ഏപ്രില്‍ 29 ലോക നൃത്തദിനം

0

എന്താണ് നൃത്തം? വിശാലമായ അര്‍ത്ഥത്തില്‍ ശരീരത്തിന്‍റെ ഭാഷയാണ് നൃത്തം. 

വികാര വിചാരങ്ങളെ ശരീരത്തിലൂടെ പ്രകടിപ്പിക്കുകയാണ് നൃത്തം ചെയ്യുന്നത്. മുദ്രകളിലൂടെ അംഗ വിന്യാസങ്ങളിലൂടെ, ചുവടുകളിലൂടെ, പാട്ടിലൂടെ… മുഖാഭിനയത്തിലൂടെ. എല്ലാം. 

ആദിവാസി സമൂഹത്തിന്‍റെ പ്രാകൃത തപ്പും തുടിയും ചുവടുകളും മുതല്‍ പാരിഷ്കൃത സമൂഹത്തിന്‍റെ നൃത്ത വൈവിധ്യങ്ങള്‍ വരെ ഈ ഗണത്തില്‍ പെടുന്നു. അതുകൊണ്ടാണ് നൃത്തം സാര്‍വദേശീയമായി ആസ്വദിക്കപ്പെടുന്നത്. 

കൈമുദ്രകളിലൂടെ പദചലനങ്ങളിലൂടെ ഭാവാഭിനയത്തിലൂടെ ലോകമെങ്ങും ഒരേ മനസായി ആഘോഷിക്കുന്ന ദിനം- അന്താരാഷ്ട്ര നൃത്ത ദിനം-ഏപ്രില്‍ 29ന് ലോകമെങ്ങും ആഘോഷിക്കുന്നു.

ദേശ-വര്‍ണ്ണ-സംസ്കാരത്തിനുപരിയായി മനുഷ്യ മനസില്‍ സാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റെയും തിരി തെളിക്കാന്‍ അതിര്‍വരമ്പുകളില്ലാത്ത അംഗഭാഷയായ നൃത്തത്തിനല്ലാതെ മറ്റൊന്നിനും കഴിയില്ലെന്ന വിശ്വാസമാണ് വര്‍ഷാവര്‍ഷമുള്ള സന്ദേശങ്ങള്‍ക്കു പിന്നില്‍.

ഭാവരാഗതാള സമന്വിതമായ നടനശോഭയോടെ ജീവിതകാലം മുഴുവന്‍ നൃത്തം ചെയ്യാന്‍ അഖിലലോക നര്‍ത്തകരെ ആഹ്വാനം ചെയ്യുവാന്‍ ഒരു ദിനം.നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കര്‍ത്താവായ ജിന്‍ ജോര്‍ജ് നോവറിന്‍റെ ജന്മദിനമാണ് ഏപ്രില്‍ 29.

നൃത്തത്തിന് അദ്ദേഹം നല്‍കിയ ആജീവനാന്തര സംഭാവനകള്‍ പരിഗണിച്ച് നൃത്തലോകം അദ്ദേഹത്തിനു നല്‍കിയ സ്നേഹ ശ്രദ്ധാജ്ഞലിയായി ആ ദിനം സ്മരിക്കപ്പെടുന്നു. നൃത്തലോകം മറ്റൊരു വിശേഷണം കൂടി അദ്ദേഹത്തിന് നല്‍കിയിട്ടുണ്ട്. “ബാലെ മുത്തച്ഛന്‍’. ഇന്ന് ആ പേരിലാണ് അദ്ദേഹം പ്രശസ്തന്‍.

1727 ല്‍ ജനിച്ച അദ്ദേഹം 1754 ലാണ്ആദ്യ ബാലെ അവതരിപ്പിക്കുന്നത്. 1760 ല്‍ പുറത്തിറങ്ങിയ “ലെറ്റേഴ്സ് സര്‍ ലസന്‍സ്’ എന്ന പുസ്തകത്തില്‍ ബാലെയുടെ നിയമങ്ങളും പെരുമാറ്റ ചിട്ടകളും അദ്ദേഹം പ്രതിപാദിച്ചിരിക്കുന്നു.

കുറ്റമറ്റ രീതിയിലുള്ള ബാലെ അവതരണമാണ് അദ്ദേഹം ആഗ്രഹിച്ചിരുന്നത്. വേഷവിധാനം, പിന്നണി ഗാനം, നൃത്തസംവിധാനം, ആവിഷ്കാര ഭംഗി എന്നിവയിലൂടെ നവീകരണവും പ്രാധാന്യവും അദ്ദേഹം വര്‍ദ്ധിപ്പിച്ചു.

അന്താരാഷ്ട്ര നാടകസംഘടനയുടെ കീഴിലുള്ള അന്താരാഷ്ട്ര നൃത്തസംഘടനയാണ് 1982 ല്‍ ഏപ്രില്‍ 29 നൃത്തദിനമായി ആചരിക്കാന്‍ തീരുമാനമെടുത്തത്.

നൃത്തമെന്ന ഓരേ ഒരു ഏകകത്തിനു കീഴില്‍ എല്ലാ രാഷ്ട്രീയ, സാംസ്കാരിക, ഗോത്രീയ അതിരുകളും മറികടന്ന്, സമാധാനത്തിന്‍റെയും സൗഹൃദത്തിന്‍റെയും മേഖലയിലേയ്ക്ക് ജനങ്ങളെ എത്തിക്കുന്നതാണ് ഈ ദിനത്തിന്‍റെ ലക്‍ഷ്യം.

You might also like

Leave A Reply

Your email address will not be published.