നവംബർ 26 സ്ത്രീധന വിരുദ്ധ ദിനം

0

 

നവംബർ 26 ന് സ്ത്രീധന വിരുദ്ധ ദിനമായി ആചരിക്കും. സിനിമാതാരം ടൊവിനോ തോമസ് സ്ത്രീധന വിരുദ്ധ യജ്ഞത്തിന്റെ ഗുഡ് വിൽ അംബാസഡർ.

വിവാഹവുമായി ബന്ധപ്പെട്ട് നിർബന്ധിതമായോ മുൻ വ്യവസ്ഥകൾ പ്രകാരമോ നൽകുന്ന സമ്മാനമാണ് സ്ത്രീധനം ( Dowry). സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും സ്വീകരിക്കുന്നതും നിരോധിച്ചുകൊണ്ട്, സ്ത്രീധനം എന്ന ശാപത്തിന് ഇരയായിത്തീരുന്നവരുടെ മോചനം ലക്ഷ്യമാക്കി, കേന്ദ്ര സർക്കാറാണ് 1961-ൽ സ്ത്രീധന നിരോധന നിയമം ( Dowry Prohibition Act ) പാസ്സാക്കിയത്.

സംസ്ഥാനത്ത് അടുത്ത അഞ്ച് വർഷക്കാലം കൊണ്ട് സ്ത്രീധന സമ്പ്രദായം സമ്പൂർണമായും നിർമ്മാർജനം ചെയ്യാനുള്ള കഠിന പ്രയത്നത്തിലാണ് സംസ്ഥാന വനിത ശിശുവികസന വകുപ്പെന്ന് മന്ത്രി കെ കെ ശൈലജ അറിയിച്ചു.
സ്ത്രീധന പീഡനങ്ങളും സ്ത്രീധന മരണങ്ങളും വിവാഹ മോചനങ്ങളും രാജ്യത്ത് വർദ്ധിച്ച് വരുന്ന സാഹചര്യം അനുദിനം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സുപ്രധാന തീരുമാനത്തിന് വകുപ്പ് മുൻകൈയെടുക്കുന്നത്. സ്ത്രീധന നിർമ്മാർജന യജ്ഞത്തിന്റെ ഭാഗമായി 26ന് പാലക്കാട് ജില്ലയിൽ സംസ്ഥാന പരിപാടിയും മറ്റ് 13 ജില്ലകളിൽ ജില്ലാതലത്തിൽ പരിപാടികളും സംഘടിപ്പിക്കും. പാലക്കാട് നടക്കുന്ന സംസ്ഥാനതല പരിപാടിയിൽ സിനിമാതാരം ടൊവിനോ തോമസ് മുഖ്യ അതിഥിയായി പങ്കെടുക്കും.

സോഷ്യൽ മീഡിയയുടെ പിന്തുണയോടുകൂടി സ്ത്രീധനത്തിനെതിരെ വലിയ കാമ്പയിനും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി മീമീ മത്സരവും സംഘടിപ്പിച്ചു വരുന്നു. മികച്ച ട്രോളുകൾക്ക് പാലക്കാട് വച്ചു നടക്കുന്ന ചടങ്ങിൽ ടൊവിനോ തോമസ് സമ്മാനം നൽകും. ഇതുവരെ 10 ലക്ഷത്തിലധികം പേരിൽ ഈയൊരു സന്ദേശം എത്തിയിട്ടുണ്ട്. ഈ സംരംഭം വൻ വിജയമാക്കുന്നതിന് എല്ലാവിഭാഗം ജനങ്ങളുടെ പിന്തുണയും മന്ത്രി കെ കെ ശൈലജ അഭ്യർത്ഥിച്ചു. സ്ത്രീയും പുരുഷനും രാജ്യത്തിലെ തുല്യ പൗരന്മാരാണ്. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും കുറ്റകരമാണെങ്കിലും സ്ത്രീധന സമ്പ്രദായം ഇപ്പോഴും സമൂഹത്തിൽ ആഴത്തിൽ വേരോടുന്നുണ്ട്. അതിനാൽ തന്നെ യുവജനങ്ങളുടെ ഇടയിൽ ശക്തമായ അവബോധത്തിലൂടെ മാത്രമേ ഇതിനൊരു മാറ്റം വരുത്താൻ സാധിക്കുകയുള്ളൂ.

ഈയൊരു ലക്ഷ്യം മുൻനിർത്തി നിയമം കർശനമാക്കുന്നതോടൊപ്പം വിപുലമായ പരിപാടികളാണ് വനിത ശിശുവികസന വകുപ്പ് ആവിഷ്ക്കരിച്ചിരിക്കുന്നത്. 1961ൽ സ്ത്രീധന നിരോധന നിയമം നിലവിൽ വരികയും സംസ്ഥാന സർക്കാർ 1992ൽ ചട്ടങ്ങൾ രൂപീകരിക്കുകയും 2004ൽ പുതിയ വകുപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ട് ചട്ടം പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിൽ പോലും സ്ത്രീധന സമ്പ്രദായത്തിന് മാറ്റം വന്നിട്ടില്ല. മാത്രമല്ല ഗുരുതരമായ നിരവധി സാമൂഹിക പ്രശ്നങ്ങൾക്കും സ്ത്രീധനം കാരണമാകാറുണ്ട്.

 

You might also like

Leave A Reply

Your email address will not be published.