മധ്യാഹ്ന വാർത്തകൾ

0

 

🅾️ *കൊവിഡ് അവലോകനയോഗത്തിന് ശേഷമുള്ള സ്ഥിരം വാര്‍ത്താസമ്മേളനങ്ങള്‍ മുതല്‍ ഒഴിവാക്കി ഇനിമുതല്‍ പകരം പുതിയ സംവിധാനം കൊണ്ട് വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് മുന്‍കരുതലെന്ന നിലയില്‍ ശാരീരിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. മാധ്യമ മേധാവിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ഉയര്‍ന്ന നിര്‍ദ്ദേശമാണ് ഇതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇനി മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് തന്നെയായിരിക്കും വാര്‍ത്താസമ്മേളനം എന്നാണ് അറിയാന്‍ കഴിഞ്ഞത്. പിആര്‍ഡി വഴി വാര്‍ത്താസമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭ്യമാക്കും.*

🅾️ *കൊച്ചിയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചയാള്‍ക്ക് എച്ച്‌ഐവി ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ നല്‍കി നടത്തിയ പരീക്ഷണം വിജയകരമെന്ന് ഡോക്ടര്‍മാര്‍. എച്ച്‌ഐവി മരുന്നുകള്‍ നല്‍കിയ എറണാകുളത്തെ രോഗിയുടെ പരിശോധനാഫലം മൂന്ന് ദിവസം കൊണ്ട് നെഗറ്റീവ് ആയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. കൊവിഡ് പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ ആന്റി വൈറല്‍ മരുന്ന് ചികിത്സയ്ക്ക് വിധേയനായ ബ്രിട്ടീഷ് പൗരന്റെ പരിശോധനാഫലമാണ് നെഗറ്റീവ് ആയിരിക്കുന്നത്. എച്ച്‌ഐവി ചികിത്സക്ക് ഉപയോഗിക്കുന്ന റിറ്റോണാവീര്‍, ലോപിനാവിര്‍ എന്നീ മരുന്നുകളാണ് രോഗിക്ക് ഏഴു ദിവസം നല്‍കിയത്.മരുന്ന് നല്‍കി മൂന്നാമത്തെ ദിവസം നടത്തിയ സാമ്പിൾ പരിശോധനയില്‍തന്നെ ഫലം നെഗറ്റീവായി കണ്ടെത്തി.മാര്‍ച്ച്‌ 23 ന് ലഭിച്ച സാമ്പിൾ പരിശോധനാഫലവും നെഗറ്റീവാണെന്ന് ഉറപ്പിച്ചതോടെയാണ് അധികൃതര്‍ വിവരം ഔദ്യോഗികമായി വെളിപ്പെടുത്തിയത്. മൂന്നാറില്‍ ക്വാറന്റൈനിലായിരിക്കെ അനധികൃതമായി നെടുമ്പാശേരിയിലെത്തി ദുബായിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഈ ബ്രിട്ടീഷ് പൗരനെ ആരോഗ്യ വകുപ്പ് കണ്ടെത്തി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇദ്ദേഹത്തിന്റെ സംഘത്തിലെ മറ്റ് ആറു പേര്‍ കൂടി കഴിഞ്ഞ ദിവസം പൊസിറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.*

🅾️ *കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ മലപ്പുറം, കോഴിക്കോട് ജില്ലകള്‍ക്ക് സഹായവുമായി രാഹുല്‍ ഗാന്ധി എംപി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം കൊറോണ പ്രതിരോധത്തിനായി ജില്ലയിലേക്ക് അനുവദിച്ച മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, തെര്‍മോ മീറ്ററുകള്‍ എന്നിവ എപി അനില്‍ കുമാര്‍ എംഎല്‍എ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന് കൈമാറി. വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേക്കാണ് രാഹുല്‍ ഗാന്ധി എം പി പ്രതിരോധ സാമഗ്രികള്‍ നല്‍കിയത്. ജില്ലയില്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനാണ് കലക്ടര്‍മാര്‍ക്ക് സാമഗ്രികള്‍ എത്തിക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. കൂടുതല്‍ എം പി ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ജില്ലയുടെ ആവശ്യത്തിന്മേല്‍ ഉടന്‍ മറുപടി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.*

🅾️ *സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഗം പകരുന്നത് സമ്പർക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പൊലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പൊലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.*

🅾️ *മൂന്നു കിടപ്പുമുറികളും എല്ലാവിധ സൗകര്യങ്ങളുമുള്ള എറണാകുളം പള്ളിക്കരയിലെ പുതിയ വീട് ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധതയറിയിച്ച്‌ യുവാവ്. അന്തേവാസികള്‍ക്കായി കൊച്ചിന്‍ ഫുഡീസ് റിലീഫ് ആര്‍മിയുടെ നേതൃത്വത്തില്‍ ഭക്ഷണമെത്തിക്കാന്‍ തയ്യാറാണെന്നും കറുകപ്പാടത്ത് കെ.എസ്. ഫസലുറഹ്മാന്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. സ്വകാര്യസ്ഥാപനത്തില്‍ റീജണല്‍ മാനേജരായ ഫസലു നിലവില്‍ കൊടുങ്ങല്ലൂരിലെ കുടുബവീട്ടിലാണു താമസം.അടിയന്തരസാഹചര്യത്തില്‍ ജോലിയെടുക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും വീട് നല്‍കാന്‍ തയ്യാറാണ്. പാലുകാച്ചിയിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ. വളരെ കുറച്ചുദിവസംമാത്രമാണ് വീട്ടില്‍ താമസിച്ചിട്ടുള്ളത്. താന്‍ കുടുംബത്തോടൊപ്പം സുരക്ഷിതമായി കഴിയുമ്പോൾ തനിക്കു ചെയ്യാന്‍ കഴിയുന്നതു ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിനുപിന്നില്‍. തന്റെ പോസ്റ്റ് കണ്ട് സന്നദ്ധസംഘടനകള്‍ ഭക്ഷണമെത്തിക്കാന്‍ താത്പര്യമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.*

🅾️ *കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കുന്നതിനായി പൂട്ടിക്കിടക്കുന്ന നെടുങ്കണ്ടം കരുണ ആശുപത്രി കെട്ടിടം വൃത്തിയാക്കി ഡി.വൈ.എഫ്.ഐ.-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ബുധനാഴ്ച രാവിലെയാണ് കെട്ടിടവും ഫര്‍ണിച്ചറുകളും ഉള്‍പ്പെടെ ഐസൊലേഷന്‍ വാര്‍ഡിനായി ഇടുക്കി രൂപത ജില്ലാ ഭരണകൂടത്തിന് നല്കിയത്. മാസങ്ങളായി പൂട്ടിക്കിടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മൂന്ന് ബ്ലോക്കുകളും പൊടിയും മാറാലയും നിറഞ്ഞ നിലയിലായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെയും ഉടുമ്പഞ്ചോല തഹസില്‍ദാര്‍, നെടുങ്കണ്ടം താലൂക്കാശുപത്രി സൂപ്രണ്ട് എന്നിവരുടെ ആവശ്യപ്രകാരം ഡി.വൈ.എഫ്.ഐ., യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രികെട്ടിടം ശുചീകരിക്കുകയായിരുന്നു.*

🅾️ *അവിനാശിയില്‍ കെ.എസ്.ആര്‍.ടിസി. ബസ് അപകടത്തില്‍ മരിച്ച 19 പേരുടെ ആശ്രിതര്‍ക്ക് സഹായധനമായി രണ്ടുലക്ഷം രൂപവീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നു നല്‍കും. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന 25 പേര്‍ക്ക് ചികിത്സാ ബില്ലുകള്‍ ഹാജരാക്കിയാല്‍ പരമാവധി രണ്ടുലക്ഷം രൂപവരെ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. ഫെബ്രുവരി 20-ന് പുലര്‍ച്ചെ തമിഴ്നാട്ടിലെ അവിനാശിയില്‍ ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്കുവന്ന കെ.എസ്.ആര്‍.ടി.സി. വോള്‍വോ ബസില്‍ എതിരെവന്ന കണ്ടെയ്നര്‍ ലോറി ഇടിച്ചായിരുന്നു അപകടം.*

🅾️ *കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ ബില്ലുകളായി പരിഗണിക്കാനാവാതിരുന്ന എട്ട് ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ ഗവര്‍ണറോടു ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.*

*2020-ലെ കേരള കര്‍ഷകത്തൊഴിലാളി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരളത്തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള ധാതുക്കള്‍ (അവകാശങ്ങള്‍ നിക്ഷിപ്തമാക്കല്‍) ഓര്‍ഡിനന്‍സ്, 2020-ലെ കേരള വിദ്യാഭ്യാസ (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള സംസ്ഥാന ചരക്കുസേവന നികുതി (ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള സഹകരണസംഘം (രണ്ടാം ഭേദഗതി) ഓര്‍ഡിനന്‍സ്, 2020-ലെ കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ്, ഇന്നവേഷന്‍ ആന്‍ഡ് ടെക്നോളജി ഓര്‍ഡിനന്‍സ് എന്നിവയാണ് പുനര്‍വിളംബരം ചെയ്യുക*

*മറ്റു തീരുമാനങ്ങള്‍*

*വ്യവസായ വകുപ്പിനു കീഴിലെ ടെല്‍ക്കിലെ തൊഴിലാളികളുടെ ദീര്‍ഘകാല കരാര്‍ 2016 സെപ്റ്റംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കും. പത്രപ്രവര്‍ത്തരുടെയും പത്രജീവനക്കാരുടെയും പെന്‍ഷന്‍ സംബന്ധമായ നടപടികള്‍ വേഗത്തിലാക്കാന്‍ വിവര പൊതുജന സമ്പർക്ക വകുപ്പില്‍ നേരത്തേ രൂപവത്കരിച്ച പ്രത്യേക സെക്‌ഷന് ഒരുവര്‍ഷത്തേക്ക് തുടര്‍ച്ചാനുമതി നല്‍കി. കുടുംബശ്രീ എക്സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറിന് കെ.എസ്.ഐ.ഡി.സി. എം.ഡി.യുടെ അധിക ചുമതല നല്‍കി. ജി.എസ്.ടി. കമ്മിഷണര്‍ ആനന്ദ് സിങ്ങിന് കെ.എസ്.ടി.പി. പ്രോജക്‌ട് ഡയറക്ടറുടെ അധികച്ചുമതല നല്‍കി.*

🅾️ *കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍നിന്ന് കടന്ന പനിബാധിതനായ പ്രവാസിയെ നാട്ടുകാരും പോലീസും പിടികൂടി നിലമ്പൂരിലെ ഐസൊലേഷന്‍ ക്യാമ്പിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് മണക്കടവ് സ്വദേശിയാണ് കുരുക്കിലായത്. ഞായറാഴ്ചയാണ് ഇയാള്‍ അബുദാബിയില്‍ നിന്നെത്തിയത്. ചൊവ്വാഴ്ച കാളികാവ് പുല്ലങ്കോടിലെ ഭാര്യവീട്ടിലെത്തി. പനിയെത്തുടര്‍ന്ന് അന്ന് കോഴിക്കോട് മെഡിക്കല്‍കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ രാത്രിയോടെ ഇയാള്‍ ആശുപത്രിയില്‍നിന്ന് കടന്നു. സഹോദരന്‍ ഇയാളെ ഭാര്യവീട്ടില്‍ത്തന്നെ കൊണ്ടുവിട്ടു. ഇയാള്‍ തിരിച്ചെത്തിയതോടെ സമീപവാസികള്‍ ബഹളംവെച്ചു. വിവരമറിഞ്ഞ് കാളികാവ് സ്പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ വി.ശശിധരനും സംഘവുമെത്തി. ബുധനാഴ്ച ആരോഗ്യവകുപ്പ് ഇടപെട്ട് ഇയാളെ നിലമ്പൂർ പോലീസ് ക്യാമ്പിലുള്ള ഐസൊലേഷന്‍ ക്യാമ്പിലേക്ക്‌ മാറ്റി. മെഡിക്കല്‍കോളേജില്‍ നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു.ആശുപത്രിയില്‍നിന്ന് കടന്നതിന് ഇയാള്‍ക്കെതിരേ പോലീസ് കേസെടുത്തു.*

🅾️ *അര്‍ധരാത്രിയില്‍ പെരുവഴിയിലാവുമെന്ന ആശങ്കയില്‍ 13 പെണ്‍കുട്ടികളടങ്ങുന്ന സംഘം ഒടുവില്‍ സഹായം തേടി മുഖ്യമന്ത്രി പിണറായിവിജയനെത്തന്നെ വിളിച്ചു. മറ്റു നിര്‍വാഹമില്ലാതായപ്പോഴാണ് രാത്രി ഒന്നരമണിക്ക് മുഖ്യമന്ത്രിയെ വിളിച്ചുണര്‍ത്തിയത്. ശകാരിക്കുമോ എന്ന ഭയമുണ്ടായിരുന്നു. പക്ഷേ, രണ്ടാമത്തെ റിങ്ങില്‍ അപ്പുറത്തുനിന്ന് വളരെ കരുതലോടെ പിണറായിയുെട ശബ്ദം. കാര്യം ചോദിച്ചറിഞ്ഞശേഷം മുഖ്യമന്ത്രിതന്നെ പരിഹാരം നിര്‍ദേശിച്ചു. രാത്രി വൈകി കേരള-കര്‍ണാടക അതിര്‍ത്തിയായ തോല്‍പ്പെട്ടിയില്‍ ഒറ്റപ്പെട്ടുപോയപ്പോള്‍ മുഖ്യമന്ത്രി പകര്‍ന്ന ധൈര്യവും കരുതലും മറക്കാനാവാത്ത അനുഭവമാണെന്ന് കോഴിക്കോട് പുതിയാപ്പ ശ്രീരത്നം വീട്ടില്‍ എം.ആര്‍. ആതിര പറയുന്നു. ഹൈദരാബാദിലെ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസിലെ ജീവനക്കാരായ ആതിരയടങ്ങുന്ന 14 പേര്‍ ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ടെമ്പൊ ട്രാവലറില്‍ നാട്ടിലേക്ക് തിരിച്ചത്. ഇതില്‍ വിഷ്ണു ഒഴിച്ച്‌ മറ്റെല്ലാവരും പെണ്‍കുട്ടികള്‍. കോഴിക്കോട്ട് എത്തിക്കുമെന്ന ഉറപ്പിലാണ് വാഹനത്തില്‍ പുറപ്പെട്ടത്. പക്ഷേ, രാത്രിയോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഡ്രൈവര്‍ നിലപാട് മാറ്റി. അതിര്‍ത്തിയില്‍ ഇറക്കാമെന്നും അവിടുന്ന് നാട്ടിലേക്ക് കേരളത്തില്‍ നിന്നുള്ള വണ്ടി പിടിക്കേണ്ടിവരുമെന്നും ഡ്രൈവര്‍ പറഞ്ഞു. അപ്പോഴേക്കും മുത്തങ്ങ ചെക്പോസ്റ്റ് എത്താറായിരുന്നു. അര്‍ധരാത്രിയില്‍ വനമേഖലയായ മുത്തങ്ങയില്‍ ഇറങ്ങുന്നത് സുരക്ഷിതമല്ലെന്ന് പറഞ്ഞ് വണ്ടി തോല്‍പ്പെട്ടി ഭാഗത്തേക്ക് വിട്ടു. ഈ സമയം എന്തു ചെയ്യണമെന്നറിയാതെ സഹായത്തിനായി പലരെയും വിളിച്ചു. പരിചയമുള്ള പല ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും വഴികളൊന്നും തുറന്നുകിട്ടിയില്ല. അപ്പോഴേക്കും സമയം ഒരുമണി കഴിഞ്ഞു. മറ്റൊരുമാര്‍ഗവുമില്ലെന്നായപ്പോള്‍ മുഖ്യമന്ത്രിയെ വിളിച്ച്‌ സഹായം തേടാമെന്ന് കൂട്ടത്തിലെ ചിലര്‍ പറഞ്ഞു. ഭയന്നുകൊണ്ട് മുഖ്യമന്ത്രിയെ ആതിര വിളിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി നിര്‍ദേശങ്ങള്‍ നല്‍കിയത്. ഉടനെ വയനാട് കളക്ടറെയും എസ്.പി.യെയും വിളിക്കാന്‍ പറഞ്ഞു. ആവശ്യമായ നിര്‍ദേശം നല്‍കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. കളക്ടറുടെയും എസ്.പി.യുടെയും മൊബൈല്‍ നമ്പറും മുഖ്യമന്ത്രി പറഞ്ഞുകൊടുത്തു. ആദ്യം കിട്ടിയത് എസ്.പി.യെയാണ്. തോല്‍പ്പെട്ടിയില്‍ വാഹനം എത്തുമ്പോഴേക്കും തുടര്‍ന്നുള്ള യാത്രയ്ക്ക് പകരം സംവിധാനം ഏര്‍പ്പാടാക്കാമെന്ന് എസ്.പി. ഉറപ്പുനല്‍കി. തോല്‍പ്പെട്ടിയില്‍ വാഹനം ഇറങ്ങിയ ഉടന്‍ കൈകഴുകി, പനിയുണ്ടോ എന്ന് പരിശോധിച്ചു. 20 മിനിറ്റ്‌ കാത്തുനിന്നപ്പോഴേക്കും കോഴിക്കോട്ടേക്ക് പോവാനുള്ള വാഹനവുമായി തിരുനെല്ലി എസ്.ഐ. എ.യു. ജയപ്രകാശ് എത്തി. ബുധനാഴ്ച രാവിലെയോടെ 14 പേരും സുരക്ഷിതരായി വീടുകളിലെത്തി. സര്‍ക്കാര്‍ മുന്നിലുണ്ടെന്ന പിണറായിയുടെ വാക്കുകള്‍ വെറുംവാക്കല്ലെന്ന് വ്യക്തമായെന്ന് ആശ്വാസത്തോടെ ആതിര പറയുന്നു.*

🅾️ *വയനാട് ജില്ലയുടെ അതിര്‍ത്തികള്‍ പൂര്‍ണമായും അടച്ചു. വ്യാഴാഴ്ച മുതല്‍ അതിര്‍ത്തിയിലൂടെ ആര്‍ക്കും പ്രവേശനം അനുവദിക്കില്ലെന്ന് ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള അറിയിച്ചു. വയനാട്ടിലേക്ക് യാത്ര തിരിക്കാന്‍ ഉദ്ദേശിക്കുന്നവരെല്ലാം തിരികേ പോവണമെന്നും ഒരുകാരണവശാലും യാത്രക്കാര്‍ക്ക് ചെക്ക് പോസ്റ്റുകള്‍ തുറന്നുനല്‍കില്ലെന്നും കളക്ടര്‍ വ്യക്തമാക്കി. കര്‍ണാടകത്തില്‍ നിന്ന് ആളുകള്‍ ഇനിയും വന്നാല്‍ ബുദ്ധിമുട്ടാണ്. ഇന്ന് മാത്രം 200ലധികം ആളുകളാണ് ജില്ലയിലെ കോവിഡ് സെന്ററുകളിലെത്തിയത്. ഇവര്‍ക്ക് ഭക്ഷണവും ചികിത്സയും ഉറപ്പാക്കുന്നത് വലിയ വെല്ലുവിളിയാണ്. ജില്ലയ്ക്കകത്തുള്ള ആദിവാസി സമൂഹമുള്‍പ്പടെയുള്ളവരുടെ കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.അവശ്യസര്‍വീസുകള്‍ ഒഴികെ വ്യാഴാഴ്ച മുതല്‍ അന്തര്‍സംസ്ഥാന അതിര്‍ത്തിയിലെത്തുന്ന ആരെയും കടത്തിവിടാന്‍ നിര്‍വാഹമില്ല. ഈ സാഹചര്യത്തില്‍ വയനാട്ടിലേക്ക് ആരേയും പ്രവേശിപ്പിക്കില്ലെന്നും കളക്ടര്‍ അറിയിച്ചു*

🅾️ *കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ ചികിത്സയ്ക്കുവേണ്ടി പ്രത്യേക ഐ.സി. യൂണിറ്റ് തുടങ്ങുന്നതിന് കെ.കെ. രാഗേഷ്.എം.പിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചു. കൊറോണ വൈറസ് ബാധ ചികിത്സയുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒട്ടേറെ പേര്‍ നിരീക്ഷണത്തിലും ചികിത്സയിലുമുള്ള സാഹചര്യത്തിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ഒരു ഐ.സി യൂണിറ്റ് കൂടി പുതുതായി സ്ഥാപിക്കുന്നത്. നവീന വെന്റിലേറ്റര്‍, പോര്‍ട്ടബിള്‍ വെന്റിലേറ്റര്‍, മള്‍ട്ടി പാരമീറ്റര്‍ മോണിറ്റര്‍, ഡിഫി ബ്രൈലേറ്റര്‍, ഇ.സിജി. മെഷിന്‍, ക്രാഷ് കാര്‍ട്ട് തുടങ്ങിയ ഉപകരണങ്ങള്‍ വാങ്ങുന്നതിന് വേണ്ടിയാണ് കെ.കെ രാഗേഷ് എം.പിയുടെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ അനുവദിച്ചത്.കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ പോസിറ്റീവായ ഒരു രോഗിയെ അസുഖം ഭേദമായി കഴിഞ്ഞദിവസം ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നു.*

🅾️ *ദുബായില്‍ നിന്നും നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന 10 മാസം പ്രായമുള്ള കുട്ടി കിണറ്റില്‍ വീണു മരിച്ചു. വര്‍ക്കല പുന്നമൂട് പുന്നവിള വീട്ടില്‍ സുബിന്റെയും ശില്‍പയുടെയും മകള്‍ അനശ്വര സുബിന്‍ ആണ് മരിച്ചത്. വൈകീട്ട് 3.15 ഓടെയാണ് സംഭവം. ശില്‍പയും മക്കളും ഇക്കഴിഞ്ഞ 11നാണ് ദുബായില്‍ നിന്നും നാട്ടിലെത്തിയത്. അതുകൊണ്ട് തന്നെ ഇവര്‍ നിരീക്ഷണത്തിലുമായിരുന്നു. കൈവരിയും ഗ്രില്ലും നെറ്റുമുള്ള കിണറിന് 100 അടിയോളം താഴ്ചയുണ്ട്. അതില്‍ 15 അടിയോളം വെള്ളവുമുണ്ട്. ശില്‍പ കുട്ടിയുമായെത്തി കിണറിന്റെ വല വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ ഗ്രില്ലിനിടയിലൂടെ കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. വര്‍ക്കല ഫയര്‍ഫോഴ്സ് കരയ്ക്കെത്തിച്ച മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.അച്ചന്‍ സുബിന്‍ വിദേശത്താണ്. സഹോദരി അങ്കിത.*

🅾️ *കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.സി.എച്ച്‌. ബ്ലോക്ക് ബുധനാഴ്ച മുതല്‍ കോവിഡ്-19 ചികിത്സയ്ക്ക് മാത്രമുള്ള ആശുപത്രിയാക്കി മാറ്റിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ അറിയിച്ചു. നിലവില്‍ മെഡിക്കല്‍ കോളേജില്‍ ലഭിക്കുന്ന ഒ.പി.സൗകര്യങ്ങള്‍ക്കു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ അറിയിച്ചിട്ടുണ്ട്. കോഴിക്കോട് സര്‍ക്കാര്‍ ജനറല്‍ ആശുപത്രി (ബീച്ച്‌ ആശുപത്രി)യില്‍ ശിശുരോഗ വിഭാഗവും ഗൈനക്കോളജി വിഭാഗവും ഒഴിച്ച്‌ നിലവില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭിക്കും. കോഴിക്കോട് സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജി- ശിശുരോഗ ചികിത്സകള്‍ ലഭിക്കും.*

🅾️ *സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും സാമൂഹ്യവ്യാപനത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹ്യവ്യാപനത്തിലേക്ക് എത്താതിരിക്കാനുള്ള ജാഗ്രതയും മുന്‍കരുതലുമാണ് ഇപ്പോള്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ‘സാമൂഹ്യവ്യാപനം എന്ന വാള്‍ നമ്മുടെ തലക്കുമീതെ തൂങ്ങിനില്‍ക്കുന്നുണ്ട്. അത് വളരെ ഗൗരവതരമായി ഉള്‍ക്കൊള്ളണം. ആ വാള്‍ കേരളത്തിന്റെ തലയിലോ നെഞ്ചിലോ വീഴാതിരിക്കണം. അതിനുള്ള ജാഗ്രതയാണ് നമ്മള്‍ ഒറ്റക്കെട്ടായി സ്വീകരിക്കേണ്ടത്. ഞാനും നിങ്ങളുമെന്ന വ്യത്യാസമില്ല, നമ്മളെല്ലാവരും ഒരേ മനോഭാവത്തോടെ ഈ ജാഗ്രത പുലര്‍ത്തുകയാണ് വേണ്ടത്.ഇത് കുറ്റമറ്റരീതിയില്‍ ഏറ്റെടുക്കുക എന്നത് നാടിനോടും അടുത്ത തലമുറയോടുമുള്ള ഉത്തരവാദിത്വമാണ്. അതിനാല്‍ എല്ലാവരും വീട്ടിനുള്ളില്‍ കഴിയണമെന്നകാര്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്നു’, മുഖ്യമന്ത്രി വിശദീകരിച്ചു.*

🅾️ *21 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്നതിന് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. വേനല്‍ക്കാലമാണെങ്കിലും എല്ലാവരും കൃഷിയില്‍ മുഴുകാനാണ് നിര്‍ദേശം. നല്ല വേനല്‍ക്കാലമാണെങ്കിലും 21 ദിവസം നാം എല്ലാവരും വീട്ടില്‍ കഴിയുകയാണ്. അപ്പോള്‍ ചെറിയ ചെറിയ പച്ചക്കറി വളര്‍ത്തല്‍ എല്ലാ വീടുകളിലുമാവാം. ഇപ്പോള്‍ കൃഷി ചെയ്യുന്നവര്‍ അതിന്റെ കൂടെ പുതിയ പച്ചക്കറികള്‍ കൂടെ വളര്‍ത്തുന്ന നിലപാട് സ്വീകരിക്കണം. ഇതുവരെ സമയമില്ലാത്തതിന്റെ പേരില്‍ പച്ചക്കറി വളര്‍ത്താന്‍ കഴിയാത്തവര്‍ ഇതൊരു സന്ദര്‍ഭമായി എടുത്ത് പച്ചക്കറി വളര്‍ത്തിതുടങ്ങുക.പ്രായമായവര്‍ക്കും കുട്ടികള്‍ക്കും എല്ലാം ചെയ്യാന്‍ സാധിക്കുന്ന കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ നാടാകെ പച്ചക്കറി ഉല്പാദനത്തില്‍ മുഴുകുന്ന ഒരു സാഹചര്യമുണ്ടാകും. എന്നാല്‍ എല്ലാവും ചേര്‍ന്ന് കൂട്ടായി കൃഷി ചെയ്യരുതെന്നും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം കൃഷി ചെയ്യാനെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ആലപ്പുഴ, പാലക്കാട്, തൃശൂര്‍, കോട്ടയം എന്നീ ജില്ലകളില്‍ കൊയ്ത്തിന്റെ കാലമാണ്. മഴപെയ്താന്‍ വന്‍ നാശമുണ്ടാകും അതുകൊണ്ട് കൊയ്ത്ത് ഇപ്പോള്‍ തന്നെ നടക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായി കൊയ്ത്തിനെ അവശ്യ സര്‍വീസായി കാണുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. യന്ത്രം വഴിയാകണം കൊയ്ത്ത് നടത്തേണ്ടത്. ജില്ലാ കളക്ടര്‍മാര്‍ ഇതിനുവേണ്ട ഏകോപനം ചെയ്തുകൊടുക്കണം. മഴക്കാലത്തിന് മുന്‍പേ കൊയ്ത്ത് പൂര്‍ത്തിയാക്കി നെല്ല് സംഭരിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.*

🅾️ *ഉരുള്‍പൊട്ടല്‍ ദുരന്തം നടന്ന പുത്തുമലക്ക് സമീപത്ത് നിന്നും മൃതദേഹാവശിഷ്ടം കണ്ടെത്തി. ദുരന്തം നടന്ന സ്ഥലത്തില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ പുഴയിലാണ് തലയോട്ടിയും പൂര്‍ണമായി ദ്രവിക്കാത്ത എല്ലുകളും കണ്ടെത്തിയത്. ആറ് മാസത്തോളം പഴക്കമുണ്ടെന്നു കരുതുന്ന മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായ ആളുടേതെന്ന് സംശയിക്കുന്നു. പുഴയില്‍ നിന്ന് മോട്ടാര്‍ ഉപയോഗിച്ച്‌ വെള്ളമടിക്കാനെത്തിയവരാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടത്. പുത്തുമല ദുരന്തത്തില്‍ 12 പേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അഞ്ച് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്താനായിരുന്നില്ല.*

🅾️ *സം​സ്​​ഥാ​ന​ത്ത്​ മ​ദ്യ​ശാ​ല​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ച​ത്​ വ്യാ​ജ​മ​ദ്യം ഉ​ള്‍​പ്പെ​ടെ സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ല്‍ സ​ര്‍​ക്കാ​റും എ​ക്​​സൈ​സും. നി​ത്യേ​ന നി​ര​വ​ധി പേ​ര്‍ എ​ത്തു​ന്ന ചി​ല്ല​റ മ​ദ്യ​വി​ല്‍​പ​ന ശാ​ല​ക​ള്‍ വ​ഴി കോ​വി​ഡ്​ വ്യാ​പ​ന സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​നാ​ല്‍ ഇ​വ​യും അ​ട​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ ഉ​ള്‍​പ്പെ​ടെ രം​ഗ​ത്തെ​ത്തി​യെ​ങ്കി​ലും സ​ര്‍​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. സ​ര്‍​ക്കാ​റി​​ന്റെ പ്ര​ധാ​ന വ​രു​മാ​ന​മാ​യ മ​ദ്യ​വി​പ​ണ​നം നി​ര്‍​ത്തി​യാ​ല്‍ അ​ത്​ നി​ല​വി​ലെ സാമ്പത്തിക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കു​മെ​ന്ന വി​ല​യി​രു​ത്ത​ലും മ​ദ്യം​ നി​ര്‍​ത്ത​ലാ​ക്കി​യാ​ല്‍ ഉ​ണ്ടാ​ക്കി​േ​യ​ക്കാ​വു​ന്ന സാ​മൂ​ഹി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ ഭ​യ​ന്നു​മാ​ണ്​ മ​ദ്യ​വി​പ​ണ​ന സ്​​ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചി​ടാ​തി​രു​ന്ന​ത്.*

🅾️ *കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​വ​സ​രം മു​ത​ലെ​ടു​ത്ത്​ സം​സ്​​ഥാ​ന​ത്ത്​ പ​ല​യി​ട​ത്തും അ​വ​ശ്യ​വ​സ്​​തു​ക്ക​ള്‍​ക്ക്​ വി​ല ഉ​യ​രു​ന്നു. പ​ച്ച​ക്ക​റി​ക​ള്‍​ക്കും പ​ല​വ്യ​ഞ്​​ജ​ന​ങ്ങ​ള്‍​ക്കു​മാ​ണ്​ പ്ര​ധാ​ന​മാ​യും വി​ല കൂ​ടു​ന്ന​ത്. എ​ന്നാ​ല്‍, ചി​ല ഇ​ന​ങ്ങ​ള്‍​ക്കൊ​ഴി​കെ മൊ​ത്ത​വി​ല വ​ര്‍​ധി​ച്ചി​ട്ടി​ല്ലെ​ന്നും ചി​ല്ല​റ വി​ല്‍​പ​ന​ക്കാ​രാ​ണ്​ കൂ​ട്ടു​ന്ന​തെ​ന്നും പ​ച്ച​ക്ക​റി മൊ​ത്ത​വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ച​ര​ക്ക്​ ഗ​താ​ഗ​തം താ​ളം​തെ​റ്റി​യ​തോ​ടെ വ​ര​വ്​ കു​റ​ഞ്ഞ​തും ആ​ളു​ക​ള്‍ വ​ന്‍​തോ​തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തും വി​പ​ണി​യി​ല്‍ പ്ര​തി​സ​ന്ധി​ക്ക്​​ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.*

🅾️ *മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രിയെന്ന് എഴുത്തുകാരനും ചിന്തകനുമായ ഡോ. ആസാദിന്റെ കുറിപ്പ്. കൊവിഡ് വ്യാപനം തടയാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന നടപടികളെയും സമൂഹത്തിലെ വിവിധ തുറകളിലുള്ളവര്‍ക്ക് നല്‍കുന്ന പരിഗണനയെയും കുറിച്ച്‌ പ്രശംസിച്ചാണ് ഡോ. ആസാദ് തന്റെ ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.*
*ഡോ. ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…*

“`കേരളത്തിന്റെ പ്രതിരോധത്തിനും ആത്മവിശ്വാസത്തിനും ഇപ്പോള്‍ പിണറായി വിജയനെന്ന് ഒറ്റനാമം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴില്‍ കമ്യൂണിറ്റി കിച്ചന്‍ തുടങ്ങാനുള്ള സര്‍ക്കാറിന്റെ തീരുമാനം അശരണരായ അനേകര്‍ക്ക് ആശ്വാസം പകരും.നമ്മുടെ പൊതുവിതരണ സംവിധാനംവഴി അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനു പുറമെയാണിത്. സഹായം എത്തേണ്ടിടത്ത് എത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുകയാണ്. സമൂഹത്തിലെ അടിത്തട്ടു മനുഷ്യരെ സംബന്ധിച്ചുള്ള ഈ ജാഗ്രത അഭിവാദ്യം ചെയ്യപ്പെടണം. പിണറായി വിജയന്‍ സര്‍ക്കാറിന് ആദരവുകളോടെ അഭിവാദ്യം.

ഏറ്റവും അപായകരമായ ഒരു സന്ദര്‍ഭത്തില്‍ അടച്ചിട്ട രാജ്യത്തിനകത്ത് അതീവ ജാഗ്രതയോടെയും സഹിഷ്ണുതയോടെയും വീട്ടിനകത്തേയ്ക്ക് ഒതുങ്ങാനും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കാനും മൂന്നരക്കോടിയോളം വരുന്ന മലയാളികള്‍ സന്നദ്ധരാവുന്നുണ്ട്. അപൂര്‍വ്വം ചിലരൊക്കെ പുറത്തിറങ്ങാതില്ല. അവരെ കോവിഡ്ഗൗരവം ബോധ്യപ്പെടുത്താന്‍ ഉദ്യോഗസ്ഥ സന്നദ്ധ പ്രവര്‍ത്തക സംഘങ്ങളാകെ രംഗത്തുണ്ട്.

കമ്യൂണിറ്റി കിച്ചന്‍ പ്രാവര്‍ത്തികമാക്കാന്‍ അതതു പ്രദേശത്തു സന്നദ്ധ പ്രവര്‍ത്തകരെ കണ്ടെത്തും. ഏതെങ്കിലും സംഘടനയുടെ കൊടിയോ മേന്മയോ ഉയര്‍ത്തിക്കാണിക്കാന്‍ ഈ സന്ദര്‍ഭം ദുരുപയോഗം ചെയ്യപ്പെടരുത് എന്ന പക്വമായ മുന്നറിയിപ്പും മുഖ്യമന്ത്രി നല്‍കുന്നു. തീര്‍ച്ചയായും സന്ദര്‍ഭത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള കാര്യക്ഷമമായ നേതൃശേഷിയാണ് മുഖ്യമന്ത്രിയില്‍ കാണുന്നത്.

മഹാരോഗം പടരുന്നുവെന്ന് ഭയപ്പെടുത്തുകയല്ല എല്ലാം നമുക്കു നിയന്ത്രിക്കാനാവും എന്ന ആത്മവിശ്വാസം പകരുകയാണ് ഓരോ പത്രസമ്മേളനത്തിലും മുഖ്യമന്ത്രി. സര്‍ക്കാര്‍ എന്തു ചെയ്തു, എന്തു ചെയ്യാന്‍ തയ്യാറെടുക്കുന്നു, ഓരോ ദിവസവും രോഗബാധിതര്‍ എത്ര പേര്‍, നിരീക്ഷണത്തില്‍ എത്രപേര്‍ എന്നെല്ലാമുള്ള തുറന്ന അറിയിപ്പുകള്‍ ഒരു ജനാധിപത്യ സര്‍ക്കാറിന്റെ പ്രതിബദ്ധത വിളിച്ചറിയിക്കുന്നു. ഏതൊരാള്‍ക്കും ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ പര്യാപ്തമാണ് മുഖ്യമന്ത്രി പിണറായിയുടെ പത്രസമ്മേളനങ്ങള്‍ എന്നു പറയേണ്ടതുണ്ട്.

ഈ യുദ്ധത്തില്‍ കേരളത്തെ നയിക്കേണ്ടത് നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ സംവിധാനമാണ്. നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ. അദ്ദേഹം അത് പ്രശംസാര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന സഹകരണവും പിന്തുണയും നല്‍കാന്‍ നാം തയ്യാറാവണം. വ്യക്തിപരമായി അങ്ങനെയൊരു ഉറപ്പു നല്‍കലാണ് ഈ കുറിപ്പ്. പ്രിയരേ, ഈ ആപല്‍ഘട്ടത്തെയും നാം അതിജീവിക്കും. പിണറായി വിജയന്‍ സര്‍ക്കാറിന് ഈ യുദ്ധത്തില്‍ പൂര്‍ണപിന്തുണ. അഭിവാദ്യം.“`

🅾️ *നാളെ വെള്ളിയഴ്ച്ച പള്ളികളിൽ ജുമുഅ ഉണ്ടാവുന്നതല്ലെന്നുo ജുമുഅക്ക്‌ പകരം വീടുകളിൽ ളുഹർ നമസ്കരിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട്‌ മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ അറിയിച്ചു*

🅾️ *മുവാറ്റുപുഴ കെ എസ്‌ ആർ ടി സി ഡിപ്പൊക്ക്‌ സമീപം താമസിക്കുന്ന നെടുമ്പാശേരി പള്ളിപ്പറമ്പിൽ വർഗീസിനെ (36) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി .ഭാര്യ ശ്രീകലയെ പൂട്ടിയിട്ട നിലയിൽ ആയിരുന്നു.*

🅾️ *വരാപ്പുഴ എസ്‌ എൻ ഡി പി കവലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട്‌ താഴ്ച്ചയിലേക്ക്‌ മറിഞ്ഞ്‌ ചേരാനല്ലൂർ സ്വദേശി കണിവീട്ടിൽ വർഗീസ്‌ (67) മരണപ്പെട്ടു*

🅾️ *ഹജ്ജിന്‌ പോകുന്നവർക്ക്‌ രണ്ടാം ഗഡു അടക്കാൻ സാവകാശം .മൂന്നാം ഗഡുവിനൊപ്പം അടച്ചാൽ മതിയെന്ന് കേന്ദ്ര ഹജ്‌ കമ്മറ്റി അറിയിച്ചു*

🅾️ *മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ ബറാഅത്ത്‌ ഏപ്രിൽ 8ന്‌ ആയിരിക്കുമെന്ന് ഖാസി പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ അറിയിച്ചു.*

🅾️ *റേഷൻ കടകൾ തുറന്ന് പ്രവർത്തിക്കുന്ന സമയം രാവിലെ 9 മുതൽ ഉച്ചക്ക്‌ 1 വരെയും 2 മുതൽ 5 വരെയും ആക്കി നിശ്ചയിച്ചു*

🅾️ *മദ്യലഹരിയിൽ മകന്റെ മർദ്ദനം ഏറ്റ്‌ പിതാവ്‌ കുമരകം ചെങ്ങളം വടാശേരി സക്കറിയ (63) മരണപ്പെട്ടു . മകൻ അരുണിനെ (24) പോലീസ്‌ അറസ്റ്റ്‌ ചെയ്തു*

*🇮🇳 ദേശീയം 🇮🇳*
—————————->>>>>>>>

🅾️ *രാജ്യത്ത് കൊവിഡ് ബാധിച്ച്‌ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിയില്‍ 63 വയസ്സുള്ള സ്ത്രീയാണു മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 12 ആയി. മധ്യപ്രദേശില്‍ 5 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.*

🅾️ *രാജ്യം ലോക്ക്ഡൗണിലേക്ക് പ്രവേശിച്ച സാഹചര്യത്തില്‍ മൂന്ന് കോടി ബിസ്‌ക്കറ്റ് പാക്കറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പാര്‍ലെ. അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളിലാണ് ഇത്രയും ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുക. സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേന ബിസ്‌കറ്റ് പാക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിനായി നിര്‍മ്മാണ യൂണിറ്റിലെ 50 ശതമാനം തൊഴിലാളികളെ ഉപയോഗിക്കും. ഓരോ ആഴ്ചയിലും ഒരു കോടി പാക്കറ്റ് വീതം വിതരണം ചെയ്യാനാണ് തീരുമാനമെന്ന് പാര്‍ലെ പ്രൊഡക്‌ട് കാറ്റഗറി മേധാവി മായങ്ക് ഷാ പറഞ്ഞു. ‘സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.*

🅾️ *പത്ത് പേര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം 51 ആയി ഉയര്‍ന്നു. നിലവില്‍ ബെംഗളൂരുവില്‍ മാത്രം ചികിത്സയിലുള്ളത് 32 കോവിഡ് ബാധിതരാണ്. കലബുറഗ്,ചിക്കബെല്ലാപുര എന്നിവിടങ്ങളിൽ മൂന്ന് പേര്‍ വീതവും കുടക്, ധാര്‍വാഡ് , ദാവനഗെരെ, ഉഡുപ്പി എന്നിവിടങ്ങളില്‍ ഒന്ന് വീതവും മൈസൂരു, ഉത്തര കന്നഡ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ വീതവും ദക്ഷിണ കന്നഡയില്‍ 5 പേരുമാണ് ചികിത്സയിലുള്ളത്. ദാവനഗെരെയില്‍ നിന്നുള്ള ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായി ജി.എം. സിദ്ധേശ്വരയുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാനയില്‍ നിന്നു ന്യൂയോര്‍ക്ക്, ഡല്‍ഹി വഴി 20ന് ബെംഗളൂരുവിലെത്തുകയായിരുന്നു. ചിത്രദുര്‍ഗ സ്വദേശിനിയായ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന 2 മക്കളുടെ സ്രവ പരിശോധനാ റിപ്പോര്‍ട്ട് ഇതേവരെ ലഭിച്ചിട്ടില്ലെന്ന് ചിത്രദുര്‍ഗ കലക്ടര്‍ വിനോദപ്രിയ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ രോഗം സ്ഥിരീകരിച്ച ബെംഗളൂരു സ്വദേശിയുടെ രണ്ട് മക്കള്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റൊന്ന് ബെംഗളൂരു സ്വദേശികളായ* *വയോധികരായ ദമ്പതികളാണ്‌. ബ്രസീലില്‍ നിന്ന് 19നാണ് ഇവര്‍ ബെംഗളൂരുവിലെത്തിയത്.*
*സ്‌പെയിനില്‍ നിന്നു ദുബായ് വഴി 14നാണ് ബെംഗളൂരുവിലെത്തിയ 26 വയസുള്ള 2 യുവാക്കള്‍. ഏതന്‍സ്, ലണ്ടന്‍ വഴി 18ന് ബെംഗളൂരുവിലെത്തിയ ദമ്പതികൾ . ദുബായില്‍ നിന്ന് 18ന് മംഗളൂരുവിലെത്തിയ ഉഡുപ്പി സ്വദേശി യുവാവ്. ഇവരാണ് ഇന്ന് സ്ഥിരീകരിച്ച കൊറോണ ബാധിതര്‍.*

🅾️ *ബെംഗളൂരുവിലെ വീടുകളില്‍ നിര്‍ബന്ധിത നിരീക്ഷണത്തില്‍ കഴിയേണ്ട 14,000 വീടുകളുടെ വിവരം കര്‍ണാടക സര്‍ക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. വ്യക്തിപരമായ വിവരങ്ങള്‍ പരസ്യപ്പെടുത്തിയ നടപടി സ്വകാര്യതയുടെ ലംഘനമെന്ന് ആരോപിച്ച്‌ ഇവരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. ക്വാറന്റീന്‍ ചെയ്ത വീടുകളുടെ വിലാസം, വീട്ടുകാര്‍ വിദേശത്തു നിന്നെത്തിയ ദിവസം തുടങ്ങിയവയാണ് സര്‍ക്കാര്‍ പരസ്യപ്പെടുത്തിയത്. ഈ വീട്ടുകാര്‍ പുറത്തിറങ്ങി രോഗവ്യാപനത്തിന് ഇടയാക്കരുതെന്ന ലക്ഷ്യത്തോടെ മനപൂര്‍വം പുറത്തുവിട്ടതാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.*

🅾️ *റിലയന്‍സ് ജിയോയുടെ പത്തു ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിയായ ഫെയ്‌സ്ബുക്ക് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും കൊറോണയുടെ പശ്ചാത്തലത്തിലുള്ള യാത്രാനിയന്ത്രണങ്ങള്‍ കാരണം ചര്‍ച്ചകള്‍ നീണ്ടുപോകുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിലയന്‍സ് ജിയോയുടെ ശൃംഖല വിപുലമാക്കാന്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വന്‍തുക ചെലവഴിച്ചിരുന്നു. ഇത് കമ്പനിയുടെ കടബാധ്യത വര്‍ധിപ്പിച്ചിരുന്നു. ഫെയ്‌സ്ബുക്കുമായുള്ള ഇടപാടിലൂടെ കമ്പനിയുടെ കടബാധ്യത കുറയ്ക്കാനാണ് ശ്രമം. ഇതോടൊപ്പം റിലന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിങ് വ്യവസായത്തിന്റെ ഓഹരികള്‍ സൗദി ആരാംകോയ്ക്കും റിലയന്‍സിന്റെ മൊബൈല്‍ ടവര്‍ ബിസിനസിന്റെ ഒരു ഭാഗം ബ്രൂക്ക്ഫീല്‍ഡിനും വില്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്.*

🅾️ *കൊറോണ വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ രാജവ്യാപക ലോക്ക് ഡൗണില്‍ അവശ്യ സാധനങ്ങള്‍ വാങ്ങിച്ചുകൂട്ടാന്‍ മത്സരിച്ച്‌ ജനം. ലോക്ക് ഡൗണിനെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ക്ക് ക്ഷാമമുണ്ടാകില്ലെന്ന് സര്‍ക്കാര്‍ പലതവണ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയിട്ടും പലചരക്കുകള്‍, പച്ചക്കറികള്‍, പാല്‍ തുടങ്ങിയവ സംഭരിക്കാന്‍ ആളുകള്‍ ആദ്യദിനം മത്സരിച്ചു. 21 ദിവസത്തേക്കാണ് രാജ്യത്ത് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോക്ക് ഡൗണിന്റെ ആദ്യദിനമായ ബുധനാഴ്ച മാത്രം ഇന്ത്യയില്‍ 101 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുപേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് കൊറോണ സ്ഥിരികരിച്ചവരുടെ ആകെ എണ്ണം 606 ആയി.രോഗം മൂലം മരിച്ചവരുടെ എണ്ണം 12 ആവുകയും ചെയ്തു.*

🅾️ *കോവിഡ്-19 രാജ്യത്ത് വ്യാപിച്ചതോടെ ഭൂരിഭാഗംപേരും വീട്ടിലിരുന്നാണ് ജോലിചെയ്യുന്നത്. ഓഫീസില്‍ ഇരുന്ന്‌ ചെയ്യേണ്ട ജോലികള്‍ അതത് ദിവസംതന്നെ പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഫോണ്‍ വിളിയും ഇന്റര്‍നെറ്റ് ഉപയോഗവും കൂടുതലാണ്. ഈ സാഹചര്യം മുന്നില്‍ക്കണ്ട് രാജ്യത്തെ ടെലികോം കമ്പനികളുള്‍ വിവിധ പാക്കേജുകളാണ് ‘വര്‍ക്ക് ഫ്രം ഹോം’ എന്ന പേരില്‍ അവതരിപ്പിച്ചിട്ടുള്ളത്.*

▪️ *റിലയന്‍സ് ജിയോ രണ്ട് ജി.ബി. ഡേറ്റയുമായി 51 ദിവസത്തെ പ്ലാനാണ് അവതരിപ്പിച്ചിരിക്കുന്നത്. 251 രൂപയാണ് നിരക്ക്. ഡേറ്റ പൂര്‍ണമായും ഉപയോഗിച്ചാല്‍ പിന്നീട് സെക്കന്‍ഡില്‍ 64 കെ.ബി. എന്ന കുറഞ്ഞ വേഗത്തിലേക്ക് മാറും. വോയ്‌സ് കോള്‍, എസ്.എം.എസ്. എന്നിവ ഈ പാക്കേജ് വഴി ലഭിക്കില്ല. കൂടാതെ 249 രൂപ, 444 രൂപ, 549 രൂപ എന്നിങ്ങനെ മൂന്ന്‌ പാക്കേജും ജിയോ ലഭ്യമാക്കിയിട്ടുണ്ട്.*

▪️ *എയര്‍ടെല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 298 രൂപ (28 ദിവസം), 349 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 698 രൂപ (84 ദിവസം) എന്നീ പ്ലാനുകള്‍ അവതരിപ്പിച്ചു. എല്ലാ പ്ലാനിനും സൗജന്യ എസ്.എം.എസ്. ലഭ്യമാണ്. കൂടാതെ, 1 ജി.ബി., 1.5 ജി.ബി, 3 ജി.ബി. തുടങ്ങിയ പ്ലാനുകളും ലഭ്യമാണ്. ഇന്റര്‍നെറ്റിന്റെ ആവശ്യം വര്‍ധിച്ചതോടെ എയര്‍ടെല്‍ ഡോങ്കിള്‍ ദക്ഷിണേന്ത്യയില്‍ മുഴുവനായി വിറ്റുപോയതായി കമ്ബനി അറിയിച്ചു.*

▪️ *വോഡഫോണ്‍ ഐഡിയയും ഉപഭോക്താക്കള്‍ക്കായി ‘വര്‍ക്ക് ഫ്രം ഹോം’ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 299 രൂപ (28 ദിവസം), 449 രൂപ (56 ദിവസം), 699 രൂപ (84 ദിവസം) എന്നീ രണ്ട് ജി.ബി. പ്ലാനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്.*

▪ *ബി.എസ്.എന്‍.എല്ലും’പുതിയ പ്ലാനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. നിലവില്‍ ബ്രോഡ്ബാന്‍ഡ്‌ കണക്ഷന്‍ ഇല്ലാത്ത ബി.എസ്.എന്‍.എല്‍. എല്ലാ ലാന്‍ഡ്‌ലൈന്‍ ഉപഭോക്താക്കള്‍ക്കും കണക്ഷന്‍ എടുക്കുന്ന പുതിയ ഉപഭോക്താക്കള്‍ക്കും ഒരു മാസത്തേക്ക് സൗജന്യ അണ്‍ലിമിറ്റഡ് ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് കണക്ഷനാണ് ബി.എസ്.എന്‍.എല്‍. നല്‍കിയിരിക്കുന്നത്. ഇന്‍സ്റ്റലേഷന്‍ ചാര്‍ജ്, സെക്യൂരിറ്റി ഡെപ്പോസിറ്റ് തുടങ്ങിയവ ആവശ്യമില്ല. ബി.എസ്.എന്‍.എല്‍. കണക്ഷന്‍ ഇല്ലാത്തവര്‍ക്ക് ടെലികോം ഓപ്പറേറ്റര്‍ വഴി സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്യാം. ഇതിനായി മോഡം അല്ലെങ്കില്‍ റൂട്ടര്‍ ഉപഭോക്താവ് വാങ്ങണം. അഞ്ച് ജി.ബി. ഡേറ്റയാണ് ഒരു ദിവസം നല്‍കുന്നത്. പത്ത് എം.ബി.പി.എസ്. വേഗതയിലാണ് ഈ പ്ലാനില്‍ നെറ്റ് സേവനം ലഭ്യമാകുക. നിലവിലെ ലാന്‍ഡ് ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പ്ലാന്‍ എടുക്കുന്നതിനായി ‘ബി.ബി.’ എന്ന് ടൈപ്പ് ചെയ്ത് 54141 എന്ന നമ്പറിലേക്കും (നിലവിലെ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍), പുതിയ കണക്ഷന്‍ എടുക്കുന്ന ഉപഭോക്താക്കള്‍ 9400054141 എന്ന നമ്പറിലേക്കും എസ്.എം.എസ്. അയയ്ക്കാവുന്നതാണ്*

🅾️ *ന്യൂഡല്‍ഹി മൗജ്പുരിലെ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെ ആരോഗ്യകേന്ദ്രം സന്ദര്‍ശിച്ച രോഗികളോട് ക്വാറന്റൈനില്‍ കഴിയാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു.* *ഡോക്ടറുടെ ഭാര്യയ്ക്കും മകള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ചയാണ് ഡോക്ടര്‍ക്ക് കൊറോണബാധ സ്ഥിരീകരിച്ചത്. ഇതിനെതുടര്‍ന്ന് മാര്‍ച്ച്‌ 12നും 18 നും ഇടയില്‍ ആരോഗ്യകേന്ദ്രത്തിലെത്തിയ രോഗികളില്‍* *ആര്‍ക്കെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കില്‍ അടിയന്തരമായി വിവരമറിയിക്കാനും സ്വയം സമ്പർക്കവിലക്കേര്‍പ്പെടുത്താനും അധികൃതര്‍ നിര്‍ദേശിച്ചു.*

🅾️ *കൊറോണ വൈറസ് പരിശോധനയ്ക്കായി ചെലവുകുറഞ്ഞതും കൃത്യമായ ഫലം തരുന്നതുമായ ഡയഗ്നോസ്റ്റിക് കിറ്റ് പുറത്തിറക്കാനൊരുങ്ങി സി.സി.എം.ബി. (സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മൊളികുലര്‍ ബയോളജി). രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം കിറ്റുകള്‍ പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി സി.സി.എം.ബി. ഡയറക്ടര്‍ ഡോ. ആര്‍.കെ. മിശ്ര പറഞ്ഞു. കിറ്റിന്റെ വില സംബന്ധിച്ച്‌ ഇപ്പോള്‍ പറയാനാകില്ലെങ്കിലും 400-500 രൂപയ്ക്ക് ലഭ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഡയറക്ടര്‍ വ്യക്തമാക്കി. പരിശോധന ചെലവ് 1,000 രൂപയില്‍ താഴെ നിര്‍ത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.*

🅾️ *രാജ്യത്തെ 21 ദിവസത്തെ ലോക്ക് ഡൗണിനിടെ അവശ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ഇ-പാസുകള്‍ നല്‍കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. 1031 എന്ന നമ്പറിൽ ഫോണ്‍ വിളിച്ച്‌ വിവരങ്ങള്‍ നല്‍കിയാല്‍ ഇ പാസ് ലഭിക്കും. അവശ്യ സേവനങ്ങള്‍ ജനങ്ങള്‍ക്ക് തടസമില്ലാതെ ലഭിക്കുമെന്ന് ഉറപ്പാക്കാനാണ് ഇ പാസ് നല്‍കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. അവശ്യ സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവര്‍ക്കാണ് ഇ പാസ് നല്‍കുന്നത്. ജനങ്ങള്‍ക്ക് അവശ്യ സേവനങ്ങള്‍ ലഭ്യമാക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് കെജ്‌രിവാള്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരുടെ തിരിചച്ചറിയയല്‍ കാര്‍ഡുള്ളവര്‍ക്ക് ലോക്ക് ഡൗണിനിടെ തലസ്ഥാന നഗരത്തിലൂടെ സഞ്ചരിക്കാം.സ്വകാര്യ ആശുപത്രികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും തിരിച്ചറിയല്‍ കാര്‍ഡുള്ളവര്‍ക്കും രാജ്യതലസ്ഥാനത്തുകൂടി സഞ്ചരിക്കാമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. തൊട്ടടുത്ത കടയില്‍പോയി പച്ചക്കറിയോ പാലോ മരുന്നോ വാങ്ങുന്നതിന് യാതൊരു കാര്‍ഡിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു,*

🅾️ *കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളില്‍നിന്ന് മാര്‍ച്ച്‌ 21നുശേഷം ഇന്ത്യയിലെത്തിയത് 64,000ത്തോളം പേര്‍. ഇവരില്‍ 8000ത്തോളം പേരെ വിവിധ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിച്ചു. 56,000ത്തോളം പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും കോവിഡ് – 19 സംബന്ധിച്ച കേന്ദ്രമന്ത്രിതല സമിതിയുടെ യോഗത്തിനുശേഷം കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. പകര്‍ച്ചവ്യാധിക്ക് എതിരെയാണ് നാം പോരാട്ടം നടത്തുന്നത്. നമ്മെയും മറ്റുള്ളവരെയും സംരക്ഷിക്കുന്നതിന് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കേണ്ടത് അത്യാവശ്യമാണ്. സര്‍ക്കാര്‍ നല്‍കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങളും ജനങ്ങള്‍ കൃത്യമായി പലിക്കണം.അല്ലാത്തപക്ഷം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188-ാം വകുപ്പ് പ്രകാരമുള്ള നിയമ നടപടികള്‍ നേരിടേണ്ടിവരും.*

🅾️ *കന്യാകുമാരിയില്‍ ബുധനാഴ്ച രാവിലെ യാത്ര അവസാനിപ്പിച്ച വിവേക് എക്സ്‌പ്രസിനൊപ്പം ഇന്ത്യന്‍ റെയില്‍വേയും നിശ്ചലമായി. കൊറോണ വ്യാപനം തടയുന്നതിനുള്ള നിയന്ത്രണങ്ങള്‍ മാറുന്നതുവരെ ഇനി ചരക്ക് തീവണ്ടികള്‍ മാത്രം. യാത്രാതീവണ്ടികളെല്ലാം നിലച്ചു. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തീവണ്ടികളിലൊന്നായ വിവേക് എക്സ്‌പ്രസിന് മറ്റൊരു വിശേഷണം കൂടി. കൊറോണയ്ക്ക് മുന്നില്‍ പ്രതിരോധവുമായി ഇന്ത്യ നിശ്ചലമായപ്പോള്‍ അവസാനകണ്ണിയായി മാറിയത് ഈ തീവണ്ടിയാണ്. റെയില്‍വേയെ നിശ്ചലമാക്കിയ അവസാനത്തെ തീവണ്ടിയായി വിവേക് എക്സ്‌പ്രസ്‌ മാറി. ഞായറാഴ്ചത്തെ ജനതാ കര്‍ഫ്യൂ ആരംഭിക്കുന്നതിന് 55 മിന്നിട്ട് മുമ്പാണ്‌ അസമിലെ ദിബ്രുഗാര്‍ഡില്‍ നിന്നും വിവേക് എക്സ്‌പ്രസ് യാത്ര തുടങ്ങിയത്. 4025 കിലോമീറ്റര്‍ പിന്നിടേണ്ട യാത്രയില്‍ കേരളം ഉള്‍പ്പെടെ 9 സംസ്ഥാനങ്ങളിലൂടെയാണ് ഈ തീവണ്ടി കടന്നുപോകുന്നത്. ഇതിനിടെ തീവണ്ടികള്‍ നിര്‍ത്തിവച്ചുകൊണ്ട് തീരുമാനമെത്തി. അപ്പോഴുള്ള എക്സ്‌പ്രസ് തീവണ്ടികള്‍ യാത്ര അവസാനിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നു. വിവേക് എക്സ്‌പ്രസിനൊപ്പമുണ്ടായിരുന്ന തീവണ്ടികള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ യാത്ര അവസാനിപ്പിച്ചു. വിവേക് എക്സ്‌പ്രസ്‌ ബുധനാഴ്ച പുലര്‍ച്ചെയാണ് പാലക്കാട്ട്‌ പ്രവേശിച്ചത്. ഉണ്ടായിരുന്ന യാത്രക്കാരെ പാലക്കാടും തൃശ്ശൂരുമായി ഇറക്കി. ഞായറാഴ്ച മുതല്‍ തീവണ്ടിയില്‍ മറ്റുയാത്രക്കാരെ കയറ്റുന്നില്ലായിരുന്നു. മറ്റു തീവണ്ടികള്‍ ഇല്ലാത്തതിനാല്‍ എങ്ങും വൈകിയതുമില്ല. ആര്‍ക്കുംവേണ്ടിയും കാത്ത് നിന്നതുമില്ല. സ്റ്റേഷനുകളെല്ലാം വിജനം. കന്യാകുമാരിയില്‍ യാത്ര അവസാനിപ്പിച്ചതിനുപിന്നാലെ അവസാനതീവണ്ടിയും യാത്ര പൂര്‍ത്തിയാക്കിയ വിവരം ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തു.*

🅾️ *ഡല്‍ഹിയില്‍ അഞ്ച് പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ വിദേശത്തുനിന്ന് മടങ്ങിയെത്തിയ ആളാണ്. ഇതോടെ രാജ്യതലസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 35 ആയി ഉയര്‍ന്നു.*

🅾️ *രാജ്യത്ത് കോവിഡ് പടരുമ്പോഴും പ്രഖ്യാപിക്കാനിരിക്കുന്ന സാമ്പത്തിക പാക്കേജില്‍ പ്രതീക്ഷയര്‍പ്പിച്ച വിപണി. അതോടെ ഇരുസൂചികകളും കരുത്ത് നിലനിര്‍ത്തി. സെന്‍സെക്‌സ് 611 പോയന്റ് ഉയര്‍ന്ന് 29,147ലും നിഫ്റ്റി 176 പോയന്റ് നേട്ടത്തില്‍ 8494 പോയന്റിലുമാണ് വ്യാപാരം നടക്കുന്നത്.*

🅾️ *രാജ്യംമുഴുവന്‍ കൊറോണ വ്യാപനം തടയാന്‍ കര്‍ശന ലോക്ക് ഡൗണിലാകുമ്പോൾ കശ്മീരില്‍ ലോകാവസാന ഭീതി പടരുന്നു. വ്യാഴാഴ്ച ലോകം അവസാനിക്കുമെന്ന തരത്തിലുള്ള പ്രചരണം കശ്മീരില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ജനം ഭീതിയിലായി. ലോകാവസാനത്തിന്റെ ലക്ഷണങ്ങള്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി ആളുകള്‍ കണ്ടുവെന്ന പ്രചരണമാണ് കശ്മീരില്‍ വ്യാപകമാകുന്നത്. പ്രചരണങ്ങള്‍ കൈവിട്ടതോടെ ശ്രീനഗറുള്‍പ്പെടെ കശ്മീരിലെ ഉള്‍ഭാഗങ്ങളില്‍ വരെ രാത്രിയില്‍ പ്രാര്‍ഥനയ്ക്കുള്ള ആഹ്വാനം വന്നു. അതിനിടെ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനായി ചിലര്‍ വീടിനു പുറത്തിറങ്ങി കാത്തിരുന്നു. മാര്‍ച്ച്‌ 26ന് ഭൂമിക്ക് സമീപത്തുകൂടി ഒരു ഛിന്നഗ്രഹം കടന്നുപോകും എന്ന വാര്‍ത്തകളെ അടിസ്ഥാനമാക്കിയുള്ള കിംവദന്തികളാണ് കശ്മീര്‍ താഴ്‌വരിയില്‍ പ്രചരിക്കുന്നത്*

🅾️ *കൊറോണാവൈറസ് പകര്‍ച്ചവ്യാധി നേരിടുന്ന രാജ്യത്തിന് സാമ്പത്തിക പിന്തുണ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അണിയറയില്‍ തയ്യാറാക്കുന്നത് 2.3 ട്രില്ല്യണ്‍ രൂപ വരെയുള്ള സാമ്പത്തിക പാക്കേജെന്ന് റിപ്പോര്‍ട്ടുകള്‍. 1.5 ട്രില്ല്യണ്‍ 2.3 ട്രില്ല്യണ്‍ വരെ രൂപയ്ക്ക് ഇടയിലുള്ള സാമ്പത്തിക പാക്കേജിന് അനുമതി നല്‍കാന്‍ കേന്ദ്രം തയ്യാറെടുക്കുന്നതായാണ് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസിനെ പ്രതിരോധിക്കാന്‍ അടച്ചുപൂട്ടിയ രാജ്യത്തിന് സാമ്പത്തിക പാക്കേജ് അനിവാര്യമാണ്. സാമ്പത്തിക പാക്കേജിന്റെ കാര്യത്തില്‍ അന്തിമതീരുമാനം ഇതുവരെ കൈക്കൊണ്ടിട്ടില്ലെന്ന് റോയിറ്റേഴ്‌സിന് വിവരം കൈമാറിയ ശ്രോതസ്സുകള്‍ വ്യക്തമാക്കി.പാക്കേജ് സംബന്ധിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസും, ധനകാര്യ മന്ത്രാലയവും, റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയും സജീവ ചര്‍ച്ചകള്‍ നടത്തിവരികയാണ്. സാമ്പത്തിക ഉത്തേജന പാക്കേജ് 2.3 ട്രില്ല്യണ്‍ രൂപ വരെ പോകുമെന്നാണ് കരുതുന്നത്. എന്നാല്‍ കൃത്യമായ എണ്ണം അന്തിമപ്രഖ്യാപനത്തില്‍ മാത്രമാണ് വ്യക്തമാകുക. ഈ ആഴ്ചാവസാനം തന്നെ പാക്കേജ് പ്രഖ്യാപിക്കുമെന്ന് ശ്രോതസ്സുകള്‍ വ്യക്തമാക്കി. പാവപ്പെട്ട 100 മില്ല്യണ്‍ ആളുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം നല്‍കുന്നതിന് പുറമെ അടച്ചുപൂട്ടല്‍ മൂലം തിരിച്ചടി നേരിട്ട ബിസിനസ്സുകളെ പിന്തുണയ്ക്കാനും പാക്കേജ് വിനിയോഗിക്കും.*

*🌏 അന്താരാഷ്ട്രീയം 🌎*
———————–>>>>>>>>>>>

🅾️ *ലോകത്ത് കൊവിഡ്19 ബാധിച്ചുള്ള മരണസംഖ്യ 21,200 കടന്നു. 46,8000 ലേറെ പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ ഇതുവരെ കൊവിഡ് മരണം 7503 ആയി. ഒറ്റ ദിവസത്തിനിടെ 683 പേരാണ് മരിച്ചത്. 5,210 പുതിയ രോഗികളുമുണ്ട്. അമേരിക്കയില്‍ രോഗവ്യാപനം ദ്രുതഗതിയിലാണ്. ഇവിടെ ഒരു ദിവസത്തിനിടെ പതിനായിരത്തിലേറെ പേര്‍ രോഗികളായി. 150ലേറെ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സ്‌പെയിനില്‍ 24 മണിക്കൂറില്‍ 7,457 പേര്‍ രോഗികളായി. ആകെ 3647 പേര്‍ മരിച്ചു. സ്‌പെയിന്‍ ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയും കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചു. നിലവില്‍ അവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.ജര്‍മ്മനി, ഫ്രാന്‍സ്, ഇറാന്‍, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലും രോഗവ്യാപനം തുടരുകയാണ്. അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച രാജ്യങ്ങള്‍ വൈറസിനെ കണ്ടെത്താനും പ്രതിരോധിക്കാനും ഈ സമയം ഉപയോഗിക്കണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ അഭിപ്രായപ്പെട്ടു.*

🅾️ *വ്യാഴാഴ്ച മുതല്‍ ഒമാനില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ന്യൂനമര്‍ദത്തിന്റെ ഫലമായാണ് ഒമാനില്‍ കനത്ത മഴ പെയ്യുകയെന്നാണ് ഒമാന്‍ സിവില്‍ എവിയേഷന്‍ സമിതിയുടെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിരുക്കുന്നത്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് അറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.*

🅾️ *കൊറോണാവൈറസ് ബാധിതയായ നഴ്‌സ് ആത്മഹത്യ ചെയ്തു. താന്‍ അബദ്ധത്തില്‍ മറ്റുള്ളവര്‍ക്ക് വൈറസ് കൈമാറിയെന്ന ആശങ്കയിലാണ് ഇറ്റലിയിലെ നഴ്‌സ് ജീവനൊടുക്കിയതെന്ന് നഴ്‌സിംഗ് ഫെഡറേഷന്‍ വ്യക്തമാക്കി. ഇറ്റലിയില്‍ ഏറ്റവും മോശമായ രീതിയില്‍ വൈറസ് ആഞ്ഞടിച്ച ലൊംബാര്‍ഡി മേഖലയിലെ പ്രതിസന്ധി നേരിടുന്ന ആശുപത്രിയിലാണ് 34കാരിയായ ഡാനിയേലാ ട്രെസ്സി ജോലി* *ചെയ്തിരുന്നത്.* *നഴ്‌സിന്റെ മരണം ഇറ്റലിയിലെ നാഷണല്‍ ഫെഡറേഷന്‍ ഓഫ് നഴ്‌സ് സ്ഥിരീകരിച്ചു.,*

🅾️ *കൊവിഡ് 19 ലോകത്തിന് ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ ചര്‍ച്ച ചെയ്യാനും ഏകോപന നടപടികള്‍ സ്വീകരിക്കാനും ലക്ഷ്യമിട്ട് ജി 20 രാജ്യങ്ങളുടെ അടിയന്തിര യോഗം ചേരുന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേരുന്ന യോഗത്തില്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് അധ്യക്ഷത വഹിക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും വെര്‍ച്വല്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. വീഡിയോ കോണ്‍ഫറന്‍സിലൂടെയുള്ള യോഗം ചേരാനുള്ള തീരുമാനം എല്ലാ അംഗ രാജ്യങ്ങളെയും അധ്യക്ഷ സ്ഥാനത്തുള്ള സൗദി നേരത്തെ അറിയിച്ചിരുന്നു. ലോകാരോഗ്യ സംഘടന ആഗോള മഹാമാരിയായി പ്രഖ്യാപിച്ച കോവിഡിന്റെ ആഘാതം തടയാനുള്ള അടിയന്തര നടപടികള്‍ അന്താരാഷ്ട്ര സംഘടനകളുമായി ചേര്‍ന്ന് ജി 20 ഉച്ചകോടിയില്‍ തീരുമാനിക്കും.*

🅾️ *കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ പൊതുസംവിധാനങ്ങളും ശുചിയാക്കുന്നതിന്‌ യഎഇ മൂന്ന് ദിവസത്തെ അണുനശീകരണ യജ്ഞം നടത്തും. തെരുവുകള്‍, പൊതുഗാതഗത സര്‍വീസുകള്‍, മെട്രോ സര്‍വീസ് എന്നിവയടക്കം ശുചീകരിക്കും. വ്യാഴാഴ്ച രാത്രി എട്ടിന് ആരംഭിക്കുന്ന അണുനശീകരണ പരിപാടി ഞായറാഴ്ച രാവിലെ ആറു മണി വരെ തുടരും. ആരോഗ്യ,പ്രതിരോധ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും പ്രാദേശിക ഭരണസംവിധാനങ്ങളും സംയുക്തമായിട്ടായിരിക്കും ശുദ്ധീകരണം നടത്തുക. അണുനശീകരണ യജ്ഞം നടത്തുമ്പോൾ ഗതാഗതം സംവിധാനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പൊതുഗതാഗതവും മെട്രോ സര്‍വീസും താത്കാലികമായി നിര്‍ത്തിവെക്കും. മരുന്നുകള്‍, അത്യാവശ്യ വസ്തുക്കള്‍, ഭക്ഷണം എന്നിവയ്‌ക്കെല്ലാതെ ഈ സമയത്ത് ആളുകള്‍ ഒരു കാരണവശാലും പുറത്തിറങ്ങരുതെന്ന് മന്ത്രാലയങ്ങള്‍ ആഹ്വാനം ചെയ്തു.*

🅾️ *കൊറോണ വൈറസ് (കൊവിഡ്-19) രോഗികള്‍ പെരുകുന്ന യു.എസ്. മഹാമാരിയുടെ അടുത്ത പ്രഭവകേന്ദ്രമാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യു.എച്ച്‌.ഒ.) മുന്നറിയിപ്പ് യഥാര്‍ത്ഥ്യമാകുന്നതായി സൂചന. യുഎസില്‍ നിന്ന് പുറത്തുവരുന്ന കണക്കുകള്‍ അതാണ് സൂചിപ്പിക്കുന്നത്. ബുധനാഴ്ച മാത്രം യുഎസില്‍ 200 ലധികം പേര്‍ മരിച്ചു. 24 മണിക്കൂറില്‍ രോഗം ബാധിച്ചവര്‍ 10,000 കടന്നു. കൊറോണയെ തുടര്‍ന്ന് യുഎസില്‍ ഒരു ദിവസം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് ബുധനാഴ്ചയാണ്. ജനുവരി അവസാനത്തോടെയാണ് അമേരിക്കയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം അതിവേഗത്തിലാണ് രോഗം പടര്‍ന്നുപിടിച്ചത്. ഇപ്പോള്‍ 921 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.നാല് ദിവസം മുമ്പ്‌ വരെ 326 മരണങ്ങള്‍ മാത്രമാണ് യുഎസില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. നാല് ദിവസത്തിനിടയിലാണ് ബാക്കിയുള്ള അത്രയും പേര്‍ മരിച്ചത്. നാടകീയമായിട്ടാണ് യുഎസില്‍ രോഗം പടര്‍ന്നുപിടിക്കുന്നത്. ചൊവ്വാഴ്ച 164 പേരാണ് മരിച്ചതെങ്കില്‍ ബുധനാഴ്ച അത് 216 ലേക്കെത്തിയിരിക്കുന്നു. 65000 ത്തിലധികം പേരില്‍ ഇതുവരെ രോഗം പിടികൂടി. ചൈനക്കും ഇറ്റലിക്കും ശേഷം യുഎസാകും കൊറോണയുടെ അടുത്ത ആഘാതകേന്ദ്രമെന്ന് കഴിഞ്ഞ ദിവസമാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയത്*

🅾️ *ലോകപ്രശസ്തനായ ഇന്ത്യന്‍ പാചകവിദഗ്ധനും പ്രശസ്ത ഭക്ഷ്യശൃംഖലയായ ബോംബെ കാന്റീനിന്റെ ശില്പികളിലൊരാളുമായ ഫ്ലോയ്ഡ് കാര്‍ഡോസ് (59) കൊറോണ രോഗം ബാധിച്ച്‌ യു.എസ്സില്‍ മരിച്ചു. ഈ മാസമാദ്യം മുംബൈയിലുണ്ടായിരുന്ന കാര്‍ഡോസിന്റെ വിരുന്നില്‍ ഇരുനൂറോളം ആളുകള്‍ പങ്കെടുത്തിരുന്നു എന്നത് മഹാരാഷ്ട്രയിലെ ഉന്നതതലങ്ങളില്‍ പരിഭ്രാന്തിക്കു കാരണമായിട്ടുണ്ട്. മുംബൈയില്‍ മാര്‍ച്ച്‌ ഒന്നിനാണ് ബോംബെ കാന്റീനിന്റെ അഞ്ചാംവാര്‍ഷികവിരുന്ന് നടന്നത്. ബോംബെ കാന്റീനിന്റെ ഉടമകളിലൊരാളും പാചകവിഭാഗം മേധാവിയുമായ കാര്‍ഡോസ്‌തന്നെയാണ് വിരുന്നൊരുക്കിയത്. അതുകഴിഞ്ഞ് മാര്‍ച്ച്‌ എട്ടിന് അദ്ദേഹം മുംബൈയില്‍നിന്ന് ഫ്രാങ്ക്ഫുര്‍ട്‌ വഴി ന്യൂയോര്‍ക്കിലെത്തി.*

🅾️ *ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ മറ്റൊരു യൂറോപ്യന്‍ രാജ്യമായ നെതര്‍ലന്‍ഡിലും കോവിഡ്-19 ഭീകരമായി പടരുന്നു. രോഗം ബാധിച്ച്‌ 356 പേരാണ് ഇവിടെ ഇതുവരെ മരിച്ചത്. രോഗം ബാധിച്ചവരുടെ ആകെ എണ്ണം 6,000 കടക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഒറ്റദിവസം കൊണ്ട് 852 പേരിലാണ് രോiഗം സ്ഥിരീകരിച്ചത്. ഇതോടെ നെതര്‍ലാന്‍ഡില്‍ കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 6,412 ആയി. യഥാര്‍ഥ കണകക്ക് ഇതൊന്നുമായിരിക്കില്ലെന്നാണ് നെതര്‍ലാന്‍ഡ് ആരോഗ്യ വകുപ്പ് പറയുന്നത്. എല്ലാവരെയും രോഗപരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലാത്തതിനാല്‍ രോഗബാധിതരുടെ എണ്ണം ഇനിയും കൂടാനാണ് സാധ്യതയെന്നാണ് അവര്‍ പറയുന്നത്.*

🅾️ *ലോകത്ത്​ കോവിഡ് 19 ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 21,200 ആയി. 468,905 പേര്‍ക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. ഇതില്‍ 114,218 പേര്‍ രോഗമുക്​തരായി. കോവിഡ് ഏറ്റവും നാശം വിതച്ച ഇറ്റലിയില്‍ മരണസംഖ്യ 7503 ആയി. 24 മണിക്കൂറിനിടെ 683 പേരാണ് ഇവിടെ മരിച്ചത്​. സ്പെയിനില്‍ 656 പേരും ഫ്രാന്‍സില്‍ 231 പേരും യു.എസില്‍ 164 പേരും ഇറാനില്‍ 143 പേരുമാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടു. 1063 രോഗബാധിതരുള്ള പാകിസ്​താനില്‍ ഒരാള്‍ മരിച്ചു. 91 പേര്‍ക്കാണ്​ പുതുതായി രോഗം കണ്ടെത്തിയത്​. ഇസ്രയേലില്‍ ഇന്നലെ മാത്രം 439 പേര്‍ക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 2369 ആയി. അഞ്ചുപേരാണ്​ ഇതുവരെ മരണ​പ്പെട്ടത്​*

*⚽ കായികം 🏏*
—————— >>>>>>>>>>

🅾️ *ഫുട്‌ബോള്‍ സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോബര്‍ട്ട് ലെവന്‍ഡോവിസ്‌കി, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്‌ തുടങ്ങിയവര്‍ക്കു പിന്നാലെ കൊറോണയ്‌ക്കെതിരായ പോരാട്ടത്തില്‍ സാമ്പത്തിക സഹായവുമായെത്തുന്ന കായിക താരങ്ങളുടെ എണ്ണമേറുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്നുള്ള ടെന്നിസ് താരം റോജര്‍ ഫെഡററാണ് ഇപ്പോള്‍ സംഭാവന നല്‍കാന്‍ രംഗത്തെത്തിയത്. ഫെഡററും ഭാര്യ മിര്‍ക്കയും ചേര്‍ന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ കൊറോണ വ്യാപനത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു മില്യന്‍ സ്വിസ് ഫ്രാങ്ക് (എട്ടു കോടിയോളം രൂപ) സംഭാവനയായി നല്‍കും. ഫെഡറര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡിനെതിരായ പോരാട്ടത്തില്‍ ഒരാള്‍പ്പോലും അവഗണിക്കപ്പെടാന്‍ പാടില്ലെന്ന് ഫെഡറര്‍ പറഞ്ഞു.വൈറസ് ബാധ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനങ്ങള്‍ക്കായാണ് സംഭാവനയെന്ന് വ്യക്തമാക്കിയ താരം, എല്ലാവരും ആവുന്നവിധം സഹായിക്കാനും ആഹ്വാനം ചെയ്തു. സ്വിറ്റ്‌സര്‍ലന്‍ഡിലാകെ ഇതുവരെ 10,000ത്തോളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 122 ആണ്.*

🅾️ *സമകാലിക ഫുട്‌ബോള്‍ ലോകത്തെ രണ്ടു തട്ടില്‍ നിര്‍ത്തുന്ന ചോദ്യമാണ് ആരാണ് കൂടുതല്‍ കേമന്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ? എന്നത്. ഈ മില്യണ്‍ ഡോളറിന്റെ ചോദ്യത്തിന് ഇതിഹാസ താരം പെലെയുടെ ഉത്തരം ഇതാണ്: മെസ്സിയേക്കാള്‍ കേമന്‍ റൊണാള്‍ഡോ തന്നെ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സ്ഥിരതയാണ് താരത്തെ മെസ്സിയേക്കാള്‍ കേമനാക്കുന്നതെന്നാണ് പെലെയുടെ വിശദീകരണം. അതേസമയം, എക്കാലത്തെയും മികച്ച താരം താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കാനും പെലെ മറന്നില്ല! ഒരു യൂട്യൂബ് ചാനലിലാണ് പെലെയുടെ പ്രതികരണം. ഇപ്പോഴത്തെ താരങ്ങളില്‍ റൊണാള്‍ഡോയ്ക്കാണ് അദ്ദേഹം പിന്തുണ നല്‍കിയതെങ്കിലും, ഇവരേക്കാള്‍ മികച്ച ഒരുപിടി താരങ്ങള്‍ ഫുട്‌ബോള്‍ ചരിത്രത്തിലുണ്ടെന്നും പെലെ അഭിപ്രായപ്പെട്ടു.മുന്‍ താരങ്ങളെ ആകെക്കൂടി പരിഗണിച്ചാല്‍ എക്കാലത്തെയും ഒന്നാമന്‍ താന്‍ തന്നെയാണെന്നും പെലെ അഭിപ്രായപ്പെട്ടു. ‘ഇത് ഉത്തരം നല്‍കാന്‍ ബുദ്ധിമുട്ടേറിയൊരു ചോദ്യമാണ്’ എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരം ആരെന്ന ചോദ്യത്തോട് പെലെ പ്രതികരിച്ചതിങ്ങനെ. ‘സീക്കോ, റൊണാള്‍ഡീഞ്ഞോ, റൊണാള്‍ഡോ (ബ്രസീല്‍) തുടങ്ങിയവരെ നമുക്കു മറക്കാനാകില്ല. യൂറോപ്പിലാണെങ്കില്‍ ഫ്രാന്‍സ് ബെക്കന്‍ബോവറും യൊഹാന്‍ ക്രൈഫുമുണ്ട്. ഒരു കാര്യം പ്രത്യേകം പറയാതിരിക്കാന്‍ നിവൃത്തിയില്ല. ഇവരേക്കാളുമൊക്കെ മികച്ച താരം പെലെ തന്നെയാണ്’ പെലെ പറഞ്ഞു.*

🅾️ *കോവിഡ്-19 ആശങ്കകള്‍ക്കിടെ ക്രിക്കറ്റ് ലോകത്തിനു തന്നെ മാതൃക കാണിച്ച്‌ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാരിന് തങ്ങളുടെ പകുതി ശമ്പളം സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങള്‍. ബംഗ്ലാദേശ് മാധ്യമം ധാക്ക ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് പ്രകാരം 27 താരങ്ങള്‍ തങ്ങളുടെ പാതി ശമ്ബളം സര്‍ക്കാരിന് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതില്‍ 17 താരങ്ങള്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്റെ കരാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. 10 പേര്‍ അടുത്ത കാലത്ത് ദേശീയ ടീമില്‍ കളിച്ചവരും. ഏകദേശം 23 ലക്ഷത്തോളം രൂപയാണ് ഇവര്‍ സര്‍ക്കാരിന് നല്‍കുക.*

🅾️ *മുന്‍വര്‍ഷങ്ങിലെ നഷ്ടക്കണക്കുകളുടെ ഭാരം പേറിയാണ് പുതിയ സീസണിന് സെവന്‍സ് വാതില്‍ തുറന്നത്. കമ്മിറ്റികളുടെ മുഖത്ത് ചിരിപടര്‍ത്തി ഇത്തവണ ലാഭം എത്തിത്തുടങ്ങി. വാണിയമ്പലത്ത്‌ നടന്ന ടൂര്‍ണമെന്റില്‍ ലാഭം 21 ലക്ഷം. എന്നാല്‍ ഈ ചിരി ദിവസങ്ങള്‍ക്കുള്ളില്‍ മാഞ്ഞു. കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ടൂര്‍ണമെന്റുകളെല്ലാം നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനം വന്നതോടെ സെവന്‍സിന് പൂര്‍ണ അടച്ചിടലായി. 15 ടൂര്‍ണമെന്റുകള്‍ ഇതിനിടയില്‍ തീര്‍ന്നു. അഞ്ചു ടൂര്‍ണമെന്റുകളാണ് പ്രതിസന്ധിയിലായത്. പെരുമ്പാവൂർ , ഒറ്റപ്പാലം, പാണ്ടിക്കാട്, വളാഞ്ചേരി, സുല്‍ത്താന്‍ബത്തേരി. ഇതില്‍ പാണ്ടിക്കാടും വളാഞ്ചേരിയും സെമി വരെ എത്തിയിരുന്നു.പെരുമ്പാവൂരില്‍ രണ്ടും ഒറ്റപ്പാലത്ത് ഒരു കളിയുമാണ് ആകെ നടന്നത്. എട്ടു ചാമ്പ്യൻഷിപ്പുകളാണ് നടത്താന്‍ ബാക്കിയുള്ളത്. അതില്‍ മണ്ണാര്‍ക്കാട്, എടപ്പാള്‍ എന്നിവിടങ്ങളില്‍ ഗാലറിനിര്‍മാണം പൂര്‍ത്തിയായി. ഈ ടൂര്‍ണമെന്റുകളെല്ലാം നിർത്തുമ്പോൾ ഒരു ലക്ഷം മുതല്‍ 10 ലക്ഷത്തിനുമുകളില്‍ നഷ്ടം വരുമെന്നാണ് സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്റെ കണക്ക്. സംഘടനയ്ക്ക് മൊത്തം ഒരു കോടിക്കുമുകളില്‍ നഷ്ടം ചുമക്കേണ്ടിവരും. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് സെവന്‍സ് കിക്കോഫ് നടത്താറ്. ലോക്ക്ഡൗണ്‍ 21 ദിവസം കഴിഞ്ഞ് അവസാനിച്ചാലും സെവന്‍സിന് രക്ഷ കാണുന്നില്ല. ഏപ്രില്‍ അവസാനം റംസാന്‍ വ്രതാരംഭം തുടങ്ങുന്നതോടെ സീസണ്‍ അവസാനിക്കും. ആഫ്രിക്കന്‍ താരങ്ങളാണ് സെവന്‍സ് ടൂര്‍ണമെന്റിന്റെ ആകര്‍ഷണം. ഏപ്രില്‍ വരെയാണ് ആഫ്രിക്കന്‍ താരങ്ങളുടെ വിസ കാലാവധി. രാജ്യം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ താരങ്ങളും ആശങ്കയിലായിട്ടുണ്ട്.*

🅾️ *രാജ്യത്ത് ലോക്ഡൗണ്‍ കാരണം പ്രയാസം അനുഭവിക്കുന്ന പാവപ്പെട്ടവര്‍ക്ക് 50 ലക്ഷം രൂപയുടെ അരി നല്‍കുമെന്ന് സൗരവ് ഗാംഗുലി. മുന്‍ ഇന്ത്യന്‍ നായകനും ബി.സി.സി.ഐ പ്രസിഡന്റുമായ ഗാംഗുലിയും ലാല്‍ ബാബ റൈസ് കമ്പനിയും ചേര്‍ന്നാണ് സര്‍ക്കാര്‍ സ്കൂളുകളില്‍ പാര്‍പ്പിച്ച പാവങ്ങള്‍ക്ക് അരി നല്‍കുക. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ആണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.*

 

You might also like

Leave A Reply

Your email address will not be published.


Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/thepeopl/...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/thepeopl/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51