ഇന്ത്യയിലെ മതേതര സമൂഹം വർഗീയ മതവാദികൾ തകർക്കുന്നു

0

തീർത്തും ഭരഘടനാ വിരുദ്ധവും വിവേചനപരവും ആയ ഒരു നിയമം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നവരോളം അകറ്റി നിർത്തേണ്ടവരാണ് സമകാലിക പ്രശ്നങ്ങളെ രാഷ്ട്രീയ മുതലെടുപ്പായി കണ്ടുകൊണ്ട് എരിതീയിൽ എണ്ണ ഒഴിക്കാൻ ശ്രമിക്കുന്നവർ. രാജ്യം മുഴുവൻ ഒറ്റക്കെട്ടായി തെരുവുകളിലേക്ക് ഇറങ്ങുമ്പോഴാണ് ഇത്തരം ഭിന്നിപ്പുകൾ സൃഷ്ടിക്കാനുള്ള ശ്രമം ഉള്ളിൽ നിന്നും നടക്കുന്നത്. ഹിന്ദുത്വ ഭീകരതയ്ക്ക് മുസ്ലിംകളെ ഇരയാക്കുന്ന ഈ നിയമത്തിന്റെ ഭരണഘടനാ വിരുദ്ധത മനസിലാക്കിക്കൊണ്ട് തന്നെയാണ് നാനാതുറകളിലുള്ള മനുഷ്യർ അവരുടെ പല അഭിപ്രായ വ്യത്യാസങ്ങളേയും മാറ്റി വെച്ച് കൊണ്ട് ഐക്യപ്പെട്ടിരിക്കുന്നത്. ആ ഐക്യം RSS-നെയും ഹുന്ദുത്വ വാദികളെയും അസ്വസ്ഥരാക്കുന്നത് പോലെ തന്നെ പല മുസ്‌ലിം സാമുദായിക സംഘടകളെയും ഇന്ന് അസ്വസ്ഥരാക്കുന്നുണ്ട്‌.

രണ്ട് കൂട്ടരുടെയും രാഷ്ട്രീയം ഒന്നു തന്നെയാണ്- ഭിന്നിപ്പിന്റെയും കലാപത്തിന്റെയും രാഷ്ട്രീയം. ഇതിനെ ഒരു വർഗീയ പ്രശ്നമായി ഒതുക്കി, ഈ പ്രതിരോധ സമരങ്ങളെ മുസ്ലിങ്ങളുടേത് മാത്രമായി മാറ്റി, അതിലെ വ്യത്യസ്ത ധാരകളെ അവഗണിച്ചു കൊണ്ട് നീങ്ങുമ്പോൾ അവർ ലക്ഷ്യമിടുന്നത് ഈ നിയമത്തിന്റെ പിൻവലിക്കലോ, ഭരണഘടനയുടെ സംരക്ഷണമോ അടിച്ചമർത്തപ്പെട്ട മുസ്ലിംകൾ ഉൾപ്പെടെയുള്ള ജനവിഭാഗത്തിന്റെ സാമൂഹിക രാഷ്ട്രീയ മുന്നേറ്റങ്ങളോ അല്ല – മറിച്ച് വർഗീയ ശത്രുതയും കലാപവും ആണ്.

 

അതുകൊണ്ട് തന്നെയാണ് 30 വർഷങ്ങളിലേറെയായി അഭയാർത്ഥി ജനസമൂഹത്തിന് വേണ്ടി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന Ubais Sainulabdeen എന്ന മനുഷ്യാവകാശ പ്രവർത്തകനെ ഇന്ന് RSS ഏജന്റ് എന്നവർ വിളിക്കുന്നത്. പാകിസ്താനിലെ ഹിന്ദു അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചതിനാലാണ് ഈ മുദ്രകുത്തൽ. റോഹിൻഗ്യൻ അഭയാർത്ഥികൾക്ക് വേണ്ടി പ്രവർത്തിച്ചപ്പോൾ മുസ്ലിം തീവ്രവാദി എന്ന് മുദ്ര കുത്തിയ RSS രാഷ്ട്രീയത്തിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇത്. Ubais Sainulabdeen എന്ന വ്യക്തിയോ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘടനയോ പ്രവർത്തിക്കുന്നത് മതവിവേചനം വെച്ചുപുലർത്തിയല്ല. ശ്രീലങ്കൻ തമിഴ് അഭയാർഥികളിൽ നിന്ന് തുടങ്ങി പാക്കിസ്ഥാൻ ഹിന്ദു അഭയാർത്ഥികൾ, റോഹിൻഗ്യൻ അഭയാർത്ഥികൾ, ഇന്ത്യയിലെ internally displaced people അടങ്ങിയ വലിയ ഒരു ജനസമൂഹത്തെ സേവിക്കാൻ സാധിച്ചിട്ടുണ്ട്. വർഗീയതയുടെയും കലാപത്തിന്റെയും ദുരിതപൂർണ്ണ ജീവിതങ്ങളെ നേരിട്ട് കണ്ടിട്ടുണ്ട്. ഒരു തീപ്പൊരി കിട്ടിയാൽ ആളിപ്പടർത്താൻ ശ്രമിക്കുന്ന ഇത്തരം രാഷ്ട്രീയ മുതലെടുപ്പുകളുടെ ഇരകളെ സേവിച്ചിട്ടുണ്ട്. ഇതൊന്നും മതത്തിന്റെയോ ജാതിയുടെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ല ചെയ്തിട്ടുള്ളതും. മനുഷ്യൻ എന്ന അസ്തിത്വത്തെ മുറുക്കെ പിടിച്ചുകൊണ്ടു മാത്രമാണ്.

RSS- നെയും ഹിന്ദുത്വ വാദികളെയും വിമർശിക്കുമ്പോൾ പാകിസ്ഥാനിലേക്ക് പോകണം എന്ന അതെ രാഷ്ട്രീയ ചിന്താഗതിയാണ് ചില സാമുദായിക സംഘടനകളുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കുമ്പോൾ RSS ഏജന്റ് എന്ന് മുദ്രകുത്തുന്നത്. ഈ മുതലെടുപ്പിന്റെയും കലാപത്തിന്റെയും രാഷ്ട്രീയമല്ല ഇന്ന് ഇന്ത്യക്ക് വേണ്ടത്.

ലക്ഷക്കണക്കിന് മനുഷ്യരാണ് ഈ നിയമത്തിനെതിരെ തെരുവുകളിൽ ഇറങ്ങിയിരിക്കുന്നത് – അവരുടെ അസ്തിത്വത്തെയും നിലനില്പിനെയും സംരക്ഷിക്കുവാൻ, ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുവാൻ, അത് നൽകുന്ന അവകാശങ്ങളെ സംരക്ഷിക്കുവാൻ. തങ്ങളാലാവുന്ന രീതിയിൽ എല്ലാ ജനവിഭാഗങ്ങളും പ്രതിരോധിക്കുകയാണ്. ഐക്യപ്പെടുകയാണ്. ഇത്തരം നല്ല മുന്നേറ്റങ്ങളെ തളർത്തുവാനും വർഗീയതയ്ക്ക് വളം കൊടുക്കുവാനും ഉള്ളിൽ നിന്ന് ശ്രമിക്കുന്ന രാഷ്ട്രീയത്തെ നമ്മൾ തിരിച്ചറിയുക തന്നെ വേണം. അതിനെതിരെയും പ്രതിരോധ മതിലുകൾ സൃഷ്ടിക്കണം.

Junaid Veliancode
Independent human Rights activist

You might also like

Leave A Reply

Your email address will not be published.