05-01-1592 ഷാജഹാൻ – ജന്മദിനം

0

 

1628 മുതൽ 1658 വരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മുഗൾ സാമ്രാജ്യത്തിന്റെ ചക്രവർത്തിയായിരുന്നു ഷാജഹാൻ (പൂർണ്ണനാമം:ഷാബുദ്ദീൻ മൊഹമ്മദ് ഷാജഹാൻ) ), (ജീവിതകാലം:1592 ജനുവരി 5 – 1666 ജനുവരി 22). ലോകത്തിന്റെ രാജാവ് എന്നാണ്‌ ഷാജഹാൻ എന്ന പേർഷ്യൻ പേരിന്റെ അർത്ഥം. ബാബർ, ഹുമയൂൺ, അക്ബർ, ജഹാംഗീർ എന്നിവർക്കു ശേഷം അഞ്ചാമത്തെ മുഗൾ ചക്രവർത്തിയായിരുന്നു ഷാജഹാൻ.

ഷാജഹാൻ ചക്രവർത്തിയുടെ കാലഘട്ടം മുഗൾ വാസ്തുവിദ്യയുടെ സുവർണ്ണ കാലഘട്ടമെന്ന് അറിയപ്പെടുന്നു. മുഗൾ വാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായ താജ് മഹൽ, ആഗ്രയിലെ മോത്തി മസ്‌ജിദ്, ദില്ലിയിലെ ചെങ്കോട്ട, ജുമാ മസ്‌ജിദ് എന്നിവ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇപ്പോൾ പഴയ ദില്ലി എന്നറിയപ്പെടുന്ന ഷാജഹാനാബാദ് നഗരം സ്ഥാപിച്ചതും അദ്ദേഹമാണ്.വാസ്തുവിദ്യയിൽ തനിക്കുള്ള താല്പര്യം പതിനാറാമത്തെ വയസ്സിൽ ആഗ്രകോട്ടയിലെ കെട്ടിടങ്ങളുടെ പുനർനിർമ്മാണത്തിലൂടെ അദ്ദേഹം തെളിയിച്ചു. തന്റെ പ്രിയപ്പെട്ട വേനൽക്കാല വിശ്രമസ്ഥലമായ കാശ്മീരിൽ 777 ഉദ്യാനങ്ങൾ ഷാജഹാൻ പണിയിച്ചിരുന്നതായി പറയപ്പെടുന്നു. ഇതിൽ ചിലതെല്ലാം ഇപ്പോഴും സഞ്ചാരികളെ ആകർഷിച്ചുകൊണ്ട് നിലനിൽക്കുന്നു.

*ആദ്യകാല ജീവിതം*

ജനനം, ബാല്യം
1592 ജനുവരി 5 ന് ജെഹാംഗീറിന്റേയും മനമഥി രാജകുമാരിയുടേയും മൂന്നാമത്തെ മകനായാണ് ഷാജഹാൻ ജനിച്ചത്. ഷാബുദ്ദീൻ മൊഹമ്മദ് ഖുറാം എന്നതായിരുന്നു ജനനസമയത്തിട്ട പേര്. മുത്തച്ഛനായിരുന്ന അക്ബർ ചക്രവർത്തിയായിരുന്നു ഖുറാം എന്ന പേരു കൂടി ചേർത്തത്. ഖുറാമിന് ആറു ദിവസം മാത്രം പ്രായമുള്ളപ്പോൾ പെറ്റമ്മയിൽ നിന്നും വേർപെടുത്തപ്പെട്ടു, കുഞ്ഞ് പിന്നീട് വളർ‍ന്നത് അക്ബറിന്റെ സന്തതിയില്ലാതിരുന്ന ഭാര്യ റുഖിയ സുൽത്താൻ ബീഗത്തിന്റെയൊപ്പമാണ്. റുഖിയ ഷാജഹാന്റെ വാത്സല്യത്തോടെ തന്നെ വളർത്തി.

ഒരു രാജകുമാരനു ലഭിക്കേണ്ടുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഷാജഹാനു ലഭിക്കുകയുണ്ടായി. ആയോധനകലകളിലും, കവിതയിലും, സംഗീതത്തിലും നല്ല രീതിയിലുള്ള ശിക്ഷണം മുത്തച്ഛന്റേയും റുഖിയയുടേയും മേൽനോട്ടത്തിൽ ഷാജഹാനു ലഭിച്ചു. തന്റെ സാമ്രാജ്യത്തിന്റെ ചെങ്കോൽ ഏൽപ്പിച്ചുകൊടുക്കാനുള്ള കഴിവുകളുള്ള മക്കൾ അക്ബറിനുണ്ടായിരുന്നില്ല, അദ്ദേഹത്തിന്റെ എല്ലാ പുത്രന്മാരും മദ്യത്തിനടിമകളായിരുന്നു. അതുകൊണ്ടു തന്നെ ഷാജഹാന്റെ കാര്യത്തിൽ ചക്രവർത്തിക്ക് പ്രത്യേക താൽപര്യമുണ്ടായിരുന്നു. ഷാജഹാനു കേവലം പതിമൂന്നു വയസ്സുള്ളപ്പോൾ അക്ബർ ചക്രവർത്തി ശയ്യാവലംബിയായി മാറി. കൊച്ചു ഷാജഹാൻ മുത്തച്ഛന്റെ രോഗശയ്യക്കടുത്തു നിന്നും മാറാതെ നിന്നു. അക്ബറിന്റെ മരണത്തോടെ പിതാവായ ജഹാംഗീർ അടുത്ത കീരീടാവകാശിയായി. എന്നാൽ ഷാജഹാന് ഭരണത്തിൽ താൽപര്യമുണ്ടായിരുന്നില്ല. രാജഭരണത്തിലോ, അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലോ തെല്ലും താൽപര്യം പ്രകടിപ്പിക്കാതെ സംഗീതത്തിലും, പരിശീലനത്തിലുമായി കഴിയുകയായിരുന്നു ഷാജഹാൻ.

*വിവാഹം*

1607 ൽ കേവലം പതിനഞ്ച് വയസ്സുള്ളപ്പോൾ ഷാജഹാന്റെ വിവാഹനിശ്ചയം നടന്നു. അക്ബർ രാജകുടുംബവുമായി ഏറെ നാളത്തെ ബന്ധമുള്ള ഒരു പേർഷ്യൻ കുടുംബത്തിലെ പെൺകുട്ടിയായിരുന്നു വധു. വിവാഹ നിശ്ചയസമയത്ത് അർജുബാന്ദ് ബാനു ബീഗത്തിന് കേവലം പതിനാലു വയസ്സായിരുന്നു പ്രായം. അർജുബാന്ദിന്റെ അടുത്ത ബന്ധുക്കൾ അക്ബറിന്റെ രാജസദസ്സിലെ വളരെ പ്രധാനപ്പെട്ട ഉദ്യോഗങ്ങൾ വഹിച്ചിരുന്നവരായിരുന്നു. അനുകൂല സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടുപോലും, ഈ വിവാഹം നടന്നില്ല. ഈ സമയത്ത് ഷാജഹാൻ ഹിന്ദു മതത്തിൽപ്പെട്ട മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കുകയുണ്ടായി. ഇവർക്ക് ഒരു കുട്ടി ജനിച്ചിരുന്നുവെങ്കിലും, ജനനത്തോടെ ആ കുട്ടി മരണമടയുകയായിരുന്നു.

രാജകുമാരന് ഇക്കാലയളവിൽ ഭരണരംഗത്ത് കൂടുതൽ അധികാരങ്ങൾ ലഭിച്ചു തുടങ്ങി. ഒന്നിലേറെ പ്രവിശ്യകളുടെ മേൽനോട്ടക്കാരനാവുകയും, സൈന്യത്തിൽ കൂടുതൽ ഉയർന്ന പദവിയിലേക്ക് പ്രവേശിക്കുകയും ചെയ്തു. 1612 ൽ തന്റെ ഇരുപതാമത്തെ വയസ്സിലാണ് ഷാജഹാൻ നേരത്തേ വിവാഹനിശ്ചയം കഴിഞ്ഞ് അർജുബാദ് ബീഗത്തെ വിവാഹം കഴിക്കുന്നത്. വിവാഹശേഷം ഷാജഹാൻ ആണ് അർജുബാദിന് മുംതാസ് മഹൽ എന്ന പേരു നൽകുന്നത്. മുംതാസ് മഹൽ കാര്യപ്രാപ്തിയുള്ള ഒരു സ്ത്രീയായിരുന്നു. ഭർത്താവിനെ ഭരണപരമായ കാര്യങ്ങളിൽ ഇവർ ഉപദേശിച്ചിരുന്നു, കൂടാതെ പ്രധാനപ്പെട്ട സന്ദർഭങ്ങളിൽ മാനസിക പിന്തുണയും നൽകിയിരുന്നു. ഈ ദാമ്പത്യത്തിൽ പതിനാലു കുട്ടികൾ ജനിച്ചുവെങ്കിലും, ഏഴു പേർ മാത്രമേ ജീവിച്ചിരുന്നുള്ളു. ബാക്കിയുള്ളവരെല്ലാം കുഞ്ഞിലേ തന്നെ മരണമടഞ്ഞു. പതിലാമാത്തെ കുട്ടിയുടെ ജനനത്തോടെ മുംതാസ് മഹൽ മരണമടഞ്ഞു. ഷാജഹാന്റെ മറ്റു ഭാര്യമാരിൽ കുട്ടികൾ പാടില്ല എന്ന് മുംതാസ് ഷാജഹാനോട് ആവശ്യപ്പെട്ടിരുന്നതായും, ഷാജഹാൻ അതനുസരിച്ചതായും പറയപ്പെടുന്നു.

മുംതാസ് മഹലിന്റെ മരണം ഷാജഹാനെ ആകെ തളർത്തിയിരുന്നു. തപ്തി നദിക്കരയിലുള്ള ഒരു ഉദ്യാനത്തിലാണ് ആദ്യം മുംതാസിന്റെ മൃതദേഹം അടക്കം ചെയ്തത്. പിന്നീട് താജ് മഹൽപണി പൂർത്തിയായിക്കഴിഞ്ഞപ്പോൾ മൃതദേഹം ഇവിടെ വീണ്ടും ശവസംസ്കാരചടങ്ങുകൾ നടത്തി അടക്കം ചെയ്തു. മുംതാസ് മഹലിന്റെ മരണശേഷം ഷാജഹാൻ വീണ്ടും വിവാഹം ചെയ്തുവെങ്കിലും, ഒരു രാജപത്നി എന്നതിലുപരി മറ്റൊരു അവകാശങ്ങളോ അധികാരങ്ങളോ ഇവർക്കാർക്കും ഉണ്ടായിരുന്നില്ല.

*സൈന്യാധിപൻ*

ഷാജഹാന് ആറു വയസ്സുള്ളപ്പോൾ പിതാവ് ജഹാംഗീർ ഷാജഹാനെ തന്റെ കൂടെ യുദ്ധത്തിനായി അയക്കണമെന്ന് അക്ബറിനോട് ആവശ്യപ്പെടുകയുണ്ടായി. എന്നാൽ ഷാജഹാനെ ഒരു യോദ്ധാവെന്നതിലുപരി മുഗൾ സാമ്രാജ്യത്തിന്റെ പിൻഗാമിയാക്കാനാണ് താൻ താൽപര്യപ്പെടുന്നതെന്നു പറഞ്ഞ് അക്ബർ ആ ആവശ്യം നിരാകരിക്കുകയായിരുന്നു. രാജ്പുത് സംസ്ഥാനത്തിനെതിരേ പടനയിച്ചാണ് ഷാജഹാൻ തന്റെ സൈനിക നേതൃത്വ കഴിവുകളുടെ മാറ്റുരച്ചത്. രണ്ടു ലക്ഷം സൈനികരടങ്ങുന്ന ഒരു സേനയാണ് ഷാജഹാന്റെ കീഴിൽ അണിനിരന്നത്. ഒരു കൊല്ലക്കാലം നീണ്ടു നിന്ന യുദ്ധത്തിനൊടുവിൽ മഹാറാണ അമർസിങ് രണ്ടാമൻ ഷാജഹാനു കീഴടങ്ങുകയായിരുന്നു. രാജ്പുത് സംസ്ഥാനം പിന്നീട് മുഗൾ സാമ്രാജ്യത്തിന്റെ മേൽക്കോയ്മ അംഗീകരിച്ചു.

1617 ൽ ഡെക്കാനിലെ ലോധിയെ കീഴടക്കാൻ ജഹാംഗീർ ഖുറാമിനെ നിയോഗിച്ചു. ദക്ഷിണ അതിർത്തിയിലെ പ്രശ്നങ്ങൾ തീർത്ത് അവിടം മുഗൾ സാമ്രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം. ഈ വിജയത്തോടെ ജഹാംഗീർ ആണ് ഖുറാമിന് ഷാജഹാൻ ബഹാദൂർ എന്ന പേരു നൽകുന്നത്. തന്റെ ദർബാറിൽ ഒരു വിശേഷസ്ഥാനം നൽകി ആദരിക്കുകയും ചെയ്തു. സൈന്യത്തിൽ ഷാജഹാന്റെ പദവി ഉയർത്തുകയും കൂടി ചെയ്തു.

സൈനിക നീക്കം
സഹോദരന്മാരേയും, പിതാമഹരേയും ചതിച്ചും കൊലപ്പെടുത്തിയും ഒക്കെയാണ് മുഗൾ സാമ്രാജ്യത്തിൽ അധികാരമേറ്റെടുക്കൽ നടന്നിട്ടുള്ളത്. ഷാജഹാന്റെ കാലത്തും ഇത്തരം സാഹചര്യങ്ങളാണ് നിലവിലിരുന്നത്. സിംഹാസനത്തിനുവേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവരായിരുന്നു മുഗൾ വംശജർ. 1611 ൽ ഷാജഹാന്റെ പിതാവ് ജഹാംഗീർ നൂർജഹാൻ എന്ന വിധവയെ വിവാഹം കഴിച്ചിരുന്നു. നൂർജഹാനും സഹോദരൻ അസഫ് ഖാനും ചേർന്ന് ജഹാംഗീറിന്റെ കൊട്ടാരത്തിലും, ഭരണരംഗത്തും ചെറുതല്ലാത്ത സ്വാധീനം ചെലുത്തിയിരുന്നു. അസഫ് ഖാന്റെ മകളായിരുന്നു ഷാജഹാന്റെ ഭാര്യയായി തീർന്ന മുംതാസ് മഹൽ. നൂർജഹാന്റെ ആദ്യ വിവാഹത്തിലുള്ള മകളെ, ഷാജഹാന്റെ ഇളയ സഹോദരനെകൊണ്ട് വിവാഹം കഴിപ്പിക്കാൻ നൂർജഹാൻ ശ്രമിച്ചു. നൂർജഹാന്റെ തന്ത്രങ്ങൾ ഷാജഹാനെക്കൊണ്ട് തന്റെ പിതാവായ ജഹാംഗീറിനെതിരേ പടനയിക്കുന്നതിൽ വരെ കൊണ്ടെത്തിച്ചു.

1622 ൽ നടന്ന ഈ മുന്നേറ്റം ജഹാംഗീർ തടയുകയും, ഷാജഹാൻ നിരുപാധികം പിതാവിനു മുന്നിൽ കീഴടങ്ങുകയും ചെയ്തു. 1627 ൽ ജഹാംഗീർ ചക്രവർത്തി മരണമടയുകയും, അടുത്ത കിരീടാവകാശിയായിരുന്ന ഷാജഹാൻ അധികാരമേറ്റെടുക്കുകയും ചെയ്തു. തന്റെ പേരിനെ അന്വർത്ഥമാക്കുന്ന നടപടികളായിരുന്നു അധികാരമേറ്റയുടൻ ഷാജഹാൻ നടപ്പിലാക്കിയത്. തന്റെ സ്ഥാനാരോഹണത്തിനു എതിരുനിന്നവരെയെല്ലാം ഷാജഹാൻ വകവരുത്തി. രണ്ടാനമ്മയായ നൂർജഹാനെ കാരാഗൃഹത്തിലടച്ചു. അതുചെയ്യാതെ തനിക്ക് സമാധാനമായി ഭരിക്കാനാവില്ല എന്ന് ഷാജഹാൻ കരുതിയിരിക്കണം.

ചക്രവർത്തി
മുഗൾ സാമ്രാജ്യ ഭരണം

ഷാജഹാൻ തന്റെ ദർബാറിൽ
ജഹാംഗീറിന്റെ ഭരണകാലത്ത് മുഗൾ സാമ്രാജ്യം താരതമ്യേന സമാധാനപരമായിരുന്നുവെങ്കിലും, ഭരണത്തിന് വെല്ലുവിളികൾ ഉണ്ടായിരുന്നു. 1634 ൽ ഷാജഹാന്റെ നേതൃത്വത്തിൽ മുഗൾ സൈന്യം സിഖ് സാമ്രാജ്യത്തെ ആക്രമിച്ചു. മുഗൾ സൈന്യത്തേക്കാൾ തീരെ ചെറുതായിരുന്നു സിഖ് സൈന്യമെങ്കിലും അവർ ധീരമായ ചെറുത്തുനിൽപ്പാണ് നടത്തിയത്. സിഖ് സേനയെ നയിച്ചത് ഗുരു ഹർഗോബിന്ദ് ആയിരുന്നു, ഈ യുദ്ധത്തിൽ മുഗൾ സൈനിക തലവനായിരുന്ന മുഖ്ലിസ് ഖാൻ കൊല്ലപ്പെട്ടു. ഷാജഹാന്റെ നേതൃത്വത്തിൽ മുഗൾ സാമ്രാജ്യം ക്രമേണ വളരുകയായിരുന്നു. കലയും, കലാകാരന്മാരേയും കൊണ്ട് സമ്പുഷ്ടമായിരുന്നു ഷാജഹാന്റെ കീഴിൽ മുഗൾ സാമ്രാജ്യം. ലോകത്തിലെ മികച്ച കലാകാരന്മാരും, ശിൽപികളും അന്ന് ഇന്ത്യയിലായിരുന്നു. ഷാജഹാൻ ഇവരെയെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചിരുന്നു.

1638 മുഗൾ ഭരണസിരാകേന്ദ്രം ഷാജഹാൻ ആഗ്രയിൽ നിന്നും ഡൽഹിയിലേക്കു മാറ്റി. ഷാജഹാന്റെ ഭരണകാലത്ത് നീതിനിഷേധങ്ങൾ കുറവായിരുന്നു എന്നു പറയപ്പെടുന്നു. സ്വന്തം ജോലിക്കാരെപ്പോലും ബഹുമാനിച്ചിരുന്ന ഒരു ഭരണാധികാരിയായിരുന്നു ഷാജഹാൻ.

സൈനിക വിജയങ്ങൾ
ഷാജഹാന്റെ കാലത്ത് ഡെക്കാനിലെ ആക്രമണങ്ങൾ തുടർന്നു. അഫ്ഘാൻ പ്രഭു ഖാൻ ജഹാൻ ലോധി അട്ടിമറിക്ക് ശ്രമിച്ചെങ്കിലും അതിനെ പരാജയപ്പെടുത്തി. അഹ്മദ് നഗറിനെതിരെ ആക്രമണം നടത്തി. ബണ്ഡെല രജപുത്രരെ പരാജയപ്പെടുത്തി ഓർഛ പിടിച്ചടക്കി. 1632-ൽ അഹ്മദ്നഗർ പൂർണമായും സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തു. 1627-ൽ പിതാവ്, ജഹാംഗീറിന്റെ അവസാനകാലത്ത് മുഗളരിൽ നിന്നും സഫവികൾ കൈയടക്കിയ കന്ദഹാർ, ഷാജഹാന്റെ കാലത്ത് 1637-ൽ മുഗളർ തിരിച്ചുപിടിച്ചു.. 1629-ൽ ആരംഭിച്ച സൈനികനീക്കമാണ് 1637-ൽ വിജയത്തിൽ കലാശിച്ചത്. മുഗളരോട് തോറ്റ കന്ദഹാറിലെ സഫവി ഗവർണർ നഗരം മുഗളർക്ക് അടിയറവക്കുകയായിരുന്നു. മുഗളർ തുടർന്ന് ഹിൽമന്ദിന്റെ തീരത്തുള്ള ഗിരിഷ്കും സമീൻ ദവാർ പ്രവിശ്യയും കരസ്ഥമാക്കി.

അക്ബറിന്റെ കാലം മുതൽക്കേ, വടക്കൻ അഫ്ഗാനിസ്താന്റെ മിക്ക ഭാഗങ്ങളും ഉസ്ബെക്കുകളുടെ നിയന്ത്രണത്തിലായിരുന്നു. ഇക്കാലത്ത് പലപ്പോഴും ഇവർ ഹിന്ദുകുഷ് കടന്ന് തെക്കുവശത്തും ആക്രമണങ്ങൾ നടത്തിയിരുന്നു. 1629-ൽ അവർ ബാമിയാൻ പിടിച്ചടക്കുകയും ചെയ്തിരുന്നു. കന്ദഹാർ പിടിച്ച് 2 വർഷത്തിനുശേഷം, ഷാജഹാൻ തന്റെ പുത്രൻ മുറാദിനെ അഫ്ഗാനിസ്താന്റെ വടക്കുകിഴക്കൻ മേഖലയിലുള്ള ബദാഖ്ശാൻ പിടിക്കാനായി പറഞ്ഞയക്കുകയും ഇതിൽ വിജയം കാണുകയും ചെയ്തു. ഇതിനു പുറമേ 1646-ൽ മുഗൾ സേന, ഷിബർഘാനിൽ വച്ച് ഉസ്ബെക്കുകളെ പരാജയപ്പെടുത്തി ബൽഖും തെർമെസും കീഴടക്കി വടക്കൻ അഫ്ഗാനിസ്താൻ പൂർണ്ണമായും നിയന്ത്രണത്തിലാക്കി. ഷാജഹാന്റെ മറ്റൊരു പുത്രനും പിൽക്കാലചക്രവർത്തിയുമായിരുന്ന ഔറംഗസേബും ഇവിടത്തെ മുഗൾ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. എങ്കിലും 1647 വരെ ഈ പ്രദേശങ്ങൾ മുഗൾ സാമ്രാജ്യത്തിനു കീഴിലായിരുന്നുള്ളൂ. ഗറില്ല യുദ്ധമുറയിലൂടെ ഉസ്ബെക്കുകൾ തിരിച്ചടിക്കുകയും വടക്കൻ അഫ്ഗാനിസ്താനിൽ നിന്നും പിന്മാറാൻ മുഗളരെ നിർബന്ധിതരാക്കുകയും ചെയ്തു. അങ്ങനെ മുഗൾ സൈന്യം ഓക്സസ് തടത്തിൽ നിന്നും 1648-ൽ കാബൂളിലേക്ക് പിൻ‌വാങ്ങി..

ഇതിനുപിന്നാലെ 1649 ഫെബ്രുവരിയിൽ സഫവി ഷാ അബ്ബാസ് രണ്ടാമൻ കന്ദഹാർ വീണ്ടും പിടിച്ചടക്കി. 1649-നും 1653-നും ഇടയിൽ ഔറംഗസേബിന്റേയും അദ്ദേഹത്തിന്റെ മൂത്ത ജ്യേഷ്ഠൻ ദാരാ ഷികൂഹിന്റേയും നേതൃത്വത്തിൽ കന്ദഹാർ തിരിച്ചുപിടിക്കാൻ മൂന്നുവട്ടം ശ്രമം നടത്തിയെങ്കിലും മുഗ്ഗളർക്ക് ഇതിൽ വിജയം വരിക്കാനായില്ല.

*ശിൽപ-കലാ രംഗത്തുള്ള സംഭാവനകൾ*

എല്ലാ മുഗൾരാജാക്കന്മാരും വാസ്തുവിദ്യയെ പ്രോത്സാഹിപ്പിച്ചിരുന്നവർ തന്നെയാണ്. ബാബറിന്റെയും, അക്ബറിന്റേയും കാലഘട്ടങ്ങൾ പ്രശസ്തമാണ്, എന്നാൽ ഷാജഹാന്റെ ഭരണകാലത്താണ് മുഗൾ വാസ്തുവിദ്യ അതിന്റെ പാരമ്യതയിൽ എത്തുന്നത്. രാജകീയ പ്രൗഢിയുള്ള താജ്മഹലാണ് അതിന്റെ ഏറ്റവും മികച്ച ഉദാഹരണം. കാലത്തിന്റെ കവിളിൽ വീണ ഒരു കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടാഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത്.ഷാജഹാന്റെ ദർബാറിൽ പല പ്രമുഖ സഞ്ചാരികളും അതിഥികളായിരുന്നു. ഷാജഹാന്റെ സദസ്സിൽ അദ്ദേഹമിരുന്നിരുന്ന മയൂരസിംഹാസനം അക്കാലത്ത് പ്രസിദ്ധമായിരുന്നു. സ്വർണ്ണംകൊണ്ട് പണിതീർത്തതായിരുന്നു ഇത്. കൂടാതെ വിലപിടിപ്പുള്ള ധാരാളം പവിഴങ്ങളും, രത്നങ്ങളും ഈ സിംഹാസനത്തിനു മോടി കൂട്ടാൻ വേണ്ടി ഉപയോഗിച്ചിരുന്നു. മുഗൾ കലാരംഗം അതിന്റെ പാരമ്യതയിലായിരുന്നു ഷാജഹാന്റെ കൊടിക്കീഴിൽ. ഇന്നും പ്രൌഢഗാംഭീര്യത്തോടെ നിൽക്കുന്ന ചെങ്കോട്ട, ഡൽഹിയിലെ ജുമാ മസ്ജിദ്, ലാഹോറിലെ ഷാലിമാർ ഉദ്യാനം, ജഹാംഗീറിന്റെ ശവകുടീരം എന്നിവയെല്ലാം മുഗൾ കാലഘട്ടം ശിൽപരംഗത്ത് നൽകിയ സംഭാവനകളുടെ ഉദാഹരണങ്ങളാണ്.

*അവസാനകാലം*

1657-58 കാലത്ത് പിന്തുടർച്ചാവകാശത്തിനഅയി ഷാജഹാന്റെ മക്കൾക്കിടയിൽ തന്നെ കലഹം നടന്നു. ബംഗാൾ വൈസ്രോയ് ആയിരുന്ന ഷുജ, ഗുജറാത് വൈസ്രോയ് ആയിരുന്ന മുറാദ് ബക്ഷ് തുടങ്ങിയവർ ആഗ്രയിലേക്ക് സൈനിക നീക്കം നടത്തി. മുഗൾ സാമ്രാജ്യത്തിന്റെ സിംഹാസനമായിരുന്നു എല്ലാവരുടേയും ലക്ഷ്യം. എന്നാൽ ആഗ്രയിൽ സൈന്യത്തിന്റെ തലവനായിരുന്ന ഔറംഗസേബിന് ഇവരെ പരാജയപ്പെടുത്താൻ വളരെ ക്ലേശിക്കേണ്ടി വന്നില്ല. അങ്ങനെ ഈ കുടുംബകലഹത്തിൽ മേൽക്കൈ നേടിയ ഔറംഗസേബ് തന്റെ സഹോദരന്മാരെ മൂന്നു പേരേയും വകവരുത്തുകയും, ഷാ ജഹാനെ ആഗ്ര കോട്ടയിൽ തടവിലാക്കുകയും ചെയ്തു. തന്റെ പ്രണയിനിക്കു വേണ്ടി പണിത സ്മാരകമായ താജ്മഹലും നോക്കി ശിഷ്ടകാലം മുഴുവൻ ഷാജഹാന്‌ ഈ തടവറയിൽ കഴിയേണ്ടി വന്നു

ഷാജഹാന്റെ മൂത്ത മകളായ ജഹനാരാ ബീഗം ആയിരുന്നു ഈ രോഗശയ്യയിൽ പിതാവിനെ ശുശ്രൂഷിച്ചിരുന്നത്. മുംതാസ് മഹലിന്റെ സ്വത്തിന്റെ ഭൂരിഭാഗവും ഷാജഹാൻ നീക്കിവെച്ചത് ജഹനാരാ ബീഗത്തിന്റെ പേരിലായിരുന്നു. ബാക്കി സ്വത്തുക്കൾ മറ്റുള്ള മക്കൾക്കായി വീതിച്ചു നൽകി. 1666 ജനുവരിയിൽ ഉദരരോഗം കൊണ്ട് ഷാജഹാന്റെ നില തീരെ വഷളായി. 22 ജനുവരി 1666 ന് അദ്ദേഹം മരിച്ചു. താജ് മഹലിൽ, തന്റെ പ്രിയ പത്നി മുംതാസ് മഹലിന്റെ കബറിടത്തിൽ ഷാജഹാനേയും അടക്കി.

*താജ് മഹൽ*

തന്റെ പത്നിയായിരുന്ന മുംതാസ് മഹലിന്റെ ഓർമ്മക്കായി ഷാജഹാൻ പണി കഴിപ്പിച്ചതാണ്‌ താജ് മഹൽ. ഈ മനോഹര കുടീരം ലോകമഹാദ്ഭുതങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഷാ ജഹാന്റെ ശവകുടീരവും താജ് മഹലിൽ തന്നെയാണ്‌. പേർഷ്യൻ,ഒട്ടോമൻ,ഇന്ത്യൻ,ഇസ്ലാമിക് എന്നീ വാസ്തുവിദ്യാ മാതൃകകൾ കൂടിച്ചേർന്നുണ്ടായ മുഗൾ വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ് താജ് മഹൽ. പൂർണമായും വെണ്ണക്കല്ലിൽ നിർമ്മിച്ച ഈ സ്മാരകം പൂർത്തിയാകാൻ ഇരുപത്തി രണ്ട് വർഷം എടുത്തു എന്നാണ് കണക്ക്.

1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ്‌ ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ്‌ താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. പതിനായിരക്കണക്കിന് തൊഴിലാളികൾ ചേർന്നാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. . ഉസ്താദ് അഹമ്മദ് ലാഹോറിയാണ് ഇതിന്റെ പ്രധാന ശില്പി.

*വിമർശനങ്ങൾ*

വിഖ്യാതമായ പല ചരിത്രസ്മാരകങ്ങളുടെ കർത്താവാണെങ്കിലും ഇവയുടെ നിർമ്മാണത്തിനായി ഖജനാവിലെ പണം ധൂർത്തടിച്ചതിന്റെ പേരിൽ മഹാത്മാഗാന്ധി അടക്കമുള്ള പ്രമുഖർ ഷാജഹാനെ വിമർശിക്കുന്നു. ഉദാഹരണത്തിന്‌ മയൂരസിംഹാസനത്തിന്റെ ഇന്നത്തെ വില 1999-ൽ കണക്കാക്കിയതനുസരിച്ച് ഏകദേശം 80 കോടി അമേരിക്കൻ ഡോളറിലധികം വരുന്നുണ്ട്. താജ് മഹൽ നിർമ്മിക്കാനെടുത്ത ചെലവിന്റെ ഏകദേശം ഇരട്ടിയായിരിക്കും ഇത് എന്നു കരുതുന്നു.

You might also like

Leave A Reply

Your email address will not be published.