ച്ച തീവ്രമായതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. അമേരിക്കയില്‍ 1,89,445 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 1.05 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 4075ഉം ഇറ്റലിയില്‍ 12428 പേരുമാണ് ഇതിനകം മരിച്ചത്.ഇറാനില്‍ മരണം 3000 പിന്നിടുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച 18,000 പേരാണ് രോഗം ബാധിച്ച്‌ മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു. മാര്‍ച്ച്‌ മാസത്തിലാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്.*

🅾️ *ഈ ലോക്ഡൗണ്‍ കാലം ഏറ്റവുമധികം കഠിനമാവുക സ്ത്രീകള്‍ക്കായിരിക്കും എന്ന വിധത്തില്‍ നിരവധി പേരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്. മുഴുവന്‍ സമയവും വീട്ടിലിരിക്കുന്നതുകൊണ്ട് വീട്ടുജോലികളിലും മക്കളുടെ കാര്യങ്ങളിലും ഔദ്യോഗിക കൃത്യനിര്‍വഹണത്തിലുമെല്ലാം ഒരുപോലെ കണ്ണെത്തേണ്ടതുകൊണ്ട് കുടുംബത്തിനകത്ത് സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവുകളില്ലാതെ തുല്യമായി ഉത്തരവാദിത്തങ്ങള്‍ നിറവേറ്റപ്പെടുകയാണ് ചെയ്യേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ സ്ത്രീകള്‍ക്കായി മലേഷ്യന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്ത്രീവിരുദ്ധ ടിപ്‌സാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെക്കുന്നത്. ലോക്ഡൗണ്‍ കാലത്ത് പ്രശ്‌നമുഖരിതമല്ലാത്ത അന്തരീക്ഷം സൃഷ്ടിക്കാന്‍ കുടുംബങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ പാലിക്കേണ്ട കാര്യങ്ങള്‍ എന്നു പറഞ്ഞാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.തുണി വിരിച്ചിടുന്ന ദമ്പതികളുടെ ചിത്രത്തില്‍ ഭര്‍ത്താവിനെ ശല്യം ചെയ്യാതിരിക്കുക എന്നു കൊടുത്തപ്പോള്‍ മറ്റൊരു ചിത്രത്തില്‍ ഒരു പുരുഷനും സ്ത്രീ ജോലി ചെയ്യാന്‍ പറയുന്നത് ഇഷ്ടമല്ലാത്തതിനാല്‍ അവരോട് കുത്തുവാക്കുകളിലൂടെ സഹായം ചോദിക്കാതിരിക്കുക എന്നു നല്‍കിയിരിക്കുന്നു. മറ്റൊന്നില്‍ വീട്ടിലായാലും വര്‍ക് അറ്റ് ഹോം ആണെങ്കില്‍ കാഷ്വല്‍ വസ്ത്രം ധരിക്കാതെ സ്മാര്‍ട് ആയുള്ള വസ്ത്രവും മേക്‌അപ്പും ധരിക്കണമെന്നു പറയുന്നു, ഇതിനു കാരണവും പറയുന്നുണ്ട് വീട്ടിലായാലും സ്ത്രീകള്‍ എപ്പോഴും പ്രദര്‍ശിപ്പിക്കപ്പെടുന്നവരാണെന്ന് ആണത്. മറ്റൊന്നില്‍ പ്രശസ്തമായ കാര്‍ട്ടൂണ്‍ കഥാപാത്രമായ ഡോറെമോനെ പോലെ ചിലയ്ക്കുന്ന ശബ്ദത്തില്‍ കുട്ടികളെപ്പോലെ സംസാരിക്കണം എന്നും പറയുന്നു. #WomenPreventCOVID19 എന്ന ഹാഷ്ടാഗോടെയാണ് ഇവ പങ്കുവച്ചിരുന്നത്. എന്നാല്‍ മേക്‌അപ്പിടുന്നതും പുരുഷന്മാരെ ശല്യം ചെയ്യാതിരിക്കുന്നതുമൊക്കെ എങ്ങനെയാണ് കൊറോണ വൈറസിനെ തടയുന്നതെന്ന് മനസ്സിലാകുന്നില്ലെന്നു പറഞ്ഞ് വിമര്‍ശനപ്പെരുമഴയാണ് പോസ്റ്റിനു ലഭിച്ചത്. ഒറ്റനോട്ടത്തില്‍ത്തന്നെ സ്ത്രീവിരുദ്ധത വ്യക്തമാകുന്ന ഇത്തരം ടിപ്‌സ് ഒരു മന്ത്രാലയത്തിന്റെ ഔദ്യോഗിക അക്കൗണ്ടില്‍ കടന്നുകൂടിയതിനെ വിമര്‍ശിച്ച്‌ നിരവധി വനിതാ സംഘടനകളും രംഗത്തെത്തി.വിമര്‍ശനങ്ങള്‍ കൊണ്ട് രക്ഷയില്ലാതെ വന്നതോടെ അധികൃതര്‍ പിന്നീട് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ടിപ്‌സ് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും മന്ത്രാലയം പ്രതികരിച്ചു.*

🅾️ *ലോകത്തെ ക്രൂഡോയില്‍ വിപണി കടന്നു പോകുന്നത് സമാനതകളില്ലാത്തെ പ്രതിസന്ധിയിലൂടെയെന്ന് റിപ്പോര്‍ട്ടുകള്‍. സമീപകാലത്തെങ്ങും ഉണ്ടാകാത്ത തരത്തിലുള്ള ഇടിവാണ് എണ്ണ ഉപഭോഗത്തില്‍ ഉണ്ടായിരിക്കുന്നത്. ദിനംപ്രതിയുള്ള ക്രൂഡോയിലിന്റെ ആവശ്യകതയില്‍ 1.5 കോടി ബാരല്‍ മുതല്‍ 2.2 കോടി ബാരലിന്റെ കുറവ് ഉണ്ടായേക്കാമെന്നും ക്രൂഡ് ഓയില്‍ വിപണി വലിയൊരു മാറ്റത്തിന്റെ പാതയിലാണെന്നുമാണ് പ്രമുഖ നിരീക്ഷകരുടെ അഭിപ്രായം. ലോകമെമ്പാടുമുള്ള റിഫൈനറികള്‍ ഉത്‌പാദനം നിര്‍ത്തിവെക്കാനും ഇത് കാരണമാകും. എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ ഇവ കെട്ടിക്കിടക്കും. 2020 പകുതിയോടെ തന്നെ ലോകത്തെ എണ്ണ സംഭരണ കേന്ദ്രങ്ങള്‍ മുഴുവന്‍ നിറയുന്ന അവസ്ഥയുണ്ടാകും.വലിയ തോതിലുള്ള ആവശ്യകത ഉയര്‍ന്നു വരാതെ ഇത്രയും എണ്ണ വിറ്റഴിക്കപ്പെടുക അസാധ്യമാണ്. സൗദി അറേബ്യ, റഷ്യ എന്നീ ക്രൂഡോയില്‍ ഉത്‌പാദകര്‍ വിപണി വിഹിതം പിടിക്കുന്നതിന് വേണ്ടി വന്‍തോതിലാണ് ക്രൂഡോയില്‍ ഉത്‌പാദിപ്പിക്കുന്നത്. ഇതേതുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ദിനം പ്രതി രണ്ടുകോടിയോളം ബാരല്‍ ക്രൂഡ് ഓയില്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തും. ഇതിന് പുറമെ വിമാന ഇന്ധനത്തിനുള്ള ആവശ്യകതയും വലിയ തോതില്‍ കുറയുമെന്നാണ് നിരീക്ഷകര്‍ പറയുന്നത്. സമീപകാലത്തെങ്ങും ഉണ്ടാകാത്ത വിധം ക്രൂഡ് ഓയില്‍ വില അടുത്തുതന്നെ ബാരലിന് 10 ഡോളര്‍ എന്ന നിലയിലേക്ക് താഴുന്ന സാഹചര്യമുണ്ടാകുമെന്ന് എനര്‍ജി ആസ്പെക്റ്റ്സ് ലിമിറ്റഡ് എന്ന വിപണി നിരീക്ഷണ ഏജന്‍സി പറയുന്നു. വിലയിടിയുന്നത് പല ഒപെക് രാജ്യങ്ങളിലും പ്രതിസന്ധിയുണ്ടാക്കും. കാലഘട്ടം ആവശ്യപ്പെടുന്ന അടിസ്ഥാനപരമായ മാറ്റത്തിലേക്ക് ഈ പ്രതിസന്ധി കാലത്ത് ഊര്‍ജ വിപണി മാറുമെന്ന് അമേരിക്കന്‍ നിക്ഷേപക കമ്പനിയായ ഗോള്‍ഡ്മെന്‍ സാച്സ് പറയുന്നു. എണ്ണയുടെ ആവശ്യകത വീണ്ടും ഉണ്ടാവുമെങ്കിലും വിപണിയുടെ വീണ്ടെടുക്കലിന് കാര്‍ബണ്‍ വിമുക്ത ഊര്‍ജത്തിനായുള്ള പരിശ്രമങ്ങള്‍ തടസ്സമാകുമെന്നും ഗോള്‍ഡ്മെന്‍ സാച്സ് പറയുന്നു. ലോകത്തെ മിക്ക എണ്ണ വിപണി നിരീക്ഷകരും പറയുന്നത് സമാനമായ കാര്യങ്ങളാണ്. അമേരിക്ക, ഇന്ത്യ തുടങ്ങി എണ്ണ ഉപഭോഗത്തില്‍ മുന്നിട്ടുനില്‍ക്കുന്ന രാജ്യങ്ങളിലെ കൊറോണ നിയന്ത്രണത്തിനായുള്ള ലോക്ക് ഡൗണുകളാണ് എണ്ണവിപണിയെ സാരമായി ബാധിക്കുന്നതെന്നാണ് മറ്റൊരു നിരീക്ഷണം. ഏതായാലും ക്രൂഡോയില്‍ വിപണിയില്‍ വലിയ മാറ്റങ്ങള്‍ സമീപ ഭാവിയില്‍ തന്നെ ഉണ്ടായേക്കുമെന്നാണ് നിഗമനങ്ങള്‍.*

🅾️ *കൊറോണ വൈറസ് പടരുന്ന യുഎസ് വിമാനവാഹിനി കപ്പലിലെ നാവികരുടെ ജീവന്‍ രക്ഷിക്കാന്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ക്യാപ്റ്റന്റെ കത്ത്. തിയോഡര്‍ റൂസ്‌വെല്‍റ്റ് എന്ന കപ്പലിലെ നാവികര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെയാണ് ഇവരുടെ ജീവന്‍ രക്ഷിക്കാനും വൈറസ് വ്യാപനം തടയാനുള്ള നടപടികള്‍ക്കുമായി ക്യാപ്റ്റന്‍ ബ്രൈറ്റ് ക്രോസിയര്‍ യുഎസ് നാവികസേന അധികൃതര്‍ക്ക് കത്തയച്ചത്. ‘ഞങ്ങള്‍ യുദ്ധത്തിലല്ല, ഞങ്ങള്‍ക്കു മരിക്കേണ്ട. ഇപ്പോള്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ നമ്മുടെ ഏറ്റവും വിശ്വസനീയ സമ്പത്തായ നാവികരെ പരിപാലിക്കുന്നതില്‍ പരാജയപ്പെടും. കപ്പലില്‍ ആവശ്യത്തിനുള്ള ഐസൊലേഷന്‍ സംവിധാനങ്ങള്‍ ലഭ്യമല്ല.’.4000 നാവികരേയും എത്രയും പെട്ടെന്ന് രക്ഷിച്ച്‌ ഐസൊലേറ്റ് ചെയ്യണമെന്നും ക്യാപ്റ്റന്റെ കത്തില്‍ പറയുന്നു’. സാന്‍ ഫ്രാന്‍സിസിക്കോ ക്രോണിക്കിളാണ് സഹായം തേടിയുള്ള ക്യാപ്റ്റന്റെ സന്ദേശം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ഒരാഴ്ച മുമ്പാണ്‌ കപ്പലില്‍ ആദ്യ കൊറോണ പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ കപ്പലിലെ എണ്‍പതോളം നാവികര്‍ക്ക് വൈറസ് ബാധയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ ബാധയെത്തുടര്‍ന്ന് തീരത്തടിപ്പിച്ച കപ്പല്‍ നിലവില്‍ പടിഞ്ഞാറന്‍ പസഫിക്കിലെ ഗുവാം തുറമുഖത്താണുള്ളത്. ചൊവ്വാഴ്ചയാണ് ക്യാപ്റ്റന്റെ കത്തിനെക്കുറിച്ച്‌ അറിഞ്ഞത്. ഗുവാമിലുള്ള കപ്പലില്‍നിന്ന് നാവികരെ ഇറക്കാന്‍ നാവികസേന ദിവസങ്ങളായി പ്രവര്‍ത്തിച്ചു വരികയാണെന്ന് യുഎസ് നാവിക സെക്രട്ടറി തോമസ് മോഡ്ലി വ്യക്തമാക്കി. അതേസമയം, ഗുവാമില്‍ എല്ലാവരേയും ഉള്‍ക്കൊള്ളാനുള്ള കിടക്കകള്‍ ലഭ്യമല്ല. ഹോട്ടലുകള്‍ ആശുപത്രിയാക്കാനും താത്‌കാലിക കൂടാരങ്ങള്‍ സ്ഥാപിക്കാനും നാവികസേന പ്രാദേശിക ഭരണകൂടവുമായി ചര്‍ച്ച നടത്തിവരികയാണെന്നും മോഡ്ലി പറഞ്ഞു.*

🅾️ *കൊറോണ വൈറസ് എന്ന വാക്ക് ഉപയോഗിക്കുന്നതും ഫെയ്‌സ് മാസ്‌ക് ധരിക്കുന്നതും വിലക്കി തുര്‍ക്‌മെനിസ്താന്‍. കൊറോണയെക്കുറിച്ച്‌ ചര്‍ച്ച ചെയ്താലും മാസ്‌ക് ധരിച്ച്‌ പുറത്തിറങ്ങിയാലും അറസ്റ്റ് ചെയ്യുമെന്നാണ് മധ്യ ഏഷ്യന്‍ രാജ്യമായ തുര്‍ക്‌മെനിസ്താനിലെ ഭരണകൂടത്തിന്റെ ഉത്തരവ്. കൊറോണ എന്ന വാക്ക് മാധ്യമങ്ങള്‍ പോലും ഉപയോഗിക്കരുതെന്നും ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ തങ്ങളുടെ രാജ്യത്ത് ഒരു കൊറോണ വൈറസ് ബാധ പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നാണ് തുര്‍ക്‌മെനിസ്ഥാന്റെ അവകാശവാദം. ഇതിനിടെയാണ് പ്രസിഡന്റ് ഗുര്‍ബാംഗുലി ബേര്‍ഡിമുഖമെദോവിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം പുതിയ ഉത്തരവും പുറപ്പെടുവിച്ചിരിക്കുന്നത്.*

🅾️ *ലോകമാകെ ഭീതിപരത്തി കോവിഡ്-19 അതിദ്രുതം പടരുന്നു. വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. ഒരാഴ്ച മുമ്പ്‌ ലോകമാകെയുള്ള കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷമായിരുന്നു. അമേരിക്ക, ഇറ്റലി, സ്പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗപ്പകര്‍ച്ച തീവ്രമായതാണ് കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞ ചൊവ്വാഴ്ച 18,000 പേരാണ് രോഗം ബാധിച്ച്‌ മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു. മാര്‍ച്ച്‌ മാസത്തിലാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്.*

🅾️ *കുവൈത്തില്‍ 24 ഇന്ത്യക്കാരടക്കം 28 പേര്‍ക്ക് ബുധനാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 317 ആയതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. ആകെ 59 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരുമായി സമ്പർക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഫഹീലില്‍ 440 ഇന്ത്യന്‍ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടം കര്‍ശന ക്വാറന്റൈന് വിധേയമാക്കി. കൂടാതെ ജലീബ് ശുയൂഖിലും ചില കെട്ടിടങ്ങള്‍ ക്വാറന്റൈന്‍ നിരീക്ഷണത്തിലാണ്. ഇതുവരെ 80 പേര്‍ രോഗവിമുക്തമായിട്ടുണ്ട്.*

🅾️ *കൊറോണ വൈറസ് വ്യാപനത്തേ തുടര്‍ന്ന് അമേരിക്ക അടക്കമുള്ള രാജ്യങ്ങള്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ ഉപദേശവുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ്. അമേരിക്കയില്‍ രോഗത്തെ പിടിച്ചുകെട്ടണമെന്നുണ്ടെങ്കില്‍ രാജ്യം മുഴവന്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് അദ്ദേഹം വാഷ്ങ്ടണ്‍ പോസ്റ്റില്‍ എഴുതിയ കോളത്തില്‍ ആവശ്യപ്പെടുന്നു. ലോക്ക്ഡൗണ്‍ നടപ്പിലാക്കണമെന്ന് പല ആരോഗ്യ വിദഗ്ധരും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പല രാജ്യങ്ങളും അമേരിക്കന്‍ സംസ്ഥാനങ്ങളും ഇതിനെ കാര്യമായി എടുത്തിട്ടില്ലെന്നും ബില്‍ ഗേറ്റ്സ് പറയുന്നു. ചില സംസ്ഥാനങ്ങളില്‍ ഇപ്പോഴും ബീച്ചുകള്‍ ഇപ്പോഴും പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ചിലയിടങ്ങളില്‍ റെസ്റ്റോറന്റുകളില്‍ ആളുകളെ എഇരുന്ന് കഴിക്കാന്‍ അനുവദിക്കുന്നു. ഇതിനെ ദുരന്തത്തിലേക്കുള്ള ചേരുവകള്‍ എന്നാണ് ബില്‍ ഗേറ്റ്സ് വിശേഷിപ്പിക്കുന്നത്. ജനങ്ങള്‍ ഇങ്ങനെ നിയന്ത്രണമില്ലാതെ സഞ്ചരിക്കുന്നതിനാല്‍ വൈറസ്‌ രാജ്യം മുഴുവന്‍ പടരാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്നും എല്ലായിടത്തും ലോക്ക്ഡൗണ്‍ കൊണ്ടുവരണമെന്നും അദ്ദേഹം അമേരിക്കയിലെ രാഷ്ട്രീയ നേതാക്കളോടായി പറഞ്ഞു. രാജ്യത്തെ കൊറോണ കേസുകളുടെ എണ്ണം കുറയാന്‍ തുടങ്ങുന്നതുവരെ ഇത് തുടരണം. കുറഞ്ഞത് 10 ആഴ്ചയെങ്കിലും ഇതിന് വേണ്ടിവരും. അതുവരെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തരുതെന്നും ബില്‍ഗേറ്റ്സ് ആവശ്യപ്പെടുന്നു.സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കുന്നതില്‍ പരാജയപ്പെടുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക തകര്‍ച്ചയ്‍ക്ക് അത് കാരണമാകുമെന്നും വൈറസിന്റെ വ്യാപനം വര്‍ധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കുന്നു. എല്ലാ അമേരിക്കക്കാരെയും ടെസ്റ്റിങ്ങിന് വിധേയരാക്കണം. ന്യൂയോര്‍ക്കില്‍ ദിവസം 20,000 പേരേയെങ്കിലും ടെസ്റ്റിങ്ങിന് വിധേയരാക്കണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല വൈറസിനെതിരായ വാക്സിന്‍ വികസിപ്പിക്കുന്നതിനുള്ള നടപടികള്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിനായി വാക്സിന്‍ പരീക്ഷണങ്ങള്‍ വേഗത്തില്‍ നടപ്പിലാക്കണമെന്ന നിര്‍ദ്ദേശിക്കുന്നു. വാക്സിന്‍ വികസിപ്പിച്ചുവെന്നതുകൊണ്ട് വൈറസിനെതിരായ പോരാട്ടം വിജയിച്ചുവെന്നര്‍ഥമില്ല. വിജയത്തിലേക്ക് പാതി ദൂരം മാത്രമേ കടന്നിട്ടുള്ളു. ലോകരാജ്യങ്ങള്‍ക്ക് വേണ്ടി കോടിക്കണക്കിന് വാക്സിന്‍ ഡോസുകള്‍ നിര്‍മിക്കേണ്ടി വരും.*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്നും വെന്റിലേറ്ററുകളും മാസ്‌കുകളും വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചു. പേരുവെളിപ്പെടുത്താത്ത ഒരു ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളി മറികടക്കാന്‍ ആഭ്യന്തര ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നും സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങുമെന്ന് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. ചൈനയില്‍ നിന്ന് സുരക്ഷാ ഉപകരണങ്ങള്‍ ഉള്‍പ്പടെയുള്ള വാങ്ങാന്‍ തീരുമാനിച്ചുകഴിഞ്ഞു. കാരണം നമ്മുടെ ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് അല്പം സമയമെടുക്കും.*

🅾️ *കൊറോണ വൈറസ് പകര്‍ച്ചാ വ്യാധിയെ കുറിച്ചും ഈ സമയത്ത് എങ്ങനെ ഉല്പാദനക്ഷമതയുള്ളവരാവാം എന്നതിനെ കുറിച്ചും സമഗ്രമായ വിവരങ്ങള്‍ ലഭ്യമാമാക്കുന്ന വെബ്‌സൈറ്റുമായി ഗൂഗിള്‍. www.google.co.in/covid19 എന്ന വെബ്‌സൈറ്റില്‍ പ്രധാന ഹെല്‍പ് ലൈന്‍ നമ്പറുകള്‍, രോഗലക്ഷണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍, പ്രതിരോധ നടപടികള്‍, നിലവിലുള്ള ചികിത്സകള്‍, ഇന്ത്യയിലേയും ലോകത്തിലെയും പുതിയ കണക്കുകള്‍ എന്നിവ ലഭ്യമാവും. വീട്ടിലിരിക്കുന്ന ആളുകള്‍ക്ക് ആ സമയങ്ങളില്‍ എങ്ങനെ ഉല്പാദനപരമായി നില്‍ക്കാം എന്ന് കാണിക്കുന്ന വീഡിയോകള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. വ്യക്തികള്‍ക്കും, ചെറുകിട വ്യവസായങ്ങള്‍ക്കും, അധ്യാപകര്‍ക്കുമെല്ലാം പരസ്പരം ബന്ധപ്പെടാനും അറിവ് വര്‍ധിപ്പിക്കാനുമുള്ള വഴികള്‍ വെബ്‌സൈറ്റ് മുന്നോട്ട് വെക്കുന്നു*

🅾️ *കൊറോണയെ നേരിടാനാകാതെ പകച്ചുനില്‍ക്കുന്ന ഇറ്റലി സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ജര്‍മനിയുടെ സഹായം തേടി. ഇറ്റലിയിലെ വിവിധ പ്രവിശ്യയിലെ മേയര്‍മാരും ഗവര്‍ണര്‍മാരുമാണ് ജര്‍മനിയോട് സഹായം തേടി രംഗത്തെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ജര്‍മനിയ്ക്ക് ഇറ്റലിയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയ സാമ്പത്തിക സഹായം ഓര്‍മിച്ച്‌ ഇപ്പോള്‍ ആവശ്യമായ പിന്തുണ നല്‍കണമെന്നും ഇവര്‍ ജര്‍മനിയോട് ആവശ്യപ്പെട്ടു.*

🅾️ *കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലമില്ലാതെ തന്നെ കോവിഡ്-19 ചികിത്സിക്കാനായി മലേറിയ മരുന്ന് ഉപയോഗിക്കാന്‍ യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കി. മലേറിയ മരുന്നുകളായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ക്ലോറോക്വിന്‍ എന്നീ മരുന്നുകളാണ് വേണ്ടത്ര ശാസ്ത്രീയ തെളിവുകള്‍ ഇല്ലാതെയും കോവിഡ്-19 ചികിത്സിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഈ മരുന്നുകള്‍ സംഭരിച്ച്‌ യു.എസിലെ ആശുപത്രികളിലേക്ക് അടിയന്തിരമായി നല്‍കാനാണ് യു.എസ്. എഫ്.ഡി.എയുടെ നിര്‍ദേശം.*

🅾️ *അടച്ചുപൂട്ടലുകളും കര്‍ശനനിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി യൂറോപ്പിലെ മറ്റ് രാജ്യങ്ങള്‍ മഹാമാരിയെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോൾ സ്വീഡന്‍ സ്വീകരിച്ചിരിക്കുന്നത് കുറച്ച്‌ അയഞ്ഞ സമീപനമാണ്‌. തൊട്ടടുത്തുള്ള ഡെന്‍മാര്‍ക്കും ഫിന്‍ലന്‍ഡുമൊക്കെ അതിര്‍ത്തികള്‍ അടച്ചിടുമ്പോൾ സ്‌കൂളുകള്‍ക്ക് പോലും അവധി നല്‍കാതെ കൊറോണവൈറസിനെ പ്രതിരോധിക്കാന്‍ രാജ്യത്തിലെ ജനങ്ങളോട് അഭ്യര്‍ഥിക്കുക മാത്രമാണ് സ്വീഡന്‍ ചെയ്യുന്നത്‌. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതെ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഉത്തരവാദിത്തം ജനങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് രാജ്യം.*

🅾️ *സ്റ്റാര്‍ വാര്‍സിലും ലോര്‍ഡ് ഓഫ് ദി റിങ്‌സിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ബ്രിട്ടീഷ് തരം ആന്‍ഡ്ര്യൂ ജാക്ക് (76) കൊറോണ ബാധിച്ച്‌ മരിച്ചു. ലണ്ടനിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.*

🅾️ *ഇന്ത്യന്‍ വംശജയായ ലോകപ്രശസ്ത വൈറോളജിസ്റ്റ് ഗീത റാംജി ദക്ഷിണാഫ്രിക്കയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചു. സ്റ്റെല്ലാര്‍ വാക്‌സിന്‍ ശാസ്ത്രജ്ഞയും എച്ച്‌.ഐ.വി.പ്രതിരോധ ഗവേഷക മേധാവിയും കൂടിയായ ഗീതാ റാംജി ഒരാഴ്ച മുമ്പാണ്‌ ലണ്ടനില്‍ നിന്ന് ദക്ഷിണാഫ്രിക്കയില്‍ മടങ്ങിയെത്തിയത്‌. കൊറോണയുടെ ലക്ഷണങ്ങളൊന്നും ഇവര്‍ക്കുണ്ടായിരിന്നില്ല.

 

You might also like

Leave A Reply

Your email address will not be published.