സര്‍ക്കാരിന്റെയും സ്വകാര്യ മേഖലകളുടെയും സംയുക്ത ഇടപെടലിലൂടെ ടൂറിസം മേഖലയില്‍ വമ്ബിച്ച മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന് സഹകരണ – ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു

0

ആഗോള നിക്ഷേപക സംഗമം അസ്സെന്‍ഡ് -2020 ല്‍ കേരളത്തിലെ ടുറിസം വ്യവസായ രംഗത്തെ പുതിയ പദ്ധതിളെ കുറിച്ചുള്ള പാനല്‍ ചര്‍ച്ചയില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.

നിലവില്‍ കേരളത്തില്‍ ടൂറിസം മേഖല വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടൂറിസം മേഖലയില്‍ 520 പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. ഇതിന്റെ ഫലമായി ആഭ്യന്തര- വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. 2018 ല്‍ 15.6 ദശലക്ഷം ആഭ്യന്തര സഞ്ചാരികളും 1.09 ദശലക്ഷം വിദേശ വിനോദ സഞ്ചാരികളും കേരളത്തിലെത്തി. 2019 ല്‍ ഈ തോത് കുതിച്ചുയര്‍ന്നു. തദ്ദേശവാസികള്‍ക്ക് കൂടി പ്രയോജനകരമാകുന്ന രീതിയിലുള്ള ടുറിസം പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. നടപാക്കുന്ന പദ്ധതികളുടെ ഗുണവശം നാട്ടുകാര്‍ക്കും ലഭിക്കണം. ഇത് വഴി നാട്ടുകാരും ടൂറിസം വ്യവസായികളും തമ്മില്‍ നല്ലൊരു ബന്ധം വളരണം. അഭ്യസ്ത വിദ്യരായവര്‍ക്ക് തൊഴില്‍ സാധ്യതകളും വര്‍ധിക്കും. സംസ്ഥാനത്തെ ടുറിസം മേഖലയുടെ വളര്‍ച്ചക്ക് പ്രധാനപ്പെട്ട 3 പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

മലബാറിലെ ടൂറിസം സാധ്യതകളെ വിപുലീകരിക്കുന്ന മലബാര്‍ ടൂറിസം പദ്ധതി, മണ്‍സൂണ്‍ കാലഘട്ടത്തില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതി, സാഹസീക ടൂറിസത്തിന് പ്രാധാന്യം നല്‍കിയുള്ള പദ്ധതി എന്നിവയാണവ. പരിസ്ഥിതിയെ സംരക്ഷിച്ചും പ്രകൃതി സൗന്ദര്യം പ്രയോജനപ്പെടുത്തിയുമുള്ള ടൂറിസം പദ്ധതികള്‍ ജനകീയ ഇടപെടലിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഹര്‍ത്താലുകളും പണിമുടക്കുകളും ടൂറിസം മേഖലയെ ബാധിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. എന്നാല്‍ ഇതിന് അപവാദമായി ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടാകുന്നുണ്ടെങ്കിലും അതും അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

Leave A Reply

Your email address will not be published.