കേരളത്തിനു വേണ്ടി യുഎഇ പ്രസിഡന്റ് സ്വീകരിക്കുന്ന പണം സന്നദ്ധ സംഘടനകള്‍ വഴി ഉപയോഗപ്പെടുത്താന്‍ ചര്‍ച്ചകള്‍

0

യുഎഇ സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവം; കേരളത്തിനു വേണ്ടി യുഎഇ പ്രസിഡന്റ് സ്വീകരിക്കുന്ന പണം സന്നദ്ധ സംഘടനകള്‍ വഴി ഉപയോഗപ്പെടുത്താന്‍ ചര്‍ച്ചകള്‍; കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രവാസി ലോകത്തും അമര്‍ഷം പുകയുന്നു; സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് പറഞ്ഞ് തായ്‌ലാന്‍ഡും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സഹായിക്കാനുള്ള വിദേശ രാജ്യങ്ങളുടെ സന്നദ്ധതയെ ഇന്ത്യ വിലമതിക്കുന്നുവെന്ന് ഇതേക്കുറിച്ച്‌ വിശദീകരണം നല്‍കിയ വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. എന്നാല്‍, ദുരിതാശ്വാസ-പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ സ്വയം നിര്‍വഹിക്കുമെന്ന നയം ഇന്ത്യ തുടരുമെന്നും മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ദുരിതാശ്വാസ നിധികളിലേക്ക് പ്രവാസികളുടെയും വിദേശ ഇന്ത്യക്കാരുടെയും ഫൗണ്ടേഷനുകളടക്കമുള്ള അന്താരാഷ്ട്ര സംഘടനകളുടെയും സംഭാവന സ്വീകരിക്കുമെന്നും രവീഷ് കുമാര്‍ പറഞ്ഞു.കേരളത്തില്‍ പ്രളയമുണ്ടായതിന് പിന്നാലെതന്നെ സംസ്ഥാനത്തെ സഹായിക്കാന്‍ യു.എ.ഇ പ്രത്യേകം ശ്രമം തുടങ്ങിയിരുന്നു. അടിയന്തര ഫണ്ട് ശേഖരണവും ആരംഭിച്ചു. മലയാളികളായ പ്രവാസികളടക്കം ഈ നിധിയിലേക്ക് നല്‍കിയ സംഭാവനകള്‍ ഉള്‍പ്പെടെയാണ് 700 കോടി രൂപ നല്‍കുമെന്ന് യു.എ.ഇ. പ്രഖ്യാപിച്ചത്. കേരളം ഏറെ പ്രതീക്ഷയോടെ കേട്ട പ്രഖ്യാപനത്തെ മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ കേന്ദ്രം നിരസ്സിക്കുകയായിരുന്നു. കേരളത്തിനായി വിദേശ രാജ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന സഹായങ്ങള്‍ സ്‌നേഹപൂര്‍വം നിരസിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം എല്ലാ ഇന്ത്യന്‍ എംബസികള്‍ക്കും കത്തുനല്‍കിയിട്ടുമുണ്ട്.സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്ന് തായ്‌ലാന്‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വിദേശത്തുനിന്ന് വ്യക്തികള്‍ക്കോ സന്നദ്ധ സംഘടനകള്‍ക്കോ കേരളത്തെ സഹായിക്കുന്നതില്‍ തടസ്സമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എന്നാല്‍, രാജ്യങ്ങള്‍ നേരിട്ട് വാഗ്ദാനം ചെയ്യുന്ന സഹായങ്ങള്‍ സ്വീകരിക്കില്ല. കേരളത്തിലെയും മറ്റു സംസ്ഥാനങ്ങളിലെയും ജനങ്ങളും വിദേശ ഇന്ത്യക്കാരും ഒരുമിച്ച്‌ നിന്ന് സര്‍ക്കാര്‍ സംവിധാനത്തെ സഹായിക്കുന്നുണ്ടെന്ന് അവരോട് പറയണമെന്ന് എംബസികള്‍ക്ക് അയച്ച കത്തില്‍ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെടുന്നു.സഹായം ഇന്ത്യ നിഷേധിച്ചെങ്കിലും, അതിനെ മറികടക്കാനുള്ള ആലോചന പ്രവാസ ലോകത്ത് സജീവമാണ്. സന്നദ്ധ സംഘടനകള്‍്‌ക്കോ വ്യക്തികള്‍ക്കോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാമെന്ന പഴുതുപയോഗിച്ചാവും യു.എ.ഇ ഇനി അടുത്ത നടപടികള്‍ നീക്കുക. പ്രസിഡന്റിന്റെ ആഹ്വാനത്തെത്തുടര്‍ന്ന് ആരംഭിച്ച അടിയന്തര നിധിയിലേക്ക് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയടക്കമുള്ള പ്രവാസികള്‍ ഇതിനകം വന്‍തുക സംഭാവന ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഈ പണം കേരളത്തിനായി വിനിയോഗിക്കാതിരിക്കാനും മാര്‍ഗമില്ല.കേരളത്തിലുണ്ടായ പ്രളയകക്കെടുതിയില്‍ യു.എ.ഇയുടെ നടുക്കവും ആശങ്കയും അബുദാബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായീദ് ബിന്‍ സുല്‍ത്താന്‍ അന്‍ നഹ്യാന്‍ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ച്‌ അറിയിച്ചിരുന്നു. സഹായ സന്നദ്ധതയും യു.എ.ഇ പങ്കുവെച്ചു. തങ്ങളുടെ ദുരിതാശ്വാസ ജീവകാരുണ്യ സ്ഥാപനങ്ങള്‍ കേരളത്തിനായി ആവുന്നതെല്ലാം ചെയ്യുമെന്നും അറിയിച്ചിട്ടുണ്ട്. വിദേശസഹായം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചതോടെ, ഇത്തരം സംഘടനകളിലൂടെ കേരളത്തെ സഹായിക്കാനാകും യു.എ.ഇ. ശ്രമിക്കുക. പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കേരളത്തെ സഹായിക്കാന്‍ യു.എ.ഇ പ്രഖ്യാപിച്ച 700 കോടിയുടെ സഹായമടക്കം വിദേശരാജ്യങ്ങളുടെ ധനസഹായങ്ങള്‍ സ്വീകരിക്കേണ്ടെനന്ന നിലപാടിലുറച്ചുനില്‍ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. പ്രളയം പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ രാജ്യം സന്നദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു. വിദേശ സഹായം സ്വീകരിക്കേണ്ടെന്ന കീഴ്‌വഴക്കം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ നടപടി. കേരളത്തിലും പ്രവാസി ലോകത്തും കടുത്ത പ്രതിഷേധത്തിനിടയാക്കിയ തീരുമാനത്തെ മറികടക്കാന്‍ യു.എ.ഇ അടക്കം ആലോചന തുടങ്ങിയിട്ടുണ്ട്.

You might also like

Leave A Reply

Your email address will not be published.