റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തിന്റെ നിശ്ചലദൃശ്യത്തെയും ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

0

കേരളത്തിന്റെ കലയും വാസ്തുശില്‍പ മികവുമായിരുന്നു പ്രമേയം. നേരത്തെ, ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മഹാരാഷ്ട്ര, ബംഗാള്‍ സംസ്ഥാനങ്ങളുടെ ടാബ്ലോ ഒഴിവാക്കിയത് സംബന്ധിച്ച്‌ വിവാദമുണ്ടായിരുന്നു. ഇതിനിടെയാണ് ഇടതുപക്ഷം ഭരിക്കുന്ന കേരളത്തെയും ഒഴിവാക്കിയത്.

പൗരത്വ ബില്‍ എതിര്‍ത്തതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബംഗാളിലെ പാര്‍ലമെന്ററികാര്യ മന്ത്രി തപസ് റോയ് കുറ്റപ്പെടുത്തി. രണ്ടു വട്ടം ചര്‍ച്ച നടത്തിയ ശേഷമാണ് ബംഗാളിന്റെ ടാബ്ലോ നിര്‍ദേശം തള്ളിയതെന്നും 2019ല്‍ ഇതേ മാനദണ്ഡം പിന്തുടര്‍ന്ന ശേഷമാണ് ബംഗാളിന്റെ ടാബ്ലോ ഉള്‍പ്പെടുത്തിയിരുന്നതെന്നും പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാതിരുന്നതിനാലാണ് ബംഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് പ്രതികരിച്ചു.

മുന്‍വിധികളോടെയാണ് കേന്ദ്ര സര്‍ക്കാര്‍ പെരുമാറുന്നതെന്ന് എന്‍സിപി നേതാവ് സുപ്രിയ സുളെ പറഞ്ഞു. മഹാരാഷ്ട്രയുടെയും ബംഗാളിന്റെയും ടാബ്ലോ ഒഴിവാക്കിയത് അവിടുത്തെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുപ്രിയ പറഞ്ഞു. റിപ്പബ്ലിക് ദിന പരേഡിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുള്‍പെടെ ആകെ 36 നിര്‍ദേശങ്ങളാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് ലഭിച്ചിരുന്നത്. വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമായി 24 നിര്‍ദേശങ്ങളും ലഭിച്ചു. ആകെ ലഭിച്ച 58 നിര്‍ദേശങ്ങളില്‍ 22 എണ്ണത്തിന് മാത്രമാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കിയത്.

You might also like

Leave A Reply

Your email address will not be published.