ഐ.എസ്.എല്‍. ടീമായ കേരള ബ്ലാസ്റ്റേഴ്സിനെ കൊച്ചിയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി
വിനോദനികുതി അടയ്ക്കാനാവശ്യപ്പെട്ട് കൊച്ചിന് കോര്പ്പറേഷന് ബ്ലാസ്റ്റേഴ്സിന് കത്ത് നല്കി. ഇത് അടക്കേണ്ടിവന്നാല്‍ ടിക്കറ്റ് നിരക്ക് കൂടും. ടീമിനെ കൊച്ചിയില്‍ നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ നീക്കത്തിന് പോലീസും സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എ.യെയും പൂര്‍ണ പിന്തുണ നല്‍കുമ്ബോഴാണ് പ്രതികാര നടപടിയുമായി കോര്പ്പറേഷന് രംഗത്തുവന്നത്.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും നിസ്സഹകരണം മൂലം കൊച്ചി വിടാന്‍ ബ്ലാസ്റ്റേഴ്സ് ഒരുങ്ങിയിരുന്നു. ഈ വിവരം ‘മാതൃഭൂമി’ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടുകയും കായികമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുകയുമുണ്ടായി. തുടര്‍ന്ന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍കുമാര്‍, കായികവകുപ്പ് ഡയറക്ടര്‍ ജറമി ജോര്‍ജ് എന്നിവര്‍ അംഗങ്ങളായ സമിതിയെ നിയോഗിച്ചു. സമിതിയുടെ പ്രവര്‍ത്തനം നടന്നുവരവെയാണ് കോര്‍പ്പറേഷന്റെ പുതിയ പ്രകോപനം.
നികുതിപിരിക്കേണ്ടത് കോര്‍പ്പറേഷന്റെ ഉത്തരവാദിത്വമാണെന്നും അതില്‍നിന്ന് പിന്നോട്ടുപോകില്ലെന്നും മേയര്‍ സൗമിനി ജയിന് നേരത്തേ മാതൃഭൂമിയോട് പറഞ്ഞിരുന്നു. സ്റ്റേഡിയത്തില്‍ മത്സരം നടത്തുന്നതിന് ഏതെല്ലാം നികുതികള്‍ അടക്കേണ്ടതുണ്ടോ അതെല്ലാം ബ്ലാസ്റ്റേഴ്സിനും ബാധകമാണെന്ന് മേയര്‍ പറഞ്ഞിരുന്നു. അടുത്ത സീസണില്‍ കുറെ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്താന്‍ ബ്ലാസ്റ്റേഴ്സിന് ആഗ്രഹമുണ്ട്. എ.പ്രദീപ്കുമാര്‍ എം.എല്‍.എ.യും കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും ടീമിനെ സ്വാഗതം ചെയ്തിട്ടുമുണ്ട്. പുതിയ സാഹചര്യം ഈ നീക്കത്തിന് ആക്കം കൂട്ടും.
തുടക്കത്തില്‍ നല്കിയ 300 കോംപ്ലിമെന്ററി ടിക്കറ്റകള്ക്കു പകരം കോര്പ്പറേഷന് ആവശ്യപ്പെട്ട 700 ടിക്കറ്റുകള്‍ നല്കാന് ബ്ലാസ്റ്റേഴ്സിനു കഴിയാതെ വന്നതോടെയാണ് തര്‍ക്കങ്ങള്‍ ആരംഭിച്ചത്. വിനോദനികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കേരള ഫുട്ബോളിനെ തളര്‍ത്താനുള്ള ഗൂഢാലോചനയാണെന്നും ഇതിനോട് പ്രതിഷേധിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്സ് ഒഫീഷ്യല്‍ ഫാന്‍ ക്ലബ്ബായ മഞ്ഞപ്പട വ്യക്തമാക്കി.

നീക്കം കേരള ഫുട്ബോളിനെ തളര്‍ത്താനുള്ള ഗൂഡാലോചന – മഞ്ഞപ്പട
പല പ്രതികൂല സാഹചര്യങ്ങളിലൂടെയാണ് ഒരു ക്ലബ് ഇന്ത്യയില്‍ മുന്നോട്ടു പോകുന്നത്. നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്ന പല പഴയ ക്ലബ്ബുകള്‍ക്കും എന്ത് സംഭവിച്ചു എന്ന് പരിശോധിക്കണം. ഒരു ക്ലബ്ബിനെ അതിന്റെ ആരംഭഘട്ടത്തില്‍ തന്നെ തളര്ത്തികളയാനെ കൊച്ചിന് കോര്‍പ്പറേഷന്റെ നീക്കം ഇടവരുത്തുകയുള്ളു. വിനോദ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കം കേരള ഫുട്ബോളിനെ തളര്‍ത്താനുള്ള ഗൂഡാലോചനയാണെന്നും ഇതിനോട് ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബ്ലാസ്റ്റേഴ്സ് ഒഫീഷ്യല്‍ ഫാന്‍ ക്ലബ്ബായ മഞ്ഞപ്പട വ്യക്തമാക്കി.