മനുഷ്യാവകാശ പ്രവർത്തകൻ ഡോക്ടർ ഉബൈസ് സൈനുലാദ്ദീൻ ഡൽഹിയിലെ കലാപം ബാധിത പ്രദേശങ്ങൾ സന്ദർശിച്ചു കൊണ്ട് അതിൽ ഇരയായവരെയും ജീവശവങ്ങളായി ജീവിക്കുന്നവരെയും സന്ദർശിച്ചു

0

ഡൽഹിയുടെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ നേരിടേണ്ടി വന്ന ഭീകരതയുടെ നേർചിത്രം നേരിട്ടറിയുന്നതിനും മനസ്സിലാക്കുന്നതിനുമായി സ്വതന്ത്ര്യ മനുഷ്യാവകാശ പ്രവർത്തകൻ Dr.ഉബൈസ് സൈനുലാബ്ദീന്റെ നേതൃത്വത്തിൽ USPF മനുഷ്യാവകാശ പ്രവർത്തക സംഘം കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ചു. അകലെങ്ങളിൽ നിന്നും ദൃശ്യ ശ്രാവ്യ മാധ്യമങ്ങൾ വഴി മനസ്സിലാക്കിയതിനെക്കാൾ ദാരുണമായിരുന്നു കലാപ ഭൂമിയിലെ ഭീകരതകൾ.

ഉപജീവനമാർഗങ്ങൾ എല്ലാം നഷ്ടപ്പെട്ട് അകലങ്ങളിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരുപാട് പ്രതീക്ഷയറ്റ ജന്മങ്ങളെ അവിടെ കാണാൻ സാധിച്ചു. അടുത്ത നിമിഷത്തെ സംബന്ധിച്ച അനിശ്ചിതത്വത്തിൽ അവരുടെ മുഖം വിഷാദത്താൽ തളംകെട്ടി നിൽക്കുന്നു.


ജീവിതം പൂർവ്വ സ്ഥിതിയിലെത്താൻ താണ്ടിയ പാതകളൊക്കെയും ഇനിയുമവർക്ക് തിരിഞ്ഞു നടക്കണം. ചെയ്തു തീർത്ത ശ്രമങ്ങൾ വീണ്ടുമാവർത്തിക്കണം.

ഒഴുക്കിക്കളഞ്ഞ വിയർപ്പുതുള്ളികളുടെ കയ്പ്പുരസം വീണ്ടും നുണയണം. കാരണം, നഷടപ്പെട്ടത് അവരുടെ ഒരായുസ്സിൻ്റെ അധ്വാനമാണ്. കരിച്ചു കളഞ്ഞത് നാളെയുടെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ്. തങ്ങളുടെ അനന്തരരും ആശാ കേന്ദ്രങ്ങളും പൊലിഞ്ഞു പോയ മനോവേദനയിലും വിഷാദത്തിലുമാണ് മറ്റു ചിലർ.സർവേ വിവരങ്ങൾ ശേഖരിക്കുന്നതിനിടയിൽ പ്രദേശവാസികളുടെ പ്രതികരണങ്ങളിൽ എല്ലാം നഷ്ടപ്പെട്ടവരുടെ നിസ്സഹായവസ്ഥയും
ഇരകളുടെ നിഷ്കളങ്കമായ രോഷവും എല്ലാം പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു.

ചിരികൾ ഓർമ്മകളായി മാറിയ ഇവർക്ക് മുമ്പിൽ പ്രതീക്ഷാകിരണങ്ങളുടെ അരുണോദയത്തിന് ഇനിയും എത്ര രാവുകൾ കടന്ന് പോകണമെന്ന് നിശ്ചയമില്ല. സാമൂഹ്യ ദ്രോഹികളുടെയും മത ഭ്രാന്തരുടെയും അഴിഞ്ഞാട്ടങ്ങളിൽ പൊലിഞ്ഞ് പോയത് ധാരാളം ജീവനുകളും പ്രതീക്ഷകളുമാണ്. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കലാപം ബാക്കി വെച്ച ഭീതികളും വരുത്തി വെച്ച ഭീകരതയുടെ കാർമേഘങ്ങളും ഇനിയും അവരെ വിട്ടൊഴിഞ്ഞിട്ടില്ല.

ഗോകുൽ പുരി, ശിവ വിഹാർ ഭാഗങ്ങളിലായിരുന്നു USPF സംഘം സന്ദർശിച്ചിരുന്നത്. ഇവിടെ മുസ്ലിം-ഹിന്ദു, ഇരു മത വിഭാഗങ്ങളെയും കലാപം ബാധിച്ചിട്ടുണ്ട്. ലക്ഷങ്ങൾ മുതൽ കോടികൾ വരെ നാശനഷ്ടങ്ങൾ സംഭവിച്ചവരുണ്ട്. കഴിഞ്ഞ മാസം ഇരുപത്തിനാല്, തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ആരംഭിച്ച കലാപവും വംശഹത്യകളും പിറ്റേന്ന് രാത്രി ഇരുട്ടിയും തുടർന്നുകൊണ്ടിരുന്നു. അൽപമെങ്കിലും ശമനം വരാൻ വീണ്ടും ഒരു ദിവസം കൂടെ പിന്നിട്ട് ബുധനാഴ്ചയുടെ പ്രഭാതം പുലരേണ്ടി വന്നു. തുടർന്നും കലാപവിനകൾ വരുത്തി വെച്ച കനലുകൾ എരിഞ്ഞു കൊണ്ടേയിരുന്നു. ഇപ്പൊഴും മുസ്തഫാബാദിൻ്റെയും ജാഫറാബാദിൻ്റെയും തെരുവുകളിലൂടെ നടക്കുമ്പോൾ കത്തിയമർന്ന ചാരക്കൂട്ടങ്ങൾക്കിടയിൽ നിന്നുമുയരുന്ന ഭീതിയുടെ പുകച്ചുരളുകളും കരിഞ്ഞ വാസനകളും ഹൃദയത്തെ നടുക്കുന്നുണ്ട്.

പൂർണ്ണമായി കത്തിയ നിലയിൽ ധാരാളം കടകളും വീടുകളും ഞങ്ങൾക്ക് ഗോകുൽ പുരിയിലും ശിവവിഹാറിലും കാണാൻ സാധിച്ചു. ഷമീർ എന്ന ഒരു സഹോദരൻ്റെ മധുരപ്പലഹാരക്കട പൂർണമായും കത്തി നശിച്ച് എട്ട് ലക്ഷത്തോളം നഷ്ടം സംഭവിച്ചിട്ടുണ്ട്. ഹാർഡ് വെയർ കട നടത്തിയിരുന്ന ഷർമ എന്ന സഹോദരൻ്റെ നഷ്ടം ഒന്നര കോടിയോളം വരും. സ്വന്തം വീടും അതിനോട് ചേർന്ന് തന്നെയുള്ള തൻ്റെ കടയും കത്തി നശിച്ച ആരിഫിനെയും ഞങ്ങൾക്ക് കാണാൻ സാധിച്ചു. സോനു, കുമാർ എന്നീ രണ്ട് സഹോദരങ്ങളുടെ രണ്ട് കടകൾ കത്തി നശിച്ചതിലൂടെ അവർക്ക് വന്ന നഷ്ടം ഒമ്പത് ലക്ഷത്തോളമാണ്. എട്ട് പേരടങ്ങുന്ന ഒരു കുടുംബത്തിൻ്റെ വരുമാന മാർഗമാണ് ഇതിലൂടെ ചാരമായി തീർന്നത്. സോനുവിൻ്റെ കത്തി നശിച്ച കട കണ്ടു മടങ്ങവേ അദ്ദേഹം USPF സംഘത്തോട് പറഞ്ഞ വാക്കുകൾ ഹൃദയങ്ങളെ വരിഞ്ഞ് മുറുക്കുന്ന വേദനയിൽ അവർ ഓർത്തെടുക്കുന്നു. ”മനഷ്യത്വം ഇല്ലാത്തവർ ഇവിടെ വന്ന് കലാപം അഴിച്ചു വിട്ടു. മനുഷ്യത്വമുള്ളവർ ഇപ്പോൾ വന്ന് ഞങ്ങളെ ആശ്വസിപ്പിക്കുന്നു”. യാത്രക്കിടയിൽ പൂർണമായും കത്തി നശിച്ച നിലയിൽ ഒരു പാർക്കിംഗ് ഏരിയ കണ്ട് കണ്ണുകൾ തള്ളിപ്പോയ അനുഭവങ്ങൾ USPF സംഘം വേദനയോടെ ഓർത്തെടുക്കുന്നു. നൂറ്റി അൻപതോളം കാറുകൾ കത്തി നശിച്ച ഇവിടത്തെ നഷ്ടം ഏകദേശം പതിമൂന്ന് കോടിയോളം വരുമെന്നാണ് അനുമാനിക്കുന്നത്.

കടകളും വീടുകളും കത്തിക്കുക മാത്രമല്ല, കലാപത്തിനിടയിൽ വ്യാപകമായി സമ്പത്തുകൾ കവർച്ച ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ടെന്ന് ഏക സ്വരത്തിൽ സംസാരിച്ചവരെല്ലാം സമ്മതിക്കുന്നുതായി പറയുന്നു. ഇതിൽ നിന്നും കലാപകാരികളുടെ ഉദ്ദേശ്യം വ്യക്തമാണ്.

ആക്രമണത്തിനിടെ സ്വന്തം ജീവൻ പൊലിഞ്ഞ ദിൽബാർ എന്ന സഹോദരൻ്റെ ദാരുണാന്ത്യം ഞെട്ടലോടെയും നിറ കണ്ണുകളോടെയുമാണ് ഞങ്ങൾ ബന്ധുക്കളിൽ നിന്നും കേട്ടത്. കടയിൽ കിടന്നുറങ്ങുകയായിരുന്ന ദിൽബാറിൻ്റെ കയ്യും കാലും വെട്ടി വേർപ്പെടുത്തി അദ്ദേഹത്തെ കത്തിക്കുകയായിരുന്നു.

രാജസ്ഥാനിൽ നിന്നും വന്ന് ഈ ഭാഗങ്ങളിൽ സ്ഥിര താമസമാക്കിയ ജുഗ്ഗിവംശത്തെയും യാത്രക്കിടെ കാണാൻ സാധിസിച്ചിരുന്നു. പാരമ്പര്യമായി കത്തിയും മറ്റു പണിയായുധങ്ങളും നിർമ്മിക്കലാണ് ഇവരുടെ ജോലി. ഇവരുടെ ആയുധ നിർമാണ ശാല പൂർണമായും കത്തിക്കപ്പെട്ടിട്ടുണ്ട്. ഉട്ടുടുത്ത ഉടുപ്പല്ലാതെ മറ്റൊന്നും അവർക്ക് സ്വന്തമെന്ന് പറയാൻ ബാക്കി വെക്കാതെ മുഴുവൻ സമ്പാദ്യങ്ങളും ചാരമായിരിക്കുകയാണിന്ന്. രണ്ടര ലക്ഷത്തോളം നഷ്ടം ഇവർക്ക് ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
“നേരിൽ കണ്ടതിനേക്കാളേറെ ഭീകരവും അതിദയനീയവുമായ കാഴ്ചകൾ ഇനിയും ഒരുപാടുണ്ട് കാണാൻ. സമയക്കുറവ് മൂലം ഞങ്ങൾ തിരിച്ചു പോരുകയായിരുന്നു. മാസങ്ങളെടുത്ത് ഓരോ ഗല്ലികളിലും കയറിയിറങ്ങണം ഈ കലാപത്തിൻ്റെ കെടുതികൾ മുഴുവനായും വിലയിരുത്താൻ”പ്രശ്നബാധിത പ്രദേശങ്ങളുടെ നേരിട്ടുള്ള അനുഭവ സാക്ഷ്യത്താൽ സർവേ സംഘം പറഞ്ഞു.

കലാപത്തിൻ്റെ ഉറവിടത്തെ സംബന്ധിച്ച് നാട്ടുകാർക്ക് ഭിന്നാഭിപ്രായമാണുള്ളത്. ചിലർ സ്വദേശികളായ ഹിന്ദുക്കളാണെന്നും മറ്റു ചിലർ സ്വദേശികളായ മുസ്‌ലിംകളാണെന്നും മറ്റു ചിലർ പുറത്തു നിന്നും വന്ന ചില സാമൂഹ്യ വിരുദ്ധരും മതഭ്രാന്തരുമാണെന്ന് പറയുന്നു. ആക്രമണത്തിൻ്റെ സ്വഭാവം വിലയിരുത്തുമ്പോൾ പുറത്തുനിന്നും വന്നവരാണ് ഇതിൻ്റെ ഉത്തരവാദികൾ എന്നു തന്നെ പറയേണ്ടി വരും.

Badrudheen⁩

You might also like

Leave A Reply

Your email address will not be published.