15-03-1892 ലിവർപൂൾ എഫ്.സി. ക്ലബ്‌ നിലവിൽ വന്നു

0

 

വടക്കുപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ലിവർപൂൾ ആസ്ഥാനമായ ഒരു പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ലിവർപൂൾ ഫുട്ബോൾ ക്ലബ് (ഇംഗ്ലീഷ്: Liverpool Football Club). ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ്ബുകളിൽ കൂടുതൽ വിജയങ്ങൾ ലിവർപൂളിന്റെ പേരിലാണ്. ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് പതിനെട്ട് തവണയും എഫ്.എ. കപ്പ് ഏഴ് തവണയും ലീഗ് കപ്പ് ഏഴ് തവണയും യുവെഫ ചാമ്പ്യൻസ് ലീഗ് ആറ് തവണയും നേടിയിട്ടുണ്ട്. ആൻഫീൽഡാണ് ലിവർപൂളിന്റെ സ്വന്തം തട്ടകം.

1892-ലാണ് ക്ലബ് സ്ഥാപിതമായത്.അതിനടുത്ത വർഷം ഫുട്ബോൾ ലീഗിൽ അംഗമായി.ഈ ക്ലബ്ബ് രൂപീകരണം മുതലേ ആൻഫീൽഡിലാണ് കളിച്ചുതുടങ്ങിയത്.1970കളിലും ’80കളിലും ബിൽ ഷാങ്ക്ലിയും ബോബ് പേയ്സ്ലിയും ചേർന്ന് 11 ലീഗ് പട്ടങ്ങളും ഏഴ് യൂറോപ്യൻ കിരീടങ്ങളും എന്ന തലത്തിലേയ്ക്ക് ക്ലബ്ബിനെ നയിച്ചപ്പോൾ ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും വൻശക്തികളായി അവർ മാറി.റാഫേൽ ബെനിറ്റെസ് പരിശീലകനായും സ്റ്റീവൻ ജെറാഡ് ക്യാപ്റ്റനായും വന്നതോടെ മിലാന് എതിരായ 2005 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ജയിച്ചുകൊണ്ട് ഒരിക്കൽ കൂടി യൂറോപ്യൻ ചാമ്പ്യൻമാരായി വീണ്ടും ഉയർന്നുവന്നു.

ലിവർപൂൾ € 306 ദശലക്ഷത്തോളം വാർഷിക വരുമാനത്തിൽ, 2013-14ൽ ലോകത്തിലെ തന്നെ ഒമ്പതാമത്തെ ഉയർന്ന-വരുമാനമുള്ള ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു. 2015ലെ ഫോർബ്സ് മാസികയുടെ കണക്കുകൾ പ്രകാരം $ 982 ദശലക്ഷത്തോളമാണ് ക്ലബ്ബിന്റെ സാമ്പത്തികമൂല്യം. ക്ലബ്ബിന് കളിക്കളത്തിൽ പല ശത്രുതകളും ഉണ്ട്. അവയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, എവർട്ടൺ എന്നിവരുമായുള്ളതാണ് പ്രധാനം.

*ചരിത്രം*

ജോൺ ഹൗൾഡിങ്ങ്, ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന്റെ സ്ഥാപകൻ
ലിവർപൂൾ എഫ്.സി. ക്ലബ്ബിന്റെ പ്രസിഡന്റും ആൻഫീൽഡിന്റെ ഭൂവുടമയുമായ ജോൺ ഹൗൾഡിങ്ങും എവർട്ടൺ കമ്മിറ്റിയും തമ്മിലുള്ള തർക്കത്തിന് ശേഷമാണ് സ്ഥാപിതമായത് . ആൻഫീൽഡിലെ എട്ട് വർഷത്തിന് ശേഷം 1892ൽ എവർട്ടൺ ഗുഡിസൺ പാർക്കിലേയ്ക്ക് മാറുകയും, ജോൺ ഹൗൾഡിങ്ങ് ആൻഫീൽഡിൽ കളിക്കുന്നതിന് വേണ്ടി ലിവർപൂൾ ഫുട്ബോൾ ക്ലബ്ബിന് ജന്മം നൽകുകയും ചെയ്തു. “എവർട്ടൺ എഫ്.സി. ആൻഡ് അത്ലെറ്റിക് ഗ്രൗണ്ട്സ് ലിമിറ്റഡ്” (എവർട്ടൺ അത്ലെറ്റിക് എന്ന് ചുരുക്കത്തിൽ) എന്നായിരുന്നു ആദ്യനാമം. ഇംഗ്ലീഷ് ഫുട്ബോൾ അസ്സോസിയേഷൻ ക്ലബ്ബിനെ എവർട്ടൺ എന്ന പേരുപയോഗിക്കാൻ അനുവദിക്കാതിരുന്നപ്പോൾ 1892 മാർച്ചിൽ ക്ലബ്ബ് ലിവർപൂൾ എഫ്.സി. എന്ന് പുനർനാമകരണം നടത്തി. പിന്നീട് മൂന്ന് മാസത്തിനുശേഷം ഔദ്യോഗികമായ അംഗീകാരം അവർ നേടിയെടുത്തു.അരങ്ങേറ്റസീസണിൽ തന്നെ അവർ ലങ്കാഷെയ്ർ ഫുട്ബോൾ ലീഗ് വിജയിച്ചു.1893-94 സീസണിൽ രണ്ടാം ഡിവിഷൻ ഫുട്ബോൾ ലീഗിലേയ്ക്ക് അവർ പ്രവേശിക്കുകയും ചെയ്തു.. ഇവിടെ ഒന്നാം സ്ഥാനം നേടിയതോടെ ക്ലബ്ബ് ഒന്നാം ഡിവിഷനിലേയ്ക്ക് ഉയർത്തപ്പെട്ടു. 1901ലും 1906ലും അവർ ഒന്നാം ഡിവിഷനും വിജയിച്ചു.

1914 ൽ ആദ്യ എഫ്.എ. കപ്പ് ഫൈനൽ കളിച്ചു , പക്ഷേ 1-0 എന്ന സ്കോറിന് ബേൺലിയോട് പരാജയപ്പെട്ടു.1922ലും 1923ലും തുടർച്ചയായി ലീഗ് ചാമ്പ്യൻഷിപ്പ് ജയിച്ച ടീം പക്ഷെ, 1946-47 സീസണിൽ പഴയ വെസ്റ്റാം യുണൈറ്റഡ് സെന്റെർ-ഹാഫ് ജോർജ് കേയുടെ കീഴിൽ അഞ്ചാമത്തെ ഒന്നാം ഡിവിഷൻ കിരീടം നേടുന്നത് വരെ കിരീടങളൊന്നും നേടിയിട്ടില്ല.. 1950ൽ ആഴ്സനലിനെതിരെ അവർ രണ്ടാമത്തെ കപ്പ് ഫൈനലും പരാജയപ്പെട്ടു. 1953-54 സീസണിൽ ക്ലബ്ബ് രണ്ടാം ഡിവിഷനിലേയ്ക്ക് തരംതാഴ്ത്തപ്പെട്ടു. ബിൽ ഷാങ്ക്ലി മാനേജരായിവന്ന് അധികം വൈകാതെ 1958-59 എഫ്.എ.കപ്പിൽ അവർ ലീഗ് ക്ലബ്ബ് അല്ലാത്ത വേഴ്സെസ്റ്റെർ സിറ്റിയോടും തോൽവിയറിഞ്ഞു. അദ്ദേഹത്തിന്റെ വരവോടെ 24 കളിക്കാരെ പുറത്ത് വിടുകയും, ആൻഫീൽഡിലെ ബൂട്ട് സ്റ്റോറേജ് റൂം പരിശീലകർക്ക് തന്ത്രങ്ങൾ മെനയുവാനുള്ള ഒരിടമാക്കി മാറ്റുകയും ചെയ്തു. ഷാങ്ക്ലിയും മറ്റ് ബൂട്ട് റൂമങ്ങളായ ജോ ഫാഗൻ, റുബൻ ബെന്നെറ്റ്, ബോബ് പെയ്സ്ലീ എന്നിവരും ചേർന്ന് ക്ലബ്ബിന് പുതിയൊരു രൂപം നൽകി.

1962ൽ ക്ലബ്ബ് വീണ്ടും ഫസ്റ്റ് ഡിവിഷനിലേയ്ക്ക് തിരിച്ചെത്തുകയും 17 വർഷത്തിലാദ്യമായി, 1964ൽ കിരീടം നേടുകയും ചെയ്തു.1965ൽ ക്ലബ്ബ് അവരുടെ ആദ്യ എഫ്.എ. കപ്പ് വിജയം നേടി. 1966ൽ ഫസ്റ്റ് ഡിവിഷൻ ജേതാക്കളായെങ്കിലും, അതേ സീസണിലെ യൂറോപ്യൻ കപ്പ് വിന്നേഴ്സ് കപ്പ് ഫൈനലിൽ ബൊറൂസ്സിയ ഡോർട്ട്മുണ്ടിനോട് തോൽവി രുചിച്ചു. ലിവർപൂൾ 1972-73 സീസണിൽ ലീഗും യുവേഫ കപ്പും ഉൾപ്പെടെ ഡബ്ബിൾ കിരീടം എന്ന നേട്ടം കരസ്ഥമാക്കി. അതിനടുത്ത വർഷം വീണ്ടും എഫ്.എ. കപ്പ് വിജയിച്ചു. ഷാങ്ക്ലി അടുത്ത് തന്നെ വിരമിച്ച്, പകരം അദ്ദേഹത്തിന്റെ സഹായിയായ ബോബ് പെയ്സ്ലി പരിശീലകനായി. 1976ൽ പെയ്സ്ലിയുടെ രണ്ടാം സീസണിൽ, ക്ലബ്ബ് ലീഗ് കിരീടവും യുവേഫ കപ്പും ഉൾപ്പെടെ മറ്റൊരു ഡബ്ബിളും നേടി. അതിനടുത്ത സീസണിൽ, ക്ലബ്ബ് ആദ്യമായി ലീഗ് കിരീടം നിലനിർത്തുകയും, യൂറോപ്യൻ കപ്പ് വിജയിക്കുകയുമുണ്ടായി. പക്ഷെ, 1977ലെ എഫ്.എ. കപ്പ് ഫൈനലിൽ പരാജയം നേടി. ലിവർപൂൾ യൂറോപ്യൻ കപ്പ് 1978ൽ നിലനിർത്തി. 1979ൽ ഫസ്റ്റ് ഡിവിഷൻ കിരീടം തിരിച്ചുപിടിച്ചു. ഒരു പരിശീലകനെന്ന നിലയിൽ, 9 സീസണുകളിലായി, പെയ്സ്ലിയ്ക്ക് കീഴിൽ ലിവർപൂൾ മൂന്ന് യൂറോപ്യൻ കപ്പുകൾ, ഒരു യുവേഫ കപ്പ്, ആറ് ലീഗ് കിരീടങ്ങൾ, മൂന്ന് തുടർച്ചയായ ലീഗ് കപ്പുകൾ എന്നിവയുൾപ്പെടെ 21 ട്രോഫികളാണ് കരസ്ഥമാക്കിയത്.

പെയ്സ്ലി 1983ൽ വിരമിക്കുകയും അദ്ദേഹത്തിന്റെ സഹായിയായ ജോ ഫാഗൻ പകരം ചുമതലയേൽക്കുകയും ചെയ്തു. ഫാഗന്റെ ആദ്യ സീസണിൽ തന്നെ ലിവർപൂൾ ലിവർപൂൾ ലീഗ്, ലീഗ് കപ്പ്, യൂറോപ്യൻ കപ്പ് എന്നിവ നേടി. ഒരു സീസണിൽ മൂന്ന് ട്രോഫികൾ വിജയിക്കുന്ന ആദ്യ ഇംഗ്ലീഷ് ക്ലബ്ബ് എന്ന റെക്കോർഡും അതോടെ കുറിക്കപ്പെട്ടു. 1985ൽ ലിവർപൂൾ വീണ്ടും യൂറോപ്യൻ കപ്പിന്റെ ഫൈനലിൽ എത്തി. ബെൽജിയത്തിലെ ഹെയ്സൽ സ്റ്റേഡിയത്തിൽ, യുവന്റസുമായുള്ള ഈ മത്സരത്തിന്റെ കിക്കോഫിന് മുൻപ് ലിവർപൂൾ അനുകൂലികൾ അച്ചടക്കം ലംഘിച്ച്, രണ്ട് ടീമിന്റെയും ആരാധകരെ വേർതിരിച്ചിരുന്ന അതിർത്തി തകർത്തുകൊണ്ട് യുവന്റസ് ആരാധകരെ ആക്രമിച്ചു. ആളുകളുടെ ഭാരം താങ്ങാനാവാതെ സ്റ്റേഡിയത്തിന്റെ മതിൽ തകർന്ന് വിണ് 39 പേർ കൊല്ലപ്പെട്ട ഈ സംഭവം പിന്നീട് ഹെയ്സൽ സ്റ്റേഡിയം ദുരന്തം എന്നറിയപ്പെട്ടു. രണ്ട് ക്ലബ്ബിന്റെയും പരിശീലകരുടെ എതിർപ്പ് വകവെയ്ക്കാതെ നടന്ന മത്സരത്തിൽ ലിവർപൂൾ യുവന്റസിനോട് 1-0 എന്ന സ്കോറിന് പരാജയപ്പെട്ടു. ഈ ദുരന്തത്തിന്റെ അനന്തരഫലമായി ഇംഗ്ലിഷ് ക്ലബ്ബുകളെ അഞ്ച് വർഷത്തേയ്ക്ക് യൂറോപ്യൻ കോമ്പറ്റീഷനുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. ലിവർപൂളിന് ആദ്യം പത്ത് വർഷത്തെ വിലക്ക് കിട്ടിയെങ്കിലും, പിന്നീടത് ആറ് വർഷമാക്കി ചുരുക്കി. മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് 14 ലിവർപൂൾ ആരാധകർക്ക് ശിക്ഷാവിധികൾ ലഭിച്ചു.

 

You might also like

Leave A Reply

Your email address will not be published.